Monday, June 3

മണി മുഴങ്ങുമ്പോള്‍ ….

വേനലവധി കഴിഞ്ഞു. ആലസ്യത്തില്‍നിന്നുണരുന്ന സ്‌കൂളുകള്‍ ഇനി ബഹളമയം.എത്രവേഗം തീര്‍ന്നു വേനലവധി! ഉള്ളിലെ അടങ്ങാത്ത ഖേദം സങ്കടമാകുന്നുണ്ട്. മനസ്സിനൊരു മൂകത. വിമൂകമായ രാത്രി. ”വേഗം കെടന്നൊറങ്ങിക്കോ…, നേര്‍ത്തെണീക്കണം; രാവിലെ ഉസ്‌കൂള്‌പ്പോവാന്ള്ളതാ.” എന്ന അപ്പാപ്പന്റെ  ആ വാക്കുകളില്‍ വല്ലാത്തൊരാശ്വാസമുള്ളതുപോലെ. പക്ഷേ, കേള്‍ക്കുന്നതോ കരള്‍ പിളര്‍ന്നും.പകല്‍മേളം. പുതിയ യൂണിഫോമിന്റെ തുണിപ്പശിമയുടെ നനുനനുപ്പ്. നോട്ടുബുക്കുകളും പേനയും പെന്‍സിലുമെല്ലാം പുതിയത്. ടെക്സ്റ്റ് പുസ്തകങ്ങള്‍ പഴയതാണ്; ജയിച്ചവരില്‍ നിന്ന് വാങ്ങിയത്. പുസ്തകങ്ങള്‍ ചേര്‍ത്തുവെച്ച് കുറുകെ കെട്ടുന്ന ഇലാസ്റ്റിക്കും പഴയതുതന്നെ.പത്രകടലാസ് കൊണ്ട് പൊതിഞ്ഞ ബുക്കില്‍ ബോള്‍പെന്നുകള്‍കൊണ്ട് കടുപ്പിച്ചെഴുതിയ പേരിന്റെ അക്ഷരങ്ങള്‍ ഇലാസ്റ്റിക് വലിയുമ്പോള്‍ വലുതായിവരും. ഹോംവര്‍ക്കുകള്‍, കാണാതെ പഠിക്കാനുള്ള പദ്യങ്ങള്‍. ഇനി എത്ര ദിവസങ്ങളും ആഴ്ചകളും മാസങ്ങളും… മനസ്സുമാത്രമല്ല മാനവും മൂടിക്കെട്ടി പെയ്തുതുടങ്ങിയിട്ടുണ്ട്. ഇന്നലെവരെ പ്രസന്നമായിരുന്ന പ്രകൃതിക്കും പൊടുന്നനെ ഒരു മനംമാറ്റം! പൊട്ടിവീണപോലെ മഴ! കുടചൂടിയിട്ടും കുതിര്‍ന്ന് സ്കൂളിലേക്കുള്ള യാത്ര….

ആകെയും ബഹളമയം. ഒന്നാം ക്ലാസില്‍ ആദ്യമായി വന്നവരുടെ അലമുറകള്‍. ക്ലാസിലിരുത്തി തഞ്ചത്തില്‍ പുറത്തുചാടിയ അമ്മമാരുടെയും ചേച്ചിമാരുടെയും പിന്നാലെ അലറിവിളിച്ച്  പായുന്ന കുട്ടികള്‍ . രക്ഷിതാക്കളുടെ മുഖത്തുമുണ്ടൊരു ദൈന്യത. ഓഫീസ് മുറിയുടെ മുമ്പില്‍ തൂങ്ങുന്ന റെയില്‍പ്പാളക്കഷണത്തില്‍ ആഞ്ഞടിക്കുന്ന ബെല്ല്. ‘ചന്തമേറിയ പൂവിലും ശബളമാം ശലഭത്തിലും’ വീണ്ടും കേള്‍ക്കുകയാണ്. ഇനിയും ഒരു കൊല്ലം! ലീല ടീച്ചറുടെ ഹാജര്‍വിളി കഴിഞ്ഞ് സ്കൂള്‍ വരാന്തയിലൂടെ ക്ലാസിലേക്ക് വരിവരിയായി പോകുമ്പോള്‍ ഉള്ളില്‍ സന്തോഷം,ഹെഡ്മാഷിന്റെ മുറിയില്‍ നിന്ന്  നോക്കിയാല്‍ കാണാത്തിടത്താണല്ലോ പുതിയ ക്ലാസ്.

അസംബ്ലിയില്‍ അച്ചടക്കത്തോടെ നില്‍ക്കണം.”ഭാരതം എന്റെ രാജ്യമാണ് “…. പ്രതിഞ്ജ കൈ നീട്ടി വെച്ച് അറ്റന്‍ഷനില്‍ നിന്ന് ചൊല്ലണം. ചില ദിവസങ്ങളില്‍ കന്നടത്തില്‍ ആണ് പ്രതിഞ്ജ ഉണ്ടാവുക.അത് ഏറ്റു പറയാന്‍ ഇച്ചിരി കഷ്ടം ആണ്. രാവിലത്തെ ചരിഞ്ഞ് പതിക്കുന്ന വെയിലില്‍ വിയര്‍ത്ത് കുപ്പായം ദേഹത്തോടോട്ടും പലപ്പോഴും. അപ്പോള്‍ മേലാകെ ഒരുതരം അരിക്കലും ചൊറിച്ചിലുമാണ്. എണ്ണ തേച്ചു ചീകി വെച്ച മുടിയില്‍ വെയില്‍ പതിക്കുമ്പോള്‍ എന്തെന്നില്ലാത്ത അസ്വസ്ഥതയാണ്. കുളിക്കാതെ വരുന്ന ദിവസമാണെങ്കില്‍ പറയാനുമില്ല. ഹെഡ്മാഷ് ഉപദേശങ്ങളും വികൃതിക്കാരെ ലക്ഷ്യംവെച്ച് ഭീഷണിയും നിറച്ച് പ്രസംഗിച്ചുകൊണ്ടിരിക്കും. അവസാനം ‘ജനഗണമന’ ചൊല്ലാന്‍ തുടങ്ങുമ്പോഴാണ് ശ്വാസം നേരെയാവുക. അസംബ്ലി തുടങ്ങിയിട്ടാണ് എത്തുന്നതെങ്കില്‍ ബേജാറാണ്. ലൈബ്രറിയുടെ പിറകില്‍  ഉള്ള പൊളിഞ്ഞ മതിലിന്‍റെ അരികിലൂടെ മാഷന്മാരുടെയും ടീച്ചര്‍മാരുടെയും കണ്ണില്‍ പെടാണ്ട് ക്ലാസില്‍ കയറി ഇരിക്കണം.

ഇന്റര്‍വെല്ലിനു വിട്ടപ്പോള്‍ പലരുടെയും കൈയിലെ കളിസാധനങ്ങളുടെ ശേഖരങ്ങള്‍ പുറത്തുചാടി. തീപ്പെട്ടിച്ചിത്രത്തിന്റെ പല നിറത്തിലുള്ള കെട്ടുകള്‍ തന്നെ ഉണ്ട്  ചിലരുടെ കൈയില്‍ , ബാബ്ലുഗം വാങ്ങുമ്പോള്‍ കിട്ടുന്ന ക്രിക്കറ്റ്‌ കളിക്കാരുടെ കാര്‍ഡുകള്‍ ആണ്പു മറ്റു ചിലരുടെ ശേഖരം. പുതിയ ചില കളികള്‍ ചിലര്‍ കൊണ്ടുവന്നിരിക്കുന്നു. മനസ്സില്‍ വിചാരിച്ച സംഖ്യ കണ്ടുപിടിക്കുന്ന വിദ്യ, എത്ര ആലോചിച്ചിട്ടും അതിന്റെ സൂത്രം പിടികിട്ടിയില്ല.ചില്ലുകൂട്ടിനുള്ളില്‍ വളപ്പൊട്ടിട്ട് നോക്കുന്ന അത്ഭുതമുണ്ട്. ഒറ്റക്കണ്ണടച്ച് നോക്കിയാല്‍ വളപ്പൊട്ടുകള്‍ നൂറായിരമായി കാണാം! പലതുണ്ടായിട്ടുണ്ട്. അതിലൊന്ന്, നെറ്റിയില്‍ തള്ളവിരലിന്റെ നഖംകൊണ്ട് നൂറ്റൊന്ന് പ്രാവശ്യം താഴോട്ടും മേലോട്ടും കണ്ണടച്ച് ഉരസിയാല്‍ പടച്ചോനെ കാണാമെന്ന് ചിലര്‍ .ഉരച്ചു ഉരച്ച് തോലുരഞ്ഞത് മിച്ചം.  പുസ്തകത്തില്‍ മയില്‍പ്പീലിവെച്ച്, അരി ഇട്ട് കൊടുത്ത് ആകാശം കാട്ടാതെ, അത് പ്രസവിക്കുന്നതും കാത്തിരുന്നതുപോലെ വിഡ്ഢിത്തം. പുതിയ പുസ്തകത്തിന്റെ മണം; ടീച്ചര്‍ ക്ലാസില്‍ വായിച്ചുതരുമ്പോഴും പത്ര കടലാസ്  കൊണ്ട്ട്ട ചട്ടയിട്ട പുസ്തകം മൂക്കിനോടടുപ്പിച്ചാല്‍ ഒരു സുഖം.

സ്‌കൂളിലേക്ക് പോകുന്നത് തോട്ടിന്‍കരയിലൂടെയാണ്. വഴിയില്‍ എല്ലാം പൂത്തു കിടക്കുന്ന മാവും പറമ്പും നോക്കി വെച്ചിട്ട്  തട്ടിയും തടഞ്ഞുമാണ് യാത്ര. പാലത്തിനു മുകളില്‍ എത്തിയപ്പോള്‍ തോട്ടിലെ തെളിഞ്ഞ വെള്ളത്തില്‍  ’ബ്രാല് മീനും മക്കളും കൂട്ടം കൂട്ടമായി നീന്തിത്തുടിക്കുന്നത് കണ്ടുനിന്നും . നീര്‍ച്ചാലുകളിലെ വെള്ളം തട്ടിത്തെറിപ്പിച്ച് പുല്ലനെയും സിലോഫിയെയും  പിടിച്ച് ചേമ്പിലയിലാക്കിയും നേരം പോയി. വൈകിവരുന്നവരെ ക്ലാസിന്റെ വാതില്‍ക്കല്‍നിന്ന് കൈപിടിച്ചാനയിക്കാന്‍ പെണ്‍കുട്ടികളെയാണ് ലീല ടീച്ചര്‍ അയയ്ക്കുക. പെണ്‍കുട്ടികള്‍ വൈകിയാല്‍ ആണ്‍കുട്ടികളെയും. പക്ഷേ പെണ്‍കുട്ടികള്‍ വൈകാറില്ല. അതുപോലെ, മലയാളം മാഷ്‌ ഇല്ലാത്തപ്പോള്‍  സംസാരിക്കുന്നവരെ അറബിമാഷ്‌  പെണ്‍കുട്ടികളുടെ ഇടയിലിരുത്തും. ദേഹത്ത് തട്ടാതെ മുട്ടാതെ നാണംകൊണ്ട് ഉരുകും. ഇതൊക്കെ ഓര്‍മ്മ ഉണ്ടാവുമെങ്കിലും തട്ടിയും തടഞ്ഞും മീന്‍ പിടിച്ചും നേരം വൈകും; ക്ലാസില്‍ എന്തെങ്കിലും പറഞ്ഞോ ചിരിച്ചോ ചുണ്ടനങ്ങിയാല്‍ പേരെഴുതുന്ന ലീഡര്‍ ഏമാനെ ചിലപ്പോ മറന്നുപോകും.

ഒറ്റമൈനയെ കണ്ടാല്‍ ദുഃഖമാണ് ഫലം. ഇരട്ടമൈന സന്തോഷവും. സന്തോഷത്തിനും ദുഃഖത്തിനും മൈനക്കാഴ്ച കാരണമായി കരുതി! ഹോംവര്‍ക്ക് ശരിയാവാത്തതിന് രാജീവന്‍മാഷ്‌ടെ കൈയില്‍നിന്ന് അടികിട്ടുമോ? മാഷ്‌ വന്നിട്ടുണ്ടാകുമോ?  ചക്കപ്പല്ലി വിദ്യ എന്നോട് ഇന്ന് സംസാരിക്കുമോ ?? എന്നൊക്കെ അറിയാന്‍ പച്ചില ‘ചൊട്ടി’ നോക്കും. ഇലയുടെ അകംപുറം ഉത്തരങ്ങളായി കരുതി മുകളിലേക്ക് ഒറ്റയൂത്താണ്. ഫലം അപൂര്‍വമായി മാത്രം ശരിയായി. ഫലിച്ചതുമാത്രം ഓര്‍ക്കുന്ന മനസ്സിന്റെ മറിമായത്തില്‍ പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. രമേശന്‍  മാഷ് നല്ല ഈണത്തില്‍ പദ്യംചൊല്ലും. ‘ചെറുപുള്ളിച്ചിറകുള്ള ചങ്ങാലിപ്രാവി’ന്റെ കദനകഥ ചൊല്ലിപ്പറയുന്ന ക്ലാസില്‍ നിശ്ശബ്ദത തളംകെട്ടി. തലതല്ലിക്കരയുന്ന പ്രാവിന്റെ സങ്കടക്കഥ കേട്ടുതീരുമ്പം സങ്കടംകൊണ്ട് നിറഞ്ഞ കണ്ണുകള്‍ ആരും കാണാതെ തുടച്ചു. കാലമിത്ര കഴിഞ്ഞിട്ടും മാഷിന്റെ  അക്ഷരപ്പാട്ടുകള്‍ മനസ്സില്‍ നിന്നും മറയുന്നെയില്ല. മേല്‍ഭാഗം പകുതി ചെരിഞ്ഞ മേശയില്‍ ലീല ടീച്ചര്‍ മഞ്ചാടിക്കുരുവും കുന്നിക്കുരുവും പുളിങ്കുരുവും അബാകസ്സും കരുതിവെക്കുന്നു. അതുകൊണ്ടാണ് എണ്ണലും കൂട്ടലും കിഴിക്കലുമെല്ലാം പഠിപ്പിക്കുന്നത്.

രാജീവന്‍ മാഷ്  പല സമയത്തും വടിയെടുക്കാറില്ല. ആ നോട്ടം തന്നെ ഏറെ! ഇടയ്ക്ക് അതിവികൃതിയന്മാരെ ‘ചാവി’ കൊടുക്കുമ്പോലെ ചെവിക്കുപിടിച്ച് തിരുമ്മുമ്പോള്‍ കാലിലെ ചൂണ്ടുവിരലില്‍ നിന്നിടത്തുനിന്ന് പൊന്തിപ്പോകും. വടിയൊടിക്കാന്‍ കുട്ടികളെ വിട്ടാല്‍ സ്‌കൂള്‍മൈതാനത്തിന്റെ മൂലയിലെ പൈന്‍മരത്തിന്റെ തളിര്‍ത്തുനില്‍ക്കുന്ന ചില്ല പറിച്ച് ഇലയും തോലും കളഞ്ഞാണ് കൊണ്ടുവരിക. ആദ്യമാദ്യം അടികിട്ടുന്നവരുടെ കൈയില്‍ മരത്തൊലി ഉരിഞ്ഞതിന്റെ പശിമയുണ്ടാകും. അടി ഉറപ്പായവര്‍ വെട്ടിക്കൊണ്ടുവരാന്‍  പറഞ്ഞയച്ചവനെ ദീനമായി നോക്കും.

വഴിനീളെ പറിച്ചു ശേഖരിച്ച വെള്ളത്തണ്ടുകൊണ്ട് മായ്ച്ച സ്ലേറ്റിന്റെ നീലിച്ച നിറം കൈയിലും കുപ്പായത്തിലുമെല്ലാമായി പറ്റിപ്പിടിച്ചു കിടക്കും. പെണ്‍കുട്ടികള്‍ വെള്ളത്തണ്ടിന്റെ നീര് കളഞ്ഞ്, അതില്‍ ഊതി കാറ്റുനിറച്ച് നെറ്റിയില്‍കുത്തി പൊട്ടിക്കും .ചിലര്‍ക്ക് ആലില പുസ്തകത്തിനിടയില്‍ കുറേ കാലം വെച്ച് സൂക്ഷിക്കുന്നത് ഇഷ്ടമുള്ള കാര്യം ആണ്.  ഇടയ്ക്ക് സ്റ്റാമ്പ് വിതരണമുണ്ടാകും. പുസ്തകത്തില്‍ സൂക്ഷിച്ച സ്റ്റാമ്പുകള്‍ എപ്പഴോ കളഞ്ഞുപോയെങ്കിലും മരച്ചോട്ടിലിരിക്കുന്ന ഗുരുവിന്റെയും ശിഷ്യന്മാരുടെയും ചിത്രമുള്ളതും ജവഹര്‍ലാല്‍ നെഹ്‌റു വിന്റെ ചിത്രമുള്ളതും ആയ സ്റ്റാമ്പ് കുറെക്കാലം ഉണ്ടായിരുന്നു. “എനിക്ക് സ്റ്റാമ്പ് വേണ്ട.അത് കൊണ്ട് ഞാന്‍ പൈസയും തരില്ല” എന്ന് പറഞ്ഞാല്‍ ക്ലാസ് ലീഡര്‍ ടീച്ചറോട് പേരെടുത്ത് പരാധി പറഞ്ഞു കൊടുക്കും. ഏതോ ധനശേഖരണാര്‍ഥം സ്കൂളില്‍ വെച്ച് ‘കിരീടം’  പ്രദര്‍ശിപ്പിച്ചപ്പോള്‍ , സിനിമകണ്ട് കരഞ്ഞ് കണ്ണ് കലങ്ങിയത് ആരും കാണാതിരിക്കാന്‍ പണിപ്പെടുമ്പോഴാണ് മനസ്സിലായത്, എല്ലാവരും കരഞ്ഞിട്ടുണ്ട്. അധ്യാപകരുടെ മുഖത്തുമുണ്ട് ഒരു വിഷാദം എന്ന്. ശെരിക്കും പറഞ്ഞാല്‍ അവിടം മുതലാണ്‌ മോഹന്‍ലാല്‍ എന്ന ഇന്ദ്രജാലക്കാരനെ സിനിമയുടെ തമ്പുരാന്‍ ആയി  ഞങ്ങള്‍ പലരും പ്രതിഷ്ഠിച്ചത്.

പോലീസ് സ്റ്റേഷന്‍ അടുത്തുള്ള സ്കൂള്‍ ആയതിനാല്‍  ഇവിടുത്തെ ഒര് അച്ചന്റെ മകനായി ഈ സ്‌കൂളില്‍ത്തന്നെയാണ്  സേതുമാധവനും പഠിച്ചതെന്നൊരു തെറ്റിദ്ധാരണ കുറെക്കാലം കൊണ്ടുനടന്നു.

മാജിക്കുകാരന്‍ വരുന്ന ദിവസം ഉച്ചയ്ക്കുശേഷം സ്‌കൂളുണ്ടാവില്ല. ക്ലാസുകള്‍ക്കിടയിലെ പന ഓല കൊണ്ട് കെട്ടി ഉണ്ടാക്കിയ തട്ടികള്‍  മാറ്റി ഒരു ഹാള്‍ ആക്കിയിട്ടുണ്ട്. ചെറിയ കുട്ടികള്‍ മുന്നില്‍ ,വലിയവരൊക്കെ പിന്നിലുമെന്ന് ഹെഡ്മാമാഷ്‌  വിളിച്ചുപറഞ്ഞെങ്കിലും ചിലരൊക്കെ കൂനിക്കൂടി, സൂത്രത്തില്‍ അവിടെത്തന്നെ ഇരുന്നു. പൂവുണ്ടാക്കുന്നത് പഠിപ്പിക്കുന്ന ഒരു പുസ്തകമുണ്ട്. അതുനോക്കി എത്ര ശ്രമിച്ചിട്ടും മാജിക്കുകാരനുണ്ടാക്കിയ പൂപോലായില്ല. കടലാസുകൊണ്ട് നോട്ടുണ്ടാക്കിയതും , രണ്ട് കഷ്ണങ്ങള്‍ ആക്കി വലിച്ചെറിഞ്ഞ ചോക്ക് അനൂപിന്റെ കീശയില്‍ നിന്നും എടുത്തതും  അത്ഭുതമായി.’മെയ്ഡ് ഇന്‍ ചൈന’യുടെ സ്വര്‍ണനിറ ടോപ്പുള്ള ഹീറോ പെന്‍ മിക്കവരുടെയും ഒരു സ്വപ്നമാണ്. പക്ഷേ, പലരും സ്വന്തമാക്കിയ ശേഷമാണ് ഒരു ‘ഹീറോ’ സ്വന്തമായി കിട്ടിയത്. നാടന്‍ മഷി  പേനകളെ അപേക്ഷിച്ച് അതിന് ലീക്കുണ്ടാവില്ല. പേനയുടെ ലീക്ക് സോപ്പുവെച്ച്  അടയ്ക്കുന്ന വിദ്യ ആദ്യമായി ക്ലാസില്‍ കാണിച്ചത് വിമല്‍ രാജ് ആണ്.സ്‌കൂളിന്റെ സൈഡില്‍ ഉള്ള പള്ളിയുടെ മേല്‍ക്കൂര നിറയെ പ്രാവുകളും കാക്കകളും ആണ്.  ടീച്ചറുടെ പദ്യത്തിന്റെ പശ്ചാത്തല സംഗീതം പോലെ അവയുടെ പ്രാകുറുകല്‍ കേള്‍ക്കാം. ക്ലാസിന്റെ പിറകില്‍ വലിയോരു കൊക്കയാണ് . കുട്ടികള്‍ വഴിതെറ്റി അതിലേക്ക് വീഴാതിരിക്കാന്‍ കമ്പി വേലി കൊണ്ട് കെട്ടിയിട്ടുണ്ട്. ഒരുപാട് കഥകള്‍ ആണ് ആ കുഴിയെപറ്റി പലരും പറഞ്ഞു കേട്ടിട്ടുള്ളത്. കളഞ്ഞു പോയത് എന്തേലും എടുക്കാന്‍ അതില്‍ ഇറങ്ങിയവന് ക്ലാസില്‍ കുട്ടികളുടെ മുന്‍പില്‍ ഹീറോ ഇമേജും മാഷന്മാര് അറിഞ്ഞാല്‍ ചൂരല്‍ പ്രയോഗവും ആണ്.

ഒന്നാം ക്ലാസിന്റെ അരികില്‍ ഉള്ള വലിയ പള്ളി മണിയോട് ചേര്‍ന്നുള്ള മൂലയിലാണ് കഞ്ഞിപുര. ഉച്ചക്ക് പയര്‍ വെന്ത മണം പരക്കുമ്പോള്‍ ഇരിക്കപ്പൊറുതിയുണ്ടാവില്ല. പ്ലേറ്റുകള്‍ കുറവാണ്. നേരത്തേ എത്തുന്നവര്‍ക്ക് പാത്രം കിട്ടും. പാത്രം കൊണ്ടുവരാന്‍ മടിയാണ്. പാത്രം ആദ്യം കിട്ടിയില്ലെങ്കില്‍ ആരുടെയെങ്കിലും ഒഴിയുന്നതുവരെ കാത്തിരിക്കണം. പാത്രംകിട്ടാതെ ക്ഷമകെട്ടപ്പോള്‍ ചിലര്‍ കുറുന്തോട്ടിയുടെ ഇല പറിച്ച് കഞ്ഞി വാങ്ങി. കഞ്ഞി വിളമ്പുമ്പോള്‍ കുട്ടികളുടെയും കാക്കകളുടെയും ആരവവും പൂരവുമാണ്. കഴുകി തിരികെ കൊണ്ട് വെക്കുമ്പോള്‍ അതിനു പുറത്ത് താളം പിടിക്കല്‍ ഒര് ശീലം ആയിരുന്നു.  ആഗസ്ത് പതിനഞ്ചിന് പായസമാണ് വെക്കുക.കീശയുടെ മുകളില്‍ ദേശീയ പതാക പിന്‍ ചെയ്തു വെച്ച് അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ അത് വരെ ഇല്ലാത്ത എന്തോ ഒര് എന്തെന്നില്ലാത്ത ഭാവമാണ് മനസ്സില്‍ . അന്നേ ദിവസം പോലീസ് സ്റ്റേഷനില്‍ മുട്ടായി വാങ്ങിക്കാന്‍ പോകും .ഭയങ്കര സന്തോഷത്തോട് കൂടെ ആണ് കുട്ടികളോട് അവിടെ ഉള്ളവര്‍ പെരുമാറുക.എത്രവേഗമാണ് വര്‍ഷങ്ങള്‍ കടന്നുപോകുന്നത്. പരീക്ഷയും കഴിഞ്ഞു. അടുത്തകൊല്ലം ഈ സ്‌കൂളിലില്ല. പറഞ്ഞറിയിക്കാനാവാത്ത ഒരു വിഷമവും വേദനയുമുണ്ട്. നാല് വര്ഷം കളിച്ചും കരഞ്ഞും പഠിച്ചുമൊക്കെ കഴിഞ്ഞുകൂടിയ ഇടം. പക്ഷേ, പോകണമല്ലോ. ഒക്കെ കാലത്തിന്റെ കവടിനിരത്തല്‍. ‘ജനഗണമങ്ങള് ധായാക് ജയഹെ ….. ജയജയജയ ജയഹേ’ .കൂട്ടബെല്‍ അടിക്കുന്നതിപ്പോള്‍ ഹൃദയത്തിലാണ്.


ഇന്ന്, സീലു പതിച്ച യൂണിഫോമില്‍ പൊതിഞ്ഞ് പാവകളെപ്പോലെ വണ്ടിയും കാത്തിരിക്കുന്ന കുട്ടികള്‍ക്കെന്ത് വഴിക്കാഴ്ചകള്‍. പിസ്സയും ന്യൂഡില്സും കഴിക്കുന്നവര്‍ക്ക് എന്ത് പുളി അച്ചാറും ജോകരയും … ??  ട്യൂഷനും  മറ്റു കാര്യങ്ങളും കഴിഞ്ഞ് കളിക്കാനുമില്ല നേരം! കൂസ്‌ളുകള്‍ കെട്ടിടങ്ങള്‍ മാത്രമായിത്തീര്‍ന്നിരിക്കുന്നു. മഴ പെയ്യുമ്പോള്‍ കേറി നിന്നാലും ജയിച്ചു കേറാമെന്ന  അവസ്ഥ വന്നിരിക്കുന്നു. കഠിന നിയന്ത്രണങ്ങളുമായി യന്ത്രംപോലൊരു ജീവിതം. ക്ലാസ് ഫോട്ടോയ്ക്കു പകരം ക്ലാസ് മൂവികള്‍ വന്നിരിക്കുന്നു. ഫോട്ടോകള്‍ നിമിഷാര്ദ്ധങ്ങള്‍ക്കകം എല്ലാരും കാണുന്നു.  പക്ഷേ ഓര്‍ത്തുവെക്കാന്‍മാത്രം ഒന്നുമില്ലാത്തവരായിത്തീരുന്നില്ലേ ഈ തലമുറ എന്ന സംശയം ബാക്കി. ക്ലാസ്‌ഫോട്ടോ കാലംകൊണ്ട് മങ്ങിയെങ്കിലും ഓര്‍മകള്‍ക്ക് പണ്ടത്തേക്കാള്‍ മിഴിവേറിവരുന്ന പഴയ തലമുറ എത്ര സുകൃതികള്‍ …!!

പുത്തന്‍ ബാഗും കുടയും പുസ്തകങ്ങളുമായി അറിവിന്‍റെ തിരുമുറ്റത്തേക്ക് കാലെടുത്തു വെക്കുന്ന എല്ലാ സഹോദരി സഹോദരങ്ങളേയും   സര്‍വശക്തനായ ജഗദീശ്വരന്‍ അനുഗ്രഹിക്കുമാറാകട്ടെ ….

Inspired post from  മാതൃഭുമി വാരാന്ത്യം 2012….!!

No comments:

Post a Comment