ഒന്ന്
കടുത്ത ചാര നിറത്തിലുള്ള ആകാശം നനഞ്ഞൊലിക്കുകയായിരുന്നു. മരങ്ങള്‍ക്ക് മേലേ നിന്ന ആവിയില്‍ പുതഞ്ഞ ഇരുട്ടിലേക്ക് മഴ കനക്കുന്നു. ആ ചാര നിറത്തിന്റെ ഇടയില്‍ വല്ല വിടവുകളുമുണ്ടോ? വെളിച്ചം ഏതിലൂടെയെങ്കിലും തുളച്ചു വരുന്നുണ്ടോ എന്ന് വിനു ആകാംക്ഷയോടെ നോക്കിനിന്നു. പക്ഷെ എവിടെയും വെളിച്ചം ഉണ്ടായിരുന്നില്ല. മഴയുടെ ശക്തി കൂടുകയായിരുന്നു. കാറ്റ് മൂളിക്കൊണ്ടിരുന്നു. മുളങ്കാടുകളെ കിടിലം കൊള്ളിച്ചു കൊണ്ട് ശരം പോലെ പാഞ്ഞുപോകുന്ന കാറ്റ് ഊക്കോടെ വീശുമ്പോള്‍ മഴയുടെ ശബ്ദം താളം തെറ്റിപ്പോകുന്നു. കാറ്റിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും മഴ..!! മഴയുടെ ശബ്ദം , മഴയുടെ താളം, വിനു ആകാശത്തേക്ക് നോക്കി അസ്വസ്ഥനായി നിന്നു. അലറിവരുന്ന മഴയ്ക്ക് നല്ല ഉശാറുണ്ട്. ചരിഞ്ഞാണ് ആകാശത്തുനിന്ന് മഴ വീഴുന്നത്. ഇറയില്‍നിന്ന് വെളളം മുറ്റത്തേയ്ക്ക് തെറിച്ചുകൊണ്ടിരുന്നു. ഓടിന്‍പുറങ്ങളില്‍ നിന്നും താഴേക്ക് വീഴുന്ന മഴതുള്ളികള്‍ക്ക് കയറിന്റെ വണ്ണം. മുറ്റത്ത് ആദ്യം വെള്ളത്തിന്റെ പാടപോലെ. പിന്നെ വെള്ളം പതുക്കെപ്പതുക്കെ പൊങ്ങിവന്നു. പൊങ്ങിയ വെള്ളത്തില്‍ വീര്‍ത്തുവരുന്ന നീര്‍പ്പോളകള്‍ മഴത്തുള്ളികള്‍ വീണ് പൊട്ടിപ്പോകുന്നു. മുറ്റത്തുനിന്ന് വെള്ളം വരമ്പുകഴിഞ്ഞ്, നടവഴികഴിഞ്ഞ്, വേലികടന്ന് നാല് വഴിക്കും നിന്നും ഉള്ള ഒഴുക്കില്‍ സംഗമിച്ചു കരഞ്ഞുപാഞ്ഞുപോകയാണ്. തണുത്ത കാറ്റ് മഴയെ ആട്ടിയോടിച്ചു. പെട്ടെന്ന് മഴ ഉറക്കെ കരയാന്‍തുടങ്ങി
ഞാന്‍ ഇറങ്ങായിട്ടോ അമ്മേ..!! ഇത് തോരുംന്ന് തോന്നണില്ല.
എന്താ ഇത് പേമാരി..!! സൂക്ഷിച്ച പോവുട്ടോ .. ചോറിന്റെ പൊതീണ്ട് ബേഗില് ബെച്ചിറ്റ്.
ഉം..ശെരി. ഞാന്‍ അങ്ങ് എത്തീറ്റ് ബിളിക്കാം.
വിനു മുറ്റത്തേക്ക് ഇറങ്ങി നടന്നു.നടവഴിയില്‍ തിരിഞ്ഞു നോക്കിയപ്പ്പോള്‍ മുണ്ടിട്ന്റെ അറ്റം കൊണ്ട് കണ്ണുകള്‍ തുടച്ച് ഉമ്മറകോലായില്‍ തൂണും പിടിച്ചു അമ്മ അവനെ നോക്കി നില്‍ക്കുവായിരുന്നു.
ഏടത്തേക്കാ പദ്മാവതി ഏടത്തി വിനു ഈ മയക്ക് പൊന്നെ കണ്ടേ?
പഴയ കോളേജില്‍ പോവ്വാ…ഓന്റെ ചങ്ങായിപുള്ളറെല്ലും ബെരുന്നുണ്ടോലും.മൂന്നാല് കൊല്ലായില്ലേ അങ്ങോട്ടെക്കെല്ലും പോയിറ്റ്.
ബണ്ട്യാപ്പീസില്‍ എത്തുംമ്പോളെക്കും ചണ്ടിപിണ്ടി ആവുവല്ലോ ഓന്‍..
പാടത്തിനു നടുവിലൂടെ നീണ്ടു കിടക്കുന്ന ചെമ്മണ്‍ പാത. ഏകദേശം പകുതി ദൂരം പിന്നിടുമ്പോള്‍ റെയില്‍ പാളങ്ങള്‍ കാണാം.പിന്നെ ഒര് അഞ്ച് മിനുട്ട് റെയില്‍ന് മുകളിലൂടെ നടക്കുമ്പോഴേക്കും സ്റേഷന്‍ ആവും. റോഡിലാകെ ചെളി നിറഞ്ഞിരിക്കുന്നു. പാളങ്ങളിലേക്ക് കയറുന്ന പാതയുടെ ഇടത്തുവശത്ത് താഴേക്ക് ക്ഷേത്രത്തിലേക്ക് പോകാനുള്ള വഴിയിലൂടെ മുണ്ടുംമാടി കുത്തി കുടയും ചൂടി ഒരാള്‍ മുകളിലേക്ക് കയറി വന്നു.വിനുവിന്റെ അടുത്തെതിയപ്പോള്‍ അയാള്‍ നിന്നു.
ഏട്ത്തേക്കാ വിനൂ…രാവിലെ ബേഗ് എല്ലും കൊണ്ട്
ഒന്ന് പാലക്കാട് വരെ പോവ്വാ…
എന്താ ബിശേഷം ?? കൂടെ പഠിച്ച ആര്ടെലും മംഗലം അയിനാ ??
ഇല്ല..പഴയ ചങ്ങായിമാരെല്ലും ഒരുമിച്ച് കൂടുന്നുണ്ട് അത്രേന്നെ.
കുമാരേട്ടാ ..അമ്മൂനെ ഇന്ന് അമ്മേന്‍റെ അടുക്ക കെടക്കാന്‍ പറഞ്ഞയക്കണം. ഞാന്‍ രണ്ടീസം കഴിഞ്ഞേ മടങ്ങുള്ളൂ..
ഹും..!! ശെരി, ഇന്ന് മയ നാള് ആന്നാ തോന്നുന്ന. കോളേജ്ന്നു ബെരുമ്പോ ഞാന്‍ ഓളോട് പറയാം.വിനു നടന്നോ.ഏറനാട് അല്ലെ. ബെരനായി..
ഒര് നീണ്ട ചൂളം വിളിയോടെ പുകചുരുളകള്‍ മുകളിലേക്ക് പായിച് ആകാശം മുഴുവന്‍ പൊട്ടി ഒലിക്കണ മഴയെ രണ്ടായി കീറിമുറിച്ച് തീവണ്ടി പതിയെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോറത്തിലേക്ക് കടന്നു വന്നു.
രണ്ട്
തീവണ്ടി മുറി ശൂന്യമായിരുന്നു. അസ്വസ്ഥമായ മനസിനെ ആരോടെങ്കിലും പങ്കുവെക്കാന്‍ വിനുവിന്റെ മനസ്സ് കൊതിച്ചു. വണ്ടിയും താനും മാത്രം ഒരുമിച്ചു സഞ്ചരിക്കുന്നു. തീവണ്ടി തനിക്ക് എത്രയോ സുഹൃത്തുക്കളെ തന്നിട്ടുണ്ട്. ഒരിക്കലും കാണില്ലാന്ന് വിചാരിച്ച എത്രയോ പേരെ വീണ്ടും കണ്ടുമുട്ടാന്‍ സഹായിച്ചിട്ടുണ്ട്. ഒര് പാട് ടിക്കറ്റ് പരിശോധകരെ നിന്ന നില്‍പ്പില്‍ കബളിപ്പിചിട്ടുണ്ട്. മുന്‍പ് തീവണ്ടി മുറികള്‍ ഒരു വീട് പോലെ ആയിരുന്നു. കയറേണ്ട താമസം അത് വീടായി. എവിടേക്കാ..? എങ്ങോട്ടേക്കാ..? ഇതാ ഇവിടിരുന്നോളൂ… എന്നൊക്കെ പറയനാനും ചോദിക്കാനും ഒര് പാട് പേരുണ്ടാവും.
വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ ആദ്യത്തെ സഹയാത്രിക കടന്നുവന്നു. വന്ന ഉടനെ ബാഗുകള്‍ ഒതുക്കിവെച്ചു. ശ്രദ്ധാപൂര്‍വം ഹാന്‍ഡ് ബാഗ് തുറന്നു ഒര് വലിയ ഇംഗ്ലീഷ് ബുക്ക് എടുത്തു. ഇനി മറ്റൊന്നും കേള്‍ക്കരുത് എന്ന് കരുതി പിന്നെ ഒര് ഇയര്‍ ഫോണ്‍ എടുത്തു ചെവിയില്‍ തിരുകി ഏതോ സംഗീതത്തില്‍ ലയിച്ചു പതിയെ ആ അക്ഷരങ്ങളിലേക്ക് മുഴുകി.
അടുത്ത സ്റേഷന്‍ ആയപ്പോള്‍ രണ്ടാമനും പിന്നാലെ മൂന്നാമനും കയറിവന്നു. ഇനി മറ്റൊന്നും കാണരുത് എന്നു ഉറപ്പിച്ചപോലെ. രണ്ടാമന്‍ സാവധാനം ലാപ്ടോപ്പ് എടുത്തു തുറന്ന് മടിയില്‍ വെച്ചു പിന്നെ വിരലോടിച്ചു കൊണ്ടിരുന്ന മെല്ലെ മെല്ലെ മറ്റേതോ ലോകത്തിലേക്ക് ഊളിയിട്ടിറങ്ങി. മൂന്നാമന്‍ കീശയിലെ പൊതിയില്‍ നിന്ന്‍ എന്തോ എടുത്തു സാവധാനം ഉള്ളം കയ്യിലിട്ട് തിരുമ്മി. മെല്ലെ ചുണ്ടുകള്‍ വിടര്‍ത്തി അവിടെ നിക്ഷേപിച്ചു. ചുണ്ടുകള്‍ മുറുക്കി അടച്ചു. ഇനി അവന് ഒന്നും മിണ്ടാന്‍ തോന്നില്ല ഉറപ്പാണ്.
അവരുടെ പ്രശങ്ങല്‍ക്കെല്ലാം പരിഹാരം ആയിരിക്കുന്നു. കുന്നുകളും പര്‍വതങ്ങളും തുരന്നു , പാലങ്ങളും പുഴകളും കടന്ന് ഒരു ഗുണനചിഹ്നത്തില്‍ അവസാന കംപാര്‍ട്ടുമെന്റും അകലേക്ക് മറയുന്നു. അയാള്‍ ഒര് യാത്രയില്‍ ആണ്. അയാളെ പോലെ ഒരായിരം പേരും.
എവിടെയെത്തി….?
പയ്യന്നൂര്‍ ആവണതെ ഉള്ളൂ. അരമണിക്കൂര്‍ ലെയ്റ്റാണ്….
ഹം…എത്ര മണിക്കെത്തും..?
എട്ട് മണിക്കൂറോളം വേണ്ടിവരും..
അപ്പൊ വൈകുന്നേരമാവും അല്ലേ..
ഭക്ഷണം ഒക്കെ പൊതിഞ്ഞെടുതിട്ടുണ്ടോ ?
ഉം ..!! അമ്മ തന്നു വിട്ടിട്ടുണ്ട്.
ഹം..മഴയല്ലേ ഭക്ഷണം കഴിഞ്ഞ് ഒന്ന് ഉറങ്ങി എണീക്കുമ്പോഴേക്കും വണ്ടി ഇങ്ങ് എത്തും. നാല് മണി കഴിയുമ്പോള്‍ ഞാന്‍ ഇറങ്ങാം ഇവിടെ അച്ഛന്‍ മാത്രേ ഉള്ളൂ. പാറുന്റെ വീടിലേക്ക് പോണു എന്ന് പറയണം. അപ്പോള്‍ കുഴപ്പം ഉണ്ടാവില്ല. ഇവിടുന്നു നേരെ സ്റെഷനിലെക്ക് വരാം.നീ ഷൊര്‍ണൂര്‍ എത്തുമ്പോ വിളിക്ക്.
ശരി, ലോഡ്ജിന്റെ കാര്യം എന്ത് ചെയ്യണം ??
ഓണ്‍ലൈനില്‍ നോക്കിയത് തന്നെ മതി.റെയില്‍വേ സ്റെഷന് അടുത്തുള്ളത്.അത് ചീപ്പും ആണ്.
പ്രശ്നം ഒന്നും ഉണ്ടാവില്ലല്ലോ ??
നീ പേടിക്കാണ്ട് ഇരിക്ക്. പറഞ്ഞു പറഞ്ഞു എന്നെയും പേടിപ്പിക്കാതെ.നിന്റെ വിചാരം മാത്രേ ഉള്ളൂ എപ്പോളും ഒര് പാട് പറയാന്‍ ഉണ്ട്….
എനിക്കും ഉണ്ട് ഒരുപാട് പറയാന്‍. അമ്മ വീട്ടില്‍ ഒറ്റക്ക് ആയിട്ടും ഇത്രേം റിസ്ക് എടുത്തു അങ്ങോട്ടേക്ക് വരുന്നതും അതൊക്കെ ആഗ്രഹിച്ചാണ്.
ശരി ശരി, ഞാന്‍ താഴേക്ക് ഇറങ്ങുവാ.ഇനി കൊറേ നേരത്തേക്ക് ഫോണ്‍ കയ്യില്‍ ഉണ്ടാവില്ല. കുറച്ച് നേരം അച്ഛന്റെ അടുത്ത് ഇരിക്കണം..നീ ഷൊര്‍ണൂര്‍ എത്തുമ്പോ വിളിക്ക്ട്ടോ..
ശരി ശരി ബൈ ബൈ…Take Care
ബൈ.!!
മഴ അപ്പോളും തോരാതെ പെയ്തു കൊണ്ടിരിക്കുവാണ് ഒരിക്കലും അവരോഹണത്തെക്കുറിച്ച് ചിന്തിക്കാതെ, ഉയരങ്ങളിലേക്ക് വീണ്ടും ഉയരങ്ങളിലേക്ക്, ഒരു സാഹസികനായ മലകയറ്റകാരനെ പോലെ മഴ അങ്ങിനെ കയറി പോവുന്നു. പാറി വന്ന മഴ. പീലി വിരിച്ചു നൃത്തം വെക്കുന്ന ഉശിരന്‍ മഴ. സ്നേഹവും സ്വാന്തനവുമായ മഴ. മഴയില്ലാത്ത ഇടവപ്പാതി ദിവസങ്ങള്‍ വളരെ വിരസമാണ്. എല്ലാ മഴക്കാലങ്ങിളും വീടിലെ ഉമ്മറകോലായില്‍ കുത്തിയിരുന്ന് പെയ്യുന്ന മഴക്കൊപ്പം മനസിനെ വെറുതെ നനയാന്‍ വിടും. ആ നിമിഷം ബാക്കി ഉള്ള കാര്യങ്ങള്‍ എല്ലാം മറന്ന്നു പോവും. സീല്‍ക്കാരത്തോടെ പെയ്യുന്ന മഴ ആത്മാവിലേക്ക് ഇറങ്ങി ചെന്ന് വല്ലാത്തൊരു കുളിര് നല്‍കും. അപ്പോള്‍ ശരീരത്തിനും മനസിനും എന്തെന്നില്ലാത്ത സ്നേഹവും ഉന്മേഷവും തോന്നും. എല്ലാരോടും സംസാരിക്കാന്‍ തോന്നും. പല കഥകളും ഓര്‍മയില്‍ വരും. ആവി പതയുന്ന കാപ്പി ഊതി ഊതി കുടിച്ചു ശുദ്ധ സംഗീതത്തില്‍ പ്രണയ ഗാനങ്ങള്‍ കേട്ട് നിശ്ശബ്ദനാവും.
വണ്ടി മുന്നോട്ട് പാഞ്ഞു പോവുകയാണ്. പണ്ട് മറ്റു വണ്ടിക്ക് വഴിമാറി കൊടുക്കാന്‍ തീവണ്ടികള്‍ പിറകോട്ടും ഓടുമായിരുന്നു. വളരെ കൌതുകകരമായിരുന്നു ആ കാഴ്ച്ച. എന്നാല്‍ ഈ വണ്ടി പിന്നോട്ട് ഓടിയില്ല. എന്നാല്‍ മനസ് ഓടുകയാണ്.. പിറകിലേക്ക് ..വീണ്ടും പിറകിലേക്ക്..
രാവിലെ പെയ്യുന്ന മഴയില്‍ കിടക്കയില്‍ നിന്നും പുതപ്പു പൊക്കി നോക്കുമ്പോള്‍ പുറത്ത് നല്ല മഴയായിരിക്കും. ആ സമയത്ത് എഴുന്നേല്‍ക്കാന്‍ തന്നെ മടിയായിരിക്കും. അപ്പൊ ആലോചിക്കും ഇന്ന് കോളേജ് ഇല്ലായിരുന്നെങ്കില്‍ എന്ന്. പുറത്തെ മഴയും നല്ല തണുപ്പും കുളിച് ക്ലാസിനു പോവുംബോഴേക്കും നല്ല മഴ. കുട ഉണ്ടായിരുന്നിട്ടും മഴ ഒന്നുകൂടെ കുളിപ്പിക്കും. ക്ലാസിലെ ബഹളവും മഴയുടെ ശ്രീരാഗവും ഒരിമിക്കുമ്പോള്‍ ഉള്ള ക്ലാസ് നല്ല രസമായിരുന്നു. ക്ലാസ് കട്ട് ചെയ്തു സിഗരറ്റും ബീഡിയും കായല്‍ തീരത്ത് പോയി വലിച്ച് അരിച്ചരിച്ചു കേറുന്ന തണുപ്പിനെ ശമിപ്പിക്കും. അങ്ങനെ തണുത്ത് ഉറഞ്ഞു പൊയ എത്ര എത്ര ഓര്‍മ്മകള്‍.
ഓർമ്മകൾ മനസിനെ കീഴടക്കുകയാണ്..പലതരം നിറങ്ങൾ മുന്പിലൂടെ മഴയായി താഴോട്ട് പതിക്കും പോലെ. കടും വര്‍ണങ്ങളില്‍ ഉള്ള മഴത്തുള്ളികള്‍ ചേർന്നു ഒരു രൂപം പ്രാപിക്കയാണ്. ഒരു മനുഷ്യരൂപം.
അത് ആരാണ് ?
ഏതോ സുന്ദരിയായ ചെറുപ്പക്കാരിയുടെ രൂപം . ആരാണ് അവള്‍. ആ മുഖത്ത് സ്ത്രീത്വംതുളുംപുന്നു. ഒര് പുഞ്ചിരി വിരിയുന്നു.
ആ കണ്ണുകൾ തന്നെത്തന്നെ തുറിച്ചു നോകുകയല്ലേ?
അതെ കണ്ണുകൾ. ചുവന്ന കല്ലുവെച്ച മൂക്കുത്തി.അതിന്റെ തിളക്കം.
അതെ, അത് അവളാണ്…ജ്യോതി.
അയാൾ കണ്ണുകൾ തിരുമി. മുന്നിൽ ആ രൂപം..സുവര്‍ണകാലത്തെ രൂപം.
അത് തന്നെത്തന്നെ നോകുകയാണ് .
തന്റെ ചെറുപ്പകാലം…
അയാൾ കണ്ണുകൾ തുടച്ചു..മനസിനെ നിയന്ത്രിക്കാനകാത്തതെന്തേ? തന്റെ പഴയ കാലം തനിക്കിനിയും മറക്കനാകാതതെന്തേ?
അന്ന് താൻ സൗന്ദര്യം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും.. കോളേജില്‍ ശ്രധിക്കപെടുന്ന എല്ലാ വേഷത്തിലും പയറ്റിതെളിഞ്ഞവന്‍ ആയിരുന്നു. എല്ലാരാലും ആരാധിക്കപെട്ടവന്‍ ആയിരുന്നു. സൗഹൃദബന്ധങ്ങളില്‍ വേണ്ടപെട്ടവന്‍ ആയിരുന്നു. അതിനിടയില്‍ എങ്ങിനെയോ പ്രണയം വന്നുചേര്‍ന്നു.. പലപ്പോഴും പല സന്ദര്‍ഭങ്ങളിലായി അവളെ സംരക്ഷിച്ചു. റാഗിങ്ങില്‍ നിന്നും..കാമ്പസിലും ബസ്സിലും നഗരത്തിലും ഒക്കെയായി.. അതായിരുന്നുവോ പ്രണയം ..അറിയില്ല. ഇന്ന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു ഏകാന്തനായി അലയേണ്ടി വരുമ്പോളും ഒരു ദുഃഖം മാത്രമേ ഉള്ളൂ. അവൾ.. ജീവിതത്തില്‍ ആദ്യമായി മോഹിച്ച, ആത്മാര്‍ഥമായി പ്രണയിച്ച തന്റെ പെണ്ണ് കൂടെ ഇല്ലല്ലോ എന്ന ദുഃഖം. അവൾ ഉണ്ടായിരുന്നെങ്കിൽ..
ആരായിരുന്നു എനിക്കവള്‍..??
അറിയില്ല.
ആദ്യമായി എന്റെ പ്രണയം പറഞ്ഞപ്പോഴും. മണ്ണും മനസും കുളിര്‍പ്പിക്കുന്ന ഒര് മഴക്കാലത്ത് ഒര് കുടക്കീഴില്‍ പരസ്പരം ഹൃദയം കൈമാറിയപ്പോഴും, ക്ലാസ് മുറികളിലും ഇടനാഴികളിലും വെച്ച് പ്രണയം പങ്കുവെച്ചപ്പോഴും പ്രണയാര്‍ദ്രമായ തന്‍റെ കരങ്ങള്‍ അവളെ പുണരുമ്പോഴും അവളുടെ കണ്ണില്‍ പ്രണയത്തിന്റെ തീഷ്ണത ഞാന്‍ കണ്ടിരുന്നു. വാക്കുകൾ വർണിക്കാനാവില്ലായിരുന്നു ഞങ്ങളുടെ ബന്ധം. ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ടിരുന്ന അവള്‍ക്ക് പണം എന്ന ഒറ്റലക്ഷ്യവുമായി നാടുനീളെ ഓടുന്ന അച്ഛന്‍. ജീവിതത്തില്‍ അവള്‍ എന്നും ഒറ്റക്ക് ആയിരുന്നു. അവളുടെ നൊമ്പരങ്ങളില്‍ ആശ്വാസമായത് തന്‍റെ ശ്വാസനിശ്വാസങ്ങള്‍ ആയിരുന്നു. ഒരുമിച്ച് നടക്കുമ്പോൾ ഞാൻ എന്നോട് ചേർത്തു പിടിക്കറുണ്ടായിരുന്ന അവളുടെ ഇടുപ്പും, കെഞ്ചി ചോദിച്ച് ചുംബിക്കാറുള്ള കവിൾതടങ്ങളും കാലത്തിനൊപ്പം വളര്‍ന്ന് മനസുകള്‍ക്കൊപ്പം ശരീരവും പങ്കുവെച്ച് തുടങ്ങിയത് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല.
പക്ഷെ, സ്നേഹിച്ചു തീരും മുന്പ് , തന്‍റെ കയ്യും മെയ്യും എത്താത്തൊരു ലോകത്തേക്ക് അവള്‍ പോയി മറഞ്ഞു. മറച്ചു കളഞ്ഞു എന്ന് പറയന്നുതാവും ശെരി. പിരിയാന്‍ ഒട്ടും ആഗ്രഹം ഇല്ലാതെ, കൂടെ ജീവിക്കാന്‍ ഭാഗ്യം ഇല്ലാതെ, ഇന്ന് ഞങ്ങള്‍ രണ്ടാളും രണ്ട് ധ്രുവങ്ങളിലാണ്. ഒരിക്കലും താനിങ്ങനെ ആവില്ലായിരുന്നു. ഗത്യന്തരം ഇല്ലാതെ ഇങ്ങനെ അലയില്ലയിരുന്നു. ഒക്കെ വിധിയാണ്. എങ്കിലും,അവൾ ഉണ്ടായിരുന്നെങ്കിൽ. പഴയ പോലെ തന്റെ സ്വപ്ങ്ങളില്‍ പുതപ്പിനുള്ളിലെ രാത്രികളിൽ അവൾ വന്നെങ്കിൽ..
അയാൾ ഓർത്തു,
ഉറങ്ങാൻ കിടക്കുമ്പോൾ താൻ ഉറങ്ങും വരെ. തന്റെ തലയിലൂടെ അവൾ വിരലുകളോടിച്ചു കൊണ്ടിരിക്കുന്നതായി തോന്നും. അതൊരു സുഖമാണ്. പെട്ടെന്നൊരുദിവസം സ്നേഹസമ്പന്നനായ, സ്വന്തമെന്നു കരുതിയവളെ മനസില്‍ നിന്നും പറിച്ചു എടുത്തു കൊണ്ടുപ്പോയി അവള്‍ക്ക് സമ്മതം അല്ലാത്ത ഒര് ബന്ധം ഉണ്ടാക്കി, ഒരാള്‍ടെ കയ്യില്‍ പിടിച്ചു ഏല്‍പ്പിച്ചപ്പോള്‍ ഇളകിമറിഞ്ഞുവീണത് ഒരു ഇരുപത്തി രണ്ട് വയസുകാരന്റെ മനസ്സെന്ന ചീട്ടുകൊട്ടാരമായിരുന്നു. കഴിവിനറ്റം വരെ ശ്രമിച്ചെങ്കിലും അവളെ തന്നിലേക്ക് എത്തിക്കാന്‍ ആര്‍ക്കും ആയില്ല. കരയാൻപോലുമാവാതെ ദിശാബോധം നഷ്ടപ്പെട്ട ആ മനസ്സിന്റെ അലര്‍ച്ചകള്‍ മാറ്റൊലി കൊണ്ടത് വികലമായ വികാരവിചാരങ്ങളുടെ ഇടനാഴികളിലായിരുന്നു. അന്നതൊക്കെ അവന് താനർഹിക്കുന്നതിലും കൂടുതലായി തോന്നി. ഒപ്പം ഒറ്റക്കായി പോയപ്പോള്‍ മനസില്‍ ഉണ്ടായ വൃണങ്ങളിൽ തിരസ്കാരത്തിന്റെ കത്തികൊണ്ടുള്ള ചിലരുടെ കുത്തിനോവിക്കലുകൾ. പിന്നൊരു ഒളിച്ചോട്ടമായിരുന്നു- ഒരു നിമിഷാർദ്ധം കൊണ്ട് തന്റെ പിന്നീടുള്ള ജീവിതമാകെ മാറ്റിമറിച്ച ഏതോ ഒരു വിഭ്രാന്തിയുടെ ചിറകിലേറി-എന്തിനെന്നറിയാതെ. ഏത്തിപ്പെട്ടത് നഗരത്തിന്റെ നിശാവസ്ത്രം പുതച്ച, കുറ്റകൃത്യങ്ങളും കഞ്ചാവും മയക്കുമരുന്നും മദ്യവും മണക്കുന്ന ഇരുള്‍ വീഥികളിലായിരുന്നു. പിന്നെ വീണ്ടും വർഷങ്ങൾ നീണ്ട പലായനങ്ങൾ. അഴുക്കിൽ നിന്ന് അഴുക്കുചാലുകളിലേക്ക് മനപ്പൂർവ്വവും അല്ലാതെയും അനുസ്യൂതം തുടർന്ന യാത്ര അവസാനിച്ചത് പാവങ്ങളുടെ കഥകൾ മാത്രം പറയാനുള്ള ഒര് ആശ്രമാങ്കണത്തിലും. ഒടുവിൽ രണ്ടുമാസത്തെ നല്ലനടപ്പ് പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഹൃദയത്തില്‍ വിശാദത്തിന്റെ കനല്‍ ചൂട് നീറുകയായിരുന്നു. മുറിവേറ്റ പ്രണയത്തിന്റെ തീവ്രത വജ്ര സൂചികളെക്കാള്‍ ഭയാനകമാണ്. പ്രകൃതി അവളുടെ നിയമം നടപ്പാക്കി എന്നോര്‍ത്ത് സമാധാനിക്കുകയായിരുന്നു ഓരോ നിമിഷവും.
എന്തിനായിരുന്നു ?? കഴിഞ്ഞ് പോയ കാലത്തിന്റെ ഇടനാഴിയില്‍ തനിച്ചിരിക്കുമ്പോള്‍ അവള്‍ടെ ഓര്‍മ്മകള്‍ തേടിയെത്തി ഒര് പാട് വേദനിപ്പിക്കുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം ഒര് ദിവസം വീണ്ടും എന്നിലേക്ക് എത്തിയത് എന്തിനായിരിക്കും ?? ആദ്യമായി വിരഹത്തിന്റെ വേദനയെ കുറിച്ച് അവള്‍ പറഞ്ഞപ്പോള്‍ അത് ഇത്രെയേറെ കഠിനമാണെന്നു ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്നാലും ഇപ്പോഴും ഇനിയും ഞാന്‍ അവളെ പ്രണയിച്ചുകൊണ്ടിരിക്കുന്നു.
മഴ മനസ്സില്‍ നനഞ്ഞിറങ്ങി. അവന്‍റെ പ്രണയത്തില്‍ പെയ്തിറങ്ങി. പിന്നീടെപ്പോഴോ വിനു മഴയെ ഒറ്റയ്ക്കാക്കി, അതോ മഴ അവനെയോ ??
ഉറക്കം പതിയെ അയാളുടെ കണ്പീലികളെ തഴുകുകയാണ്…..
മൂന്ന്
ട്രെയിനിന്റെ ജനാലയില്‍ മഴത്തുള്ളികള്‍ വന്നുതട്ടി അത് മുഖത്തേക്ക് തെറിച്ചു വീണു. ജനാലകല്‍ക്കരുകില്‍ തണുത്ത കാറ്റ് വീശുന്നുണ്ട്. വിനു കൈ രണ്ടും കെട്ടി വെച്ച് കാലിനു മേല്‍ കാല് കേറ്റിവെച്ച് വിറയലോടെ ഇരുന്നു.
ഷൊര്‍ണൂര്‍ എത്തി..നീ എവിടെയാ ?? ഇറങ്ങിയോ ??
മം…ഇറങ്ങി ഞാന്‍ സ്റെഷനിലെക്ക് വന്നു കൊണ്ടിരിക്കുവാ ..
എന്റെ മൊബൈലിന് ചാര്‍ജ് കുറവാണ് , മഴ ആയോണ്ട് കറന്റ് ഉണ്ടായിരുന്നില്ല വീട്ടില്‍…
“ഇതെന്താ മറുപടി അയക്കാത്തേ…??? ഡീ ..എവിടെയാ ??
‘അയ്യോ, മെസ്സേജ് കണ്ടില്ല മാഷേ. ബസില്‍ കേറുന്ന തിരക്കില്‍ ആയിരുന്നു. എടാ പിശുക്കാ നീ വിളിക്കും എന്നല്ലേ പറഞ്ഞെ..ഒര് രൂപ കളയാന്‍ മടിയല്ലേ..ഇവിടെ ഭയങ്കര മഴയാണ് ഞാന്‍ അഞ്ച് മിനുട്ടിനകം അവിടെ എത്തും. നീ അവിടെയുള്ള ലേഡീസ് വെയിറ്റിംഗ് റൂമിന്റെ മുന്നില്‍ വന്നാ മതി. ഞാന്‍ അതിനകത്ത് ഇരിപ്പുണ്ടാവും.
ഹോ..!! സമാധാനം ആയി. ഞാന്‍ വിചാരിച്ചൂ. നീ എന്നോട് പറയാതെ തിരിച്ചുപോയെന്ന്.
ഇതാണല്ലേ എന്നെക്കുറിച്ച് വിചാരിച്ചച്ചു വെച്ചേക്കണത്.. നിന്നെ ഇഷ്ടമില്ലെങ്കില്‍ ഞാന്‍ ഇങ്ങോട്ടേക്ക് വരുന്ന കാര്യം പറയുമായിരുന്നോ.. ആട്ടെ നീ എന്തെങ്കിലും കഴിച്ചിരുന്നോ ??
ഇല്ല. ഒര് ചായ കുടിച്ചു.തണുത്തിട്ട് ഇരിക്കാന്‍ വയ്യ.
ശെരി.!! വേഗം വാ , വന്നിട്ട് ഒരുമിച്ചു കഴിക്കാം.എന്നിട്ട് ലോഡ്ജിക്ക് പോവാം.
OK..ടേക്ക് കെയര്‍..
നാല്
നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. വീശിയടിക്കുന്ന ഈറൻ കാറ്റ്. വിനു വണ്ടി ഇറങ്ങി ലേഡീസ് റൂം ലക്ഷ്യമാക്കി നടന്നു. പൊടുന്നനെ അയാള്‍ കണ്ടു , തനിക്കെതിരെ നടന്നു വരുന്ന സീമന്ത രേഖയില്‍ സിന്ദൂരം തൊട്ട ചുവന്ന പട്ടുസാരി ഉടുത്ത് വെളുത്ത് മെലിഞ്ഞ് സുന്ദരിയായ ഒരു പെണ്‍കുട്ടിയെ. മനോഹരമായ മുടിയിഴകള്‍ അവളുടെ മുഖത്തേക്ക് പാറി വീണുകൊണ്ടിരുന്നു. അവള്‍ തന്നെ താന്‍ അന്വേഷിക്കുന്നവള്‍ എന്ന് അയാളുടെ മനസ്സ് ഉറച്ചു വിശ്വസിച്ചു. അയാള്‍ മുന്നോട്ട് നടന്നു. തിളക്കമുള്ള വലിയ കണ്ണുകള്‍ കൊണ്ട് അവള്‍ അവനെ കണ്ണിമക്കാതെ നോക്കി.
നീ ലേശം തടിച്ചിരിക്കുന്നു.ഇച്ചിരി വെളുത്തിട്ടുണ്ടോ…
കണ്ടപാടെ അവള്‍ പറഞ്ഞു. അവളുടെ കണ്ണുകളില്‍ സ്‌നേഹത്തിന്റെ തിളക്കം. ചുണ്ടുകളില്‍ അവളെപ്പോഴും സൂക്ഷിക്കാറുള്ള അതെ പുഞ്ചിരി.
അയ്യട..!! ബോംബെല് പോയിട്ടും നീ ഹിന്ദി സോപ്പോന്നും തെക്കാന്‍ തുടങ്ങിയില്ലേ ??
അവള് ചിരിച്ചു.കൂടെ അവനും. ഒരേ താളത്തിലുള്ള ചിരി.
അവള്‍ കൈയില്‍ കരുതിയ ബാഗ് വലംകൈയിലേക്ക് മാറ്റിപ്പിടിച്ചു. ഇടതു കൈ അവന്റെ വലം കയ്യില്‍ ചേര്‍ത്ത് പിടിച്ചു മുന്നോട്ടേക്ക് നടന്നു.
ഓണ്‍ലൈനില്‍ കണ്ട ആ റൂം തന്നെ മതി…അതാണ് നല്ലത്. ഞാന്‍ മുറിയുടെ ഫോട്ടോസ് ഒക്കെ കണ്ടതാ…ഇവിടുന്നു നടക്കാന്‍ ഉള്ള ദൂരമേ ഉള്ളൂ.
ഹും മതി.!! അവന്‍ തലയാട്ടി.
ആരെങ്കിലും കണ്ടാല്‍, രണ്ടാള്‍ക്കും ഉള്ളകത്ത് പേടിയുണ്ടായിരുന്നെങ്കിലും , പ്രകടിപ്പിച്ചില്ല.
മഴയ്ക്ക് അല്‍പ്പം ശക്തി കൂടിയിട്ടുണ്ട്.കുട നിവര്‍ത്താതെ വയ്യ.
ഡാ ..!! മഴ നനഞ്ഞു നടക്കാനാണെനിക്കിഷ്ടം. പക്ഷേ, വെറുതെ വട്ടാണെന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കണ്ടല്ലോ..
ലോഡ്ജിലെത്തി, വാടക 950 എന്ന് അവര്‍ പറഞ്ഞപ്പോള്‍ 800 എന്നാണല്ലോ വെബ്‌സൈറ്റില്‍ കണ്ടത് എന്നും പറഞ്ഞു അവള് തനി മുക്കുവസ്ത്രീ ആയി സംസാരം തുടങ്ങി. ടാക്സും കരണ്ടും വെള്ളവും ചേര്‍ത്ത് ലോഡ്ജ് കാര് 900 ബില്ലില്‍ എഴുതി.
മൂന്നാം നിലയിലായിരുന്നൂ അവരുടെ മുറി.
വിനു ബാഗില്‍ നിന്ന് പുസ്തകങ്ങളും വസ്ത്രങ്ങളും എടുത്ത് മേശമേല്‍വെച്ചു.
പാന്റ്‌സ് മാറ്റി, ലുങ്കിയുടുത്തു.
അവള്‍ കിടക്കയിലിരുന്ന് ടിവി ഓണാക്കി.
നീ ഡ്രസ്സ് മാറുന്നില്ലേ…വിനു ചോദിച്ചു.
കുളിക്കുമ്പോള്‍ മാറാം…
ഒര് പഴയ മലയാള സിനിമാഗാനത്തില്‍ അവള്‍ മുങ്ങി.
ഇതെന്താണ് ബോംബെല് ഈ സാധനം ഇല്ലേ?? , ടിവി കാണാനാണോ ഇത്രേം ദൂരത്തേക്ക് ഓടിപ്പാഞ്ഞ് വന്നത്..കഷ്ടമുണ്ട്…
ടീവി ഒക്കെ ഉണ്ട് മാഷേ, പക്ഷെ മലയാളം ചാനലുകള്‍ ഒന്നും ഇല്ല.നമ്മടെ ലലെട്ടനേം ശോഭനചേച്ചിനേം ഒക്കെ കാണാന്‍ സമയവും കിട്ടാറില്ല. എപ്പോഴും ഹിന്ദി വാര്‍ത്താ ചാനലും വെച്ച് കുത്തി ഇരിപ്പുണ്ടാവും എന്റെ കെട്ടിയവന്‍.
അവന്‍ ഒന്നും മിണ്ടിയില്ല.
വിഷമമായോ..??
അവള്‍ അവന് നേരെ മുഖം തിരിച്ചു ചിരിച്ചു..
എന്നാ നീ നോക്ക്.
വിനു അവള്‍ക്കടുത്തായി കിടന്നു.
ശരിക്കും വിഷമമായോ,ഞാന്‍ വെറുതേ പറഞ്ഞതാട്ടോ. നിന്നോട് സംസാരിക്കാനല്ലേ അങ്ങേരേം മറന്ന് ഇങ്ങോട്ട് വന്നത്.. ഒര് ദിവസമെങ്കില്‍ ഒര് ദിവസം എല്ലാ ഹിന്ദിചാനലുകളും മറന്ന് , മറ്റെല്ലാം മറന്ന് നമ്മടെ പഴയ കാല രാത്രികളിലേക്ക് തിരികെ പോണം..അതിനാണ് ഇല്ലാത്ത മീറ്റിംങ്ങിന്റെ കാരണം ഉണ്ടാക്കി അങ്ങേരുടെ അടുത്ത് ലീവും പറഞ്ഞ് ഞാന്‍ പാലക്കാട്ടേക്ക് വന്നത്.
വിനു വലതുകൈ കാലുകള്‍ക്കിടയില്‍ വെച്ച് ചെരിഞ്ഞു കിടന്നു. മൊബൈല്‍ എടുത്തു നോക്കാന്‍ തുടണ്ടി.
നീ കണ്ടോളൂ, ഞാനും വെറുതേ പറഞ്ഞതാ..
ഉം.ഈ പാട്ട് ഒന്ന് കഴിഞ്ഞോട്ടെ.
അവള്‍ വീണ്ടും ടിവിയിലേക്ക് മുഖം നീട്ടി.
കുറച് കഴിഞ്ഞ് അവള് അവന്റെ കാലിനടുത്തായി വന്നു ഇരുന്നു.
ഇനി പറ.എന്തൊക്കെ ആയിരുന്നു ഇത്രേം കാലത്തെ വിശേഷങ്ങള്‍. കരഞ്ഞിരുന്നോ വിനു നീ.. ??
നല്ല ചോദ്യം.!! ദുഃഖം ഉണ്ടായിരുന്നു ഒരുപാട്.നഷ്ടബോധം തോന്നി. കോടതി മുറിയില്‍ നിന്നും അച്ഛന്റെ കൂടെ നീ ഇറങ്ങിപോയത് ഓര്‍ത്തായിരുന്നു എപ്പോളും സങ്കടം. അവസാന നിമിഷം വരെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ഞാന്‍ ഒന്നും അല്ലാതെ ആയത് പോലെ തോന്നി. തിരിച്ചു വരുന്ന വഴി കല്യാണത്തിനായി വാങ്ങിച്ച സാരിയും മാലയും ഒക്കെ കളയണം എന്ന് വിചാരിച്ചത് ആയിരുന്നു. പിന്നെ ആരൊക്കെയോ ചേര്‍ന്ന് വിലക്കി. അതെല്ലാം ഇപ്പൊ അമ്മ എടുത്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എന്നെ അത് കാണിക്കണ്ട എന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ മുരടിക്കാന്‍ തുടങ്ങുകയായിരുന്നു. ഏകപക്ഷിയമായ ഒരു കോമാളിത്തം മാത്രമാണ് എന്റേത് എന്ന് എനിക്ക് മനസിലായി. സന്ദര്‍ഭങ്ങള്‍ മനുഷ്യനെ മനുഷ്യനല്ലാതാക്കും.സ്ത്രീയോ പുരുഷനോ ആയാലും അത് സ്വാഭാവികമാണ്.അത് തന്നെയാണ് നിന്റെ ഉള്ളില്‍ സംഭവിച്ചതെന്നും ഞാന്‍ വിശ്വസിച്ചു. മറിച്ചൊന്നു ചിന്തിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല.
അവളുടെ കവിളിലെ നനവ് വിനു തുടച്ചു കളഞ്ഞു. ഏത് നിമിഷവും അവളുടെ മുഖാവരണം തകരുമെന്നും അവള് കരയുമെന്നും വിനു ഭയപ്പെട്ടു.
അവിടെ താമസിക്കുന്നവര്‍ക്ക് ബോംബെ വിട്ട് പോരാന്‍ ഇഷ്ടോല്ലാത്രേ, എനിക്ക് ഒര് ദിവസമെങ്കില്‍ ഒര് ദിവസം നേരത്തെ അവിടുന്ന് പോരണം എന്നെ ഉള്ളൂ… അളന്നു മുറിച്ചു നല്‍കുന്ന സ്നേഹത്തോട് വെറുപ്പായിരിക്കുന്നു. വിഡ്ഢിയാവുന്നു എന്ന തിരിച്ചറിവുണ്ടായിട്ടും നിസ്സഹായതയോടെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഒരുപാട്. ഭ്രാന്തിയാവാതിരിക്കാന്‍ അതേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ…വയ്യ വിനു, മടുത്തു എല്ലാം കൊണ്ടും. രാത്രികളില്‍ കണ്ണുകള്‍ തുറന്ന്, ഉച്ഛ്വാസത്തിന്റെ ശബ്ദം പോലും കേള്പ്പിക്കാതെ ആ മുറിയില്‍ ഞാന്‍ കാലങ്ങള്‍ കഴിച്ചു കൂട്ടുന്നു.. കാറ്റും,മഞ്ഞും,മഴയും,വെയിലും ഒന്നും കൊള്ളാതെ, ഋതുക്കള്‍ മാറാത്ത, പ്രകൃതിയില്ലാത്ത ഒരു ലോകം. നിശബ്ദത മാത്രമായിരുന്നു ആ മുറിക്ക് അലങ്കാരം. പക്ഷെ ആ നിശബ്ദതയുടെ സംഗീതം, അതെന്നോ മരവിച്ചു പോയിരുന്നു
ഏകാന്തത ചിലപ്പോഴൊക്കെ വേദനയും പേടിയുമാണ്.പക്ഷെ നിന്റെ പ്രണയം ഏറ്റവും അറിഞ്ഞതും അതില്‍ നിന്ന് തന്നെ. കഴിഞ്ഞയാഴ്ച്ചയായിരുന്നു എന്റെയും ഹരിയുടെയും നാലാം വിവാഹവാർഷികം. ഇത്തവണയും മുന്തിയയിനം പട്ടുസാരിയൊന്ന് മറക്കാതെ വാങ്ങിതന്നിരുന്നു. പക്ഷേ കുറച്ച് വര്‍ഷങ്ങളായി മറ്റു പലതും മറക്കുന്നുണ്ടായിരുന്നു. മറക്കുകയല്ല.. തിരക്കുകൾക്കിടയിൽ ഞെരിയുമ്പോൾ, സ്വന്തം ശരീരഭംഗി കെട്ടിയുയർത്താൻ ഓടിക്കൊണ്ടേയിരിക്കുമ്പോൾ സ്വയം പ്രഖ്യാപിച്ച ഒരു നിർബന്ധിത അവധി. സൗകര്യങ്ങൾ ഓരോന്നു കൂടുമ്പോഴും, നാടുനീളെ നടന്നുള്ള മേനിപ്രദര്‍ശനത്തിന്റെ ഫലമായി പുരസ്കാരങ്ങള്‍ ഓരോന്നായി സ്വീകരണ മുറിയിലേക്ക് വന്നപ്പോഴും ഫ്ലാറ്റുകള്‍ മാറി വില്ലയിലേക്ക് താമസം മാറ്റിയപ്പോഴും എന്റെ ചിരിക്കടിയിലെ നൊമ്പരം കണ്ടിട്ടും അദ്ദേഹം ഒന്നും അറിയാത്തതായി നടിക്കുകയാണെന്നപോലെ എനിക്ക് തോന്നി. നെഞ്ചിലെ രോമങ്ങളിൽ നേർത്ത നഖം കൊണ്ട് കോറി വരക്കുമ്പോൾ പിടയുന്ന കണ്ണുകളുടേയും നനവുള്ള ചുണ്ടുകളുടെയും ക്ഷണക്കത്തു മായ്ക്കാൻ വര്‍ഷങ്ങള്‍ക്കും മാസങ്ങള്‍ക്കും അപ്പുറത്ത് നടക്കാന്‍ പോകുന്ന ചാമ്പ്യന്‍ഷിപ്പുകളുടെ കഥകൾ കിടക്കയിൽ വിരിച്ചിട്ടു. എന്നും ഉയര്‍ച്ച താഴ്ചകളുടെ കഥകൾ കേട്ട് ഉറങ്ങി….പക്ഷേ എന്നും കാത്തിരിക്കുമായിരുന്നു…ഉറക്കം കണ്ണുകളില്‍ വന്നു മുട്ടുന്നത് വരെ. നിദ്രയൊഴിഞ്ഞ ചില രാവുകളില്‍ ബാല്‍ക്കണിയില്‍ പോയിരുന്ന് ആകാശം നോക്കാനാണ് ഏറെയിഷ്ടം.പലപ്പോഴും തോന്നിയിട്ടുണ്ട് , ഒറ്റപ്പെടുന്നു എന്ന തോന്നല്‍ ഓടി മറയാന്‍ ആകാശം നോക്കിയാല്‍ മതി. നോക്കി ഇരിക്കുമ്പോള്‍ നീ നിലാവായി എന്നെ നോക്കി ചിരിക്കും. ഓരോ നക്ഷത്രങ്ങളിലും പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ തെളിയും. എനിക്കൊപ്പം അവരും ഉറങ്ങാതെ കൂട്ടിരിക്കുന്ന പോലെ തോന്നും. മൗനത്തിന്റെ മനോഹാരിത ഏറുന്ന നിമിഷങ്ങള്‍. നിന്നിൽ നിന്നും ഏറെ ദൂരെ എന്ന വിചാരത്തിൽ നിന്നാണ് നിന്നോടുള്ള സ്നേഹത്തിന്റെ ഒഴുക്ക് ശക്തമാവാൻ തുടങ്ങിയത്. നീ നല്കിയ വിരഹത്തിന്റെ വേദനയില്‍ നിന്നാണ് നിന്നോടുള്ള മോഹങ്ങൾ വീണ്ടും എന്നില്‍ ജന്മം കൊണ്ടത്.
നീയ് കുളിക്കുന്നില്ലേ…ഭക്ഷണം കഴിക്കണ്ടേ..അവന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു.
ഉം.കുളിക്കാം..നീ വരുന്നോ ??
അയ്യടാ, ഒരു പൂതി, തണുപ്പ് അല്ലെ, ചൂട് വെള്ളം ഉണ്ടോ ??
ഞാന്‍ കാര്യായി പറഞ്ഞതാ..പണ്ട് എന്റെ അച്ഛനെ കിടത്തി ഉറക്കി വീടിലെ ഷവറിന് കീഴെ മഴ നനയുന്ന രണ്ടിലകള്‍ പോലെ നമ്മള്‍ നിന്നില്ലേ ഡാ പൊട്ടാ..അതൊക്കെ ഓര്മ ഉണ്ടോ നിനക്ക്….
അത്രയ്ക്ക് സാഹിത്യം വേണ്ട…തല്ക്കാലം മോള് പോയി കുളിക്ക്. ചൂട് വെള്ളം ഉണ്ടേല്‍ ഞാന്‍ വരാം എനിക്ക് തണുക്കുന്നു.
അങ്ങനെ ആണേല്‍ , കോരി കുളിക്കണം.ഷവറില്‍ ചൂട് വെള്ളം വരില്ല.അപ്പോള്‍ നീ വരില്ലെന്നുറപ്പാണല്ലോ അല്ലേ…
അതെ, എന്താ ഇത്ര സംശയം…
നിനക്ക് ഭാഗ്യം ഇല്ല മോനെ…
അവന് ചിരിവന്നു.
അവള്‍ തോര്‍ത്തെടുത്ത് കുളിമുറിയില്‍ കയറി. കൂടെ വിനുവും.
അഞ്ച്
ഭക്ഷണം ഒന്നിച്ചിരുന്ന് കഴിക്കുമ്പോള്‍ അവള് വാതോരാതെ സംസാരിച്ചോണ്ട് ഇരുന്നു.ഇടക്ക് അവളുടെ ഭര്‍ത്താവ് അവളെ വിളിച്ചു. അവള്‍ എഴുന്നേറ്റ് കട്ടിലിലിരുന്നു. കുറച്ച് നേരം സംസാരിച്ചു തിരിച്ചു വന്നു.
ഒരേ സമയം ഒന്നിലധികം ആളുകളെ പ്രണയിക്കാനാവുമോ..
ഫോണ്‍വെച്ച് ഭക്ഷണ കഴിക്കാന്‍ അടുത്തിരുന്ന അവളോട് അവന്‍ ചോദിച്ചു.
അങ്ങനെ അല്ലല്ലോ, ഇന്നലെ വരെ ഒരാളോട് ആയിരുന്നു.ഇനി നാളെ കഴിഞ്ഞാലും ഞാന്‍ അവിടത്തേക്ക് തന്നെ അല്ലെ പോകേണ്ടത്.. ആട്ടെ നീയെത്ര പേരെ പ്രേമിക്കുന്നുണ്ട് എന്ന് ദൈവത്തിന് മാത്രം അറിയാം.
പോടീ..അവന്‍ അവളെ അടിക്കാനാഞ്ഞു. എന്റെ പ്രണയം അത് നിന്നോട് മാത്രം ആയിരുന്നു.ബാക്കി ഉള്ളവയില്‍ എല്ലാം തേടിയത് നീ എന്ന ശലഭത്തെ ആയിരുന്നു. അപ്പൊ, വേറേം ഉണ്ടായിട്ടുണ്ട്.കള്ളാ…ആരാടാ ?
ഉം.ഉണ്ട്.അമ്മ കണ്ടുപിടിച്ച കുട്ടി ആണ്. വല്യമ്മായിയുടെ ബന്ധത്തില്‍പെട്ടതാ. എന്റെ കുഴപ്പങ്ങള്‍ ഒക്കെ അറിഞ്ഞോണ്ട് തന്നെയാ..
അവളെ നീ ഉമ്മ വെച്ചോ ?? ബന്ധം തുടങ്ങിയ മൂന്നിന്റെ അന്ന്, ഒര് മുന്നറിയിപ്പും തരാണ്ട് എന്നെ ഉമ്മ വെച്ചവനല്ലേ നീ..
അവള്‍ ചിരിച്ചു.
വിനു വീണ്ടും അടിക്കാന്‍ ഓങ്ങി. ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുന്നേരം അവളുടെ മാറിടം അവനെ തൊട്ടു.നെഞ്ച് ഒന്ന് പിടഞ്ഞു.
ഭക്ഷണം കഴിഞ്ഞ് വിനുവിന്റെ മടിയില്‍ തല വെച്ച് അവള്‍ കിടന്നു..അവന്‍ അവളുടെ മുടിയിടയിലൂടെ വിരലുകള്‍ ഓടിച്ചു.
നീ ആ കുട്ടീനോട് എന്നെക്കുറിച്ച് പറയ്യോ…
പറയും.. എന്താ സംശയം…
എന്ത് പറയും…
മുമ്പേ പ്രണയിച്ചിരുന്നവളാണ് എന്ന്…
അയ്യടാ… എനിക്ക് തോന്നുന്നില്ലേ..നീയല്ലേ ആള്. അങ്ങനെ പറയുമ്പോ അഞ്ചാം ക്ലാസ് മുതലേ ഉള്ളത് പറയണ്ടേ ?? പോട്ടെ,പിന്നെന്ത് പറയും.??
പിന്നെ, പിന്നെ എന്ത് പറയാന്‍..
നമ്മള്‍ പണ്ട് എന്റെ വീട്ടില്‍ ഒരുമിച്ചു താമസിച്ചിട്ടുണ്ട് എന്ന് പറയുവോ ?? എന്റെ കല്യാണം കഴിഞ്ഞിട്ടും ലോഡ്ജ് മുറിയെടുത്ത് ഒരുമിച്ച് താമസിച്ചിരുന്നൂ എന്ന് പറയ്യ്വോ…
പറയണോ….
അയ്യോ.! വേണ്ട. ഞാന്‍ ചോദിച്ചെന്നേയുള്ളൂ…
പറയണമെങ്കില്‍ പറയാം…
അയ്യോ…വേണ്ടായെ…
ആറ്
ഒന്നും പറയാതെയും ഒരുപാട് പറഞ്ഞും കുറേനേരം അവര് ഇരുന്നു. അച്ഛന് ഒര് പാട് വിഷമം ഉണ്ട് ഇപ്പൊ. ചേച്ചിയും ഭര്‍ത്താവും വേറെ വീട് എടുത്തു മാറിയതില്‍ പിന്നെ കൂടെ ആരും ഇല്ല എന്നുള്ള തോന്നല്‍. എന്നെ കെട്ടിപിടിച്ച് കുറെ കരഞ്ഞു. എന്നോട് ചെയ്തതിനൊക്കെ മാപ്പ് ചോദിച്ചു. പഴയ തറവാട് വീടിന്റെ പകുതിയില്‍ ഇപ്പൊ വാടകക്കാരാണ്. അവരാണ് ഇപ്പോളുള്ള ഏക ആശ്രയം.നല്ല ആള്‍ക്കാരാണ്. അച്ഛന് ബ്ലഡ് പ്രഷര്‍ ഉണ്ട് ചെറുതായിട്ട്. വിളിക്കുമ്പോള്‍ ആരോഗ്യത്തെ പറ്റി ഞാനും ഹരിയും അന്വേഷിക്കാറുണ്ട്. ഇപ്പോള്‍ അലോപ്പതി നിര്‍ത്തി ഹോമിയോപ്പതി ആണ് നോക്കുന്നത്. അതുകൊണ്ട് ഗുണമുണ്ട് എന്നാണ് അച്ഛന്‍ പറയുന്നേ.കണ്ട്രോളില്‍ ആണ്.
മുല്ല പൂത്തമണം. ജനാലയടയ്ക്കുമ്പോൾ പുറത്തേക്കു നോക്കി ഗന്ധം നുകർന്ന് അവൾ പറഞ്ഞു.
ഹും രാത്രിയാണതു പൂക്കുക. കുറെ ദൂരേക്കുവരെ അതിന്റെ ഗന്ധമുണ്ടാകും.
“നീ വാ… ജനാലയടച്ച്. കിടക്കാം.” വിനു അവളുടെ വിരലുകളിൽ പിടിച്ചു വലിച്ചു.
ഉറക്കം വന്നുതുടങ്ങിയോ വിനു ? അവള്‍ ചോദിച്ചു. തലയൊന്നു ചെരിച്ച് നേരിയ അവിശ്വസനീയതയോടെ അവള് അവനെനോക്കി. വിനു അവന്റെ കണ്ണുകൾ, അവളുടെ കണ്ണുകൾക്ക് അരികിലേയ്ക്ക് അടുപ്പിച്ചു..ഒരു നിമിഷം അവളുടെ കണ്ണുകൾ കാന്തം പോലെ അവനെ ആകർഷിച്ചു. അവര്‍ക്കിടയിലെ ദൂരം കുറഞ്ഞ് കുറഞ്ഞ് വന്നു.
അവന്റെ കണ്ണുകളിലെ വറ്റാത്ത കുസൃതിച്ചിരി കണ്ട് അടുത്തു വന്നു പറഞ്ഞു:
“ഈ ഹോണെസ്റ്റി എന്റെ ഭര്‍ത്താവിനുണ്ടായിരുന്നെങ്കില്‍ ഞാനിപ്പം അങ്ങേരേം കെട്ടിപിടിച്ച് ബോംബയില്‍ ഇരുന്നേനെ… അവള് അവന്റെ കവിള്‍ത്തടത്തില്‍ പിടിച്ചു ബലത്തില്‍ നുള്ളി.
വിനു അവളുടെ മുഖം കൈയില്‍ എടുത്തു ഒരു നിമിഷം അത് കൌതുകത്തോടെ നോക്കി നിന്നതിനു ശേഷം പതുക്കെ അവളുടെ മുടികൾ പിന്നിലേക്ക് കോതിയൊതുക്കി താടി പിടിച്ച് നെറ്റിയിലൊരു ഉമ്മ കൊടുത്തു. അരയിൽ കൈ ചുറ്റി കട്ടിലിലേക്കവളെ വീഴ്ത്തി. ചുണ്ടുകൾ അവളുടെ മുഖം നിറയെ പരതി നടന്നു.
ദുർബലമായി തള്ളിമാറ്റിക്കൊണ്ടവൾ പറഞ്ഞു:
ലൈറ്റ് ഓഫാക്ക്, പ്ലീസ് ..എനിക്ക് നാണം വരും.
ഹം..ഇല്ലെങ്കില്‍…. ??
അവന്‍ ഷര്‍ട്ട് അഴിച്ചുവെച്ചു. ഉടുമുണ്ട് അഴിച്ചുടുത്തു.
അവള്‍ പുതപ്പ് എടുത്തു പുതച്ച് കട്ടിലില്‍ കമിഴ്ന്നു കിടന്നു.
അവനടുത്ത് കിടന്നു.
വെളിച്ചം പതിയെ അണഞ്ഞു. ആസക്തിയുടെ അഗ്നിനാളങ്ങള്‍ തണുപ്പിനെ മറികടന്നു. പരസ്പരം കെട്ടിപ്പുണർന്നും ചുംബിച്ചും രതിമഴയിൽ ഒന്നായൊഴുകി. കാറ്റില്‍ അകപെട്ട തോണി പോലെ കട്ടില് ആടി ഉലഞ്ഞു.
അവളുടെ കണ്ണകളടഞ്ഞിരുന്നു.വിനു അവളെ പുതപ്പിച്ചു. അവളുടെ അടുത്ത് അനന്തയിലെങ്ങോ നോക്കി വിനു കിടന്നു.പിന്നീട് എപ്പോഴോ ഉറങ്ങിപ്പോയി. പെട്ടന്ന് അവള് അവനെ കെട്ടിപിടിച്ചപ്പോള്‍ ആണ് ഉണര്‍ന്നത്. കണ്ണ് തുറന്നപ്പോള്‍ അവള്‍ വിനുവിനെ തന്നെ നോക്കി കൊണ്ടിരിക്കുകയായിരുന്നു.
വേഗം എഴുന്നേറ്റ് കുളിക്ക്. 9 മണി വരെയാണ് റൂം പറഞ്ഞു വെച്ചിട്ടുള്ളത്.
ഹും..കുറച് നേരം കൂടെ കിടന്നിട്ട് പോവാം.
ഒന്‍പതു മണി ആയപ്പോഴേക്കും അവര് റൂം ഒഴിയാന്‍ തയ്യാറായി. പിരിയാൻ ഒട്ടും മനസ്സില്ലാതെ കഠിനമായി വിഷമിച്ചു കൊണ്ട് ബാഗ് എടുത്ത് മുറിയിൽ നിന്നും അവർ രണ്ടും താഴേക്കിറങ്ങി.
ഏഴ്
ബസ്സ്സ്റ്റാന്റില്‍വെച്ച് യാത്ര പറയാന്‍ നേരത്ത് അവള്‍ ചോദിച്ചു: ഇനിയെപ്പോഴാ കാണുക…?
ഇനിയും കാണാം.നിനക്ക് കാണണം എന്ന് തോന്നുമ്പോള്‍. ഒര് വിളിപാട് അകലെ ഉണ്ടാകും ഞാന്‍.
വിളിക്കണം ട്ടോ , ഇടക്ക് !! ഞാന്‍ എപ്പോളും പ്രതീക്ഷിക്കും. അതെ, പകല് വിളിച്ചാല്‍ മതിട്ടോ, ഓഫീസ് സമയത്ത്.
“സൂക്ഷിച്ച് പോ..ഞാന്‍ വിളിക്കാം..” നടക്കട്ടെ ??
വന്നത് വേണ്ടായിരുന്നെന്ന് നിനക്ക് തോന്നുന്നുണ്ടോ. അദ്ദേഹത്തിനെ ചതിക്കണ പോലെ തോന്നിയിട്ടുണ്ടോ??
എന്തിനു.. ?? എനിക്ക് വേണ്ടി എടുത്ത തീരുമാനം അലല്ലോ , എനിക്ക് വേണ്ടത് ഇതായിരുന്നില്ലേ ?? എല്ലാം അറിഞ്ഞു കൊണ്ടല്ലേ ഹരിയും.
സത്യം…
ഹും..ഒര് നിശബ്ധത
പിന്നെയവരൊന്നും സംസാരിച്ചില്ല.
വെറും അപരിചിതരായ് …ദൂരങ്ങള്‍ തേടി അന്ന്യരായ് അവര്‍ നടന്നകലുന്നു….സ്നേഹിക്കുന്ന കണ്ണുകള്‍ തമ്മില്‍ അകന്നേക്കാം.എന്നാല്‍ സ്നേഹം സത്യം ആണെങ്ങില്‍ ആ ഹൃദയങ്ങള്‍ തമ്മില്‍ ഒരിക്കലും അകലില്ല.
ആകാശ വാതിലുകള്‍ തുറന്ന് മഴക്കാറുകള്‍ മിന്നല്‍ക്കണ്ണുകളുമായി എത്തിനോക്കുന്നു…..
വര: പല്ലവി
No comments:
Post a Comment