Monday, April 2

ഞാന്‍ ശ്രീനി,ശ്രീനിവാസന്‍,ശ്രീനിവാസന്‍ സുധാകരന്‍

അജാനൂര്‍ അമ്പലത്തിലെ ദണ്ഡന്‍ തെയ്യം കെട്ടുന്ന ആയത്താന്‍ അച്ഛന്റെ മോന്‍ ശ്രീനിവാസന്റെ നടപ്പും , ബോഡി ഷോയും ഒക്കെ കണ്ടാല്‍ വലിയ സല്‍മാന്‍ഖാന്റെ കൊച്ചമ്മേടെ മോന്‍ ആണെന്നെ തോന്നൂ. വീട്ടിലെ അടുപ്പില് ഒണക്ക മീന്‍ ഫ്രൈ ആണ് പുകയുന്നതെങ്കിലും കുളിക്കാന്‍ പോകുമ്പോ പോലും ടിപ്പും, ടോപ്പും ഒക്കെ കൊണ്ടേ ശ്രീനി പോകാറുള്ളൂ..എന്റെ ഭാവി ജപ്പാനിലെ സുനാമി എത്താത്ത സ്ഥലത്ത് സുരക്ഷിതം ആണെന്ന് സ്വയം ബോണ്ട്‌ എഴുതി ഒപ്പിട്ടാണ് ശ്രീനി നടക്കുന്നത്.അത് കൊണ്ട് വേറെ പണിക്കു പൂവനൊന്നും അവന്‍ intrest കാണിച്ചു ബുധിമുട്ടാറില്ല.

അവന്റെ അമ്മ ശ്യാമളേട്ടി മീന്‍ വില്‍ക്കാന്‍ പോയി കഴിഞ്ഞു കഴിഞ്ഞാല്‍ പിന്നെ പണിക്കു പോകാത്ത ശ്രീനി വീട്ടില്‍ ഒറ്റക്കാവും, തന്നെ കൊണ്ട് കഴിയുന്നത്ര, പാലും പാല്‍പ്പൊടിയും ,പഞ്ചാരയും, ചിരകാന്‍ വെച്ച തേങ്ങയും , മാങ്ങയും ഒക്കെ കിരണ്‍ ടിവിലെ പെണ്ണിനോട് ഫോണില്‍ വിളിച്ചോണ്ട് പാട്ട് ഡെഡിക്കേറ്റ് ചെയ്തു അകത്താക്കലാണ് അവന്റെ പകല്‍സമയത്തെ പ്രധാന പരിപാടി. ടൌണില്‍ ഇറങ്ങുന്ന ഏറ്റവും ഫാഷനബിളായ ഡ്രസ്സ്‌ ആദ്യം പോയി വാങ്ങിച്ചിടുന്നത്‌ അവനാണ്. എന്ത് അല്‍ഗുല്ത് ആണെങ്കിലും ശ്രീനിന്റെ കോസ്ട്ട്യൂംസ് എപ്പോഴും ട്രെന്‍ഡ് ആണ്. പെട്ടി ഒട്ടോറിക്ഷേടെ ഡിക്കി പോലത്തെ ചന്തി ഉള്ള അവന്‍ ലോ വേസ്റ്റും ചെക്ക് കുപ്പായോം ഒക്കെ ഇട്ടു നടക്കുന്നത് കാണുമ്പോ തന്നെ ചിരിവരും , കാലക്കേടിനെങ്ങാനും ഒന്ന് മുന്നോട്ട് കുനിയെണ്ടി വന്നു കഴിഞ്ഞാല്‍ ഷക്കീല പടത്തില്‍ കാണുന്നത് പോലുള്ള ചില സംഗതികള്‍ അവന്റെ ബാക്കില്‍ കാണാനാകും, ആരൊക്കെ എന്തൊക്കെ ഉപദേശിച്ചാലും ശ്രീശാന്തിനു മാന്‍ ഓഫ് ദി മാച്ച് കിട്ടിയ പോലെ തലയും വാലും ഇല്ലാത്ത ഡയലോഗ് അവന്‍ പറഞ്ഞു തുടങ്ങും.

പത്താം ക്ലാസ് ജയിക്കാന്‍ എല്ലാ വിഷയങ്ങള്‍ക്കും മിനിമം 10 മാര്‍ക്ക് ബാറ്റിംഗ് പവര്‍ പ്ലേയില്‍ തന്നെ എടുക്കണം എന്ന MA .ബേബി സര്‍ക്കാരിന്റെ ഡത്ത് വര്‍ത്ത് ലൂയിസ് നിയമം വന്ന ആദ്യ ബാച്ചിലെ കണ്ണിയാണ് ശ്രീനി. ടൂര്‍ണമെന്റ് കഴിയാന്‍ ഒരോവര്‍ കൂടി ബാക്കി ഉണ്ടായിരുന്ന ബയോളജി പരീക്ഷേടെ അന്ന് രാവിലെ സ്കൂളില്‍ പോണ വഴിക്ക് ഉജാല മുക്കി വാട്ടി എടുത്ത അവന്റെ വെളുത്ത ഷര്‍ട്ടിലേക്ക് തൈക്കടപ്പുറം ഐസ് പ്ളാന്റിലേക്ക് 100 -100 -ല്‍ വിട്ടടിച്ചു പോയ മീന്‍ വണ്ടിക്കാരന്‍ കുറച്ചു മീന്‍ വാട്ടര്‍ സ്പ്രേ ചെയ്തു കൊടുത്തതിന്റെ ഫലമാണ് അവന്റെ ഭരത് ചന്ദ്രന്‍ ഐ.പി.എസ് മോഹങ്ങള്‍ വാടി ഉണങ്ങിയത്‌.ഇന്നായിരുന്നെങ്കില്‍ മഴ പെയ്യുമ്പോ സ്കൂളില്‍ കേറി നിന്നാലും പാസാകും അല്ലോ.??

കോസ്റ്റ്യൂം & ഹെയര്‍ ഡ്രെസ്സിങ്ങില്‍ ഉള്ള സെയിം കോണ്‍സണ്ട്രെഷന്‍ ശ്രീനി അവന്റെ സംസാര ഭാഷയിലും കൊടുക്കാറുണ്ട്.ഞങ്ങള്‍ ഒക്കെ ലോക്കല്‍ നെറ്റ്‌വര്‍ക്ക് പുഞ്ചാവി ഹിറ്റ്‌സ് ” ആട , ഈട, ബന്നിനാ , പോയിനാ , കൈക്കറോ , തുന്നറോ , ഒരിക്ക മതിയാക്ക് പ്പാ !ചാവ് എന്നൊക്കെ നാട്ടുകാര്‍ക്ക് മൊത്തം മനസിലാവുന്ന ചുവന്ന മലയാളത്തില്‍ പറയുമ്പോള്‍ ശ്രീനി , അവിടെ, ഇവിടെ, വന്നു, പോയി, കഴിക്കൂ, തിന്നൂ, എന്നൊക്കെ അള്ളിപ്പിടിച്ചാണ് പറയുന്നത്. എല്ലാം ആള്‍ക്കാരുടെ മുന്നില്‍ ഷൈന്‍ ചെയ്യാനുള്ള ഓരോ നമ്പരുകള്‍ …!!! ഫ്ലൈറ്റില്‍ പോയി ഗള്‍ഫ്‌ കണ്ട കുറച്ചു ദുബായിക്കാരന്മാര്‍ക്കും ഉണ്ട് ഇതേ ഭാഷ പരിജ്ഞാനം…;-) പുതുതായി പരിചയപ്പെടുന്ന ആരേലും പേര് ചോദിച്ചാല്‍ , കൂനന്‍ വിമല്‍ കുമാര്‍ ആക്കിയത് പോലെ ” ശ്രീനിവാസന്‍ സുധാകരന്‍ ” എന്ന പാസ്പോര്‍ട്ട് നിലവാരത്തിലുള്ള പേരെ അവന്‍ പറയാറുള്ളൂ. അവനെ നാട്ടില്‍ ശ്രീനിവാസന്‍ എന്നതിന് പകരം പ്രിത്വിരാജ് അല്ലെങ്കില്‍ പൌറന്‍ ശ്രീനി , എന്നാണു എല്ലാരും വിളിക്കാറ്. ആള്‍കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ അവന്റെ വട്ട പേര് വിളിച്ചു കളിയാക്കല്‍ ഒരു ശീലം ആയി ഏറ്റെടുത്ത ഒരുപാട് ചെക്കന്‍ മാരുണ്ട് അവിടെ.

രാവിലത്തെയും വൈകുന്നെരത്തെയും വെയില്‍ കൊണ്ടാല്‍ വിറ്റാമിന്‍ “ഡി” ഇന്‍ക്രീസ് ആവും എന്ന കടപ്പുറം സ്കൂളിലെ സുരേന്ദ്രന്‍ മാഷിന്റെ തിയറി ഹെന്‍ട്രിക്കെതിരെ ആദ്യം മുന്നോട്ട് വന്നത് ശ്രീനി ആയിരുന്നു.വെയില്‍ കൊണ്ടാല്‍ ഫയര്‍ & ലൌലി കമ്പനിക്കാര്‍ക്ക് കൊടുക്കുന്ന പൈസ വെറുതെ ആവും എന്നതിനാല്‍ ക്രിക്കെറ്റും ഫുട്ബോളും പോയിട്ട് ചെസ്സ്‌ കളിയ്ക്കാന്‍ പോലും അവന്‍ പോവാറില്ല.പാദാരവിന്ദം മുതല്‍ കേശാരവിന്ദം വരെ മൂടി കെട്ടിയാണ് ശ്രീനി പകല്‍ സമയങ്ങില്‍ സൈക്കിളില്‍ പോവുന്നത്.വീട്ടില്‍ ഇരിക്കുമ്പോള്‍ ഓരോ മണിക്കൂറിലും ഡ്രിങ്ക്സ് ബ്രേക്ക്‌ കൂടാണ്ട് ഫേസ് വാഷ് ബ്രേക്കും അവന്‍ എടുക്കും.

ഞങ്ങടെ നാട്ടിലെ അമ്പലത്തിലെ ആചാരം ഉള്ള ആള്‍ക്കാര്ക്ക് ഷര്‍ട്ട്‌ എല്ലാ സമയത്തും പ്രോഹിബിറ്റട് ആണ്. ഷര്‍ട്ടിനു പകരം മേല്‍മുണ്ട്‌ വെച്ചാണ് അവര് ദേഹം മറയ്ക്കുന്നത്.അതുപോലെ ഒരു അചാരക്കാരന്‍ -കം- വെളിച്ചപ്പാടന്‍ ആണ് ശ്രീനിയുടെ അച്ഛന്‍.അമ്പലത്തിലെ പൂരത്തിന്റെ 9 ദിവസവും തെയ്യം കെട്ടി ആടുന്ന കൂട്ടത്തില്‍ അവന്റെ അച്ഛനും ഉണ്ടാവാറുണ്ട്.എല്ലാരും അമ്പലത്തിലെ അചാരക്കാരെ അച്ചന്മാര്‍ എന്ന് വിളിക്കും.അതിപ്പോ അച്ഛന്റെ മോനാണ് ആചാരം കിട്ടിയിട്ടുള്ളതെങ്കില്‍ അച്ഛനും മകനെ “അച്ഛാ”ന്നു വിളിക്കണം …!! ;-) അചാരക്കാരുള്ള ഫാമിലിയോട് നാട്ടുകാര്‍ക്ക് എല്ലാം കുറച്ചൊരു ബഹുമാനം ഒക്കെ ഉണ്ടാവും.വെളിച്ചപാട് കൂടി പണ്ട് ചുട്ട കോഴിനെ പറപ്പിച്ചു അതിന്റെ മുട്ട വെച്ച് ഓംലെറ്റ്‌ അടിച്ചിട്ടുള്ള ആളാണ്‌ ശ്രീനിയുടെ അച്ഛന്‍ എന്ന് പഴയ കുറെ കഥകള്‍ ഉണ്ട്…!!

ഒരിക്കല്‍ , അമ്പലത്തില്‍ പൂരം നടക്കുന്ന സമയം. അന്നേ ദിവസം രാത്രി ഗാനമേള ആയോണ്ട് നല്ല തിരക്കുണ്ടായിരുന്നു.ശ്രീനി അവന്റെ സ്വര്‍ണ ചെയ്ന്‍ പുറത്തു കാണത്തക്ക രീതിയില്‍ ഷര്‍ട്ടിന്റെ കോളര്‍ അഡ്ജസ്റ്റ് ചെയ്ത് ടൌണില്‍ നിന്നും ഇമ്പോര്‍ട്ട് ചെയ്ത ചങ്ങായിന്റെ തോളില്‍ കൈ തൂക്കിയിട്ട് കറങ്ങി അടിച്ചു നടക്കുവായിരുന്നു.അപ്പോഴാണ്‌ പടിപ്പുരയില്‍ അവന്റെ മമ്മി ശ്യാമളേട്ടിയും സിസ്റ്റര്‍ അഭയയും വേറെ കുറെ മംഗലാപുരം മുല്ലപ്പൂ ചൂടിയ കളര്‍ഫുള്‍ ചെല്ലകിളികളോട് പാരിജാതം സീരിയലിന്റെ അന്നത്തെ എപ്പിസോഡിനെപ്പറ്റി ഫോര്‍ത്ത് അമ്പയര്‍ കളിക്കുന്നത് അവന്‍ കണ്ടത്.ആ അമ്മച്ചിക്കാണെങ്കില്‍ വായ നിറച്ചും നാവാണ്.അതുകൊണ്ട് തന്നെ കത്തിയടിയും ശ്യാമളേട്ടിയും കീ-ബോര്‍ഡും മൗസും പോലെ ആണ്..!! അമ്മയ്ക്കും പെങ്ങള്‍ക്കും അമ്പലത്തില്‍ പോകാന്‍ ഒരു ഓട്ടോറിക്ഷ ഒപ്പിച്ചു കൊടുക്കാന്‍ മൈന്‍ഡ് കാണിക്കാത്ത അവന്‍ അവരുടെ അടുത്തുള്ള ചാകര കണ്ടപ്പോള്‍ ഉഷാറായി മുട്ടാന്‍ പോയി.
അമ്മ എപ്പോള്‍ വന്നു ??
അമ്മ: ഞാന്‍ എങ്ങനേലും ബെരും, നിന്നോട് ഒരു ഒട്രഷ ആക്കി തരാന്‍ പറഞ്ഞിട്ട കേട്രാ നീ ?? ( പെണ്‍കുട്ടികളുടെ മുഖത്ത് സൈലന്റ് ചിരി )
ശ്രീനി (കൂട്ടുകാരനെ കാണിച്ചു കൊണ്ട് ): ഞാന്‍ ഇവന്റെ കാര്‍ എടുത്ത് അങ്ങോട്ടേക്ക് വരാന്‍ ഇരിക്കുകയായിരുന്നു.അവിടെ വന്നപ്പോഴേക്കും അമ്മയെയും അഭിയെയും കാണാനില്ല.
അമ്മ : ആരെ കാറ്?? ഇവനിക്ക് അയിനു കാറ് ഇണ്ടാ ?? മതിയാക്ക്ട നിന്റെ മാഞ്ഞാളം.സിനിമാ പോസ്റ്റര്‍ ഒട്ടിക്കുന്ന ഇവനിക്കല്ലേ കാറ് നിങ്ങ രണ്ടാളും സൈക്കളും കൊണ്ട് ബയിക്ക് നിക്കുന്നെ ഞാന്‍ കണ്ടിനല്ലേ. …:-P
നീ ഒനേം കൂട്ടീറ്റ് പോയിറ്റ് ഈ കൊട്ട അച്ചനിക്ക് കൊട്ത്തിറ്റ് ബാടാ..ബീട്ട്ന്നു കൊണ്ടന്ന നനച്ച മുണ്ടും തോര്‍ത്തുമാ..!! അന്നിറ്റ് മതി നിന്റെ സ്റ്റൈലാക്കല്. ബെല്യ കപ്പല്‍ കാരന്റെ മോന്‍ന്നാ ചെക്കന്റെ ബിചാരം..!!
ആളിപടര്‍ന്ന തീയിലേക്ക് കേരള ഫയര്‍ഫോഴ്സ് വെള്ളം ചീറ്റിച്ചു കെടുത്തിയ പോലെ ആണ് അമ്മച്ചിയുടെ വാക്കുകള്‍ ശ്രീനിക്ക് നേരെ നീങ്ങിയത്. [അല്ലേലും ആ പെണ്ണുംപിള്ളക്ക് അവനെ കാണുമ്പോ ഒരു മാതിരി ഇറ്റലിക്കാര്‍ക്ക് ഇന്ത്യന്‍ ബോട്ട് കിട്ടിയ പോലത്തെ കളിയാ.. ] ചെല്ലകിളികളുടെ സൈലന്റ് ചിരി ഇതുകൂടെ കേട്ടപ്പോഴേക്കും പൊട്ടി ചിരിയായി കണ്‍വേര്‍ട്ട് ചെയ്തു.ആ ചിരിയില്‍ അവന്റെ മാനം കൂടെ കപ്പലു കേറി…:-)
ഹന്സിക്കയുടെ കാലത്തെ മക്കള്‍ക്ക്‌ ..ഷീലയുടെ കാലത്തുള്ള അമ്മമ്മാര്‍ വലിയൊരു ബാധ്യത തന്നെ ആണെന്ന് ശ്രീനി വിചാരിച്ചു…!!

ഇത് എഴുതാന്‍ പ്രേരണ തന്ന ”കുമാരേട്ടന് അല്ല കുമാരന്‍ സാറിനു ” നന്ദി ….!!!

No comments:

Post a Comment