Tuesday, July 17

No.18th… Mr. പുഞ്ചാവി -സിക്സ് പാക്ക്- !!!


കേട്ടിട്ടില്ലേ അമ്മേ പൂന്താനം പറഞ്ഞത്, പത്തുമാസം വയറ്റില്‍ കഴിഞ്ഞു പോയ്‌,പത്തു പന്തീരാണ്ട് ഉണ്ണിയായിട്ടും പോയീന്ന്…

ആകപ്പാടെ നമുക്ക് ദൈവം കനിഞ്ഞനുഗ്രഹിച്ച് തരുന്ന പത്തറുപത് വയസ്സിനിടക്ക്‌ നമ്മളൊക്കെ പത്തുമാസം അമ്മേടെ ഗര്‍ഭപാത്രത്തിലാ,പിറന്നു വീണാ പിന്നെ പത്തു പന്ത്രണ്ട് വയസ്സുവരെ ദാ,ഒരു ഉണ്ണിമാങ്ങേടെ പരുവത്തിലും… പതിമൂന്നാമത്തെ വയസ്സ് തൊട്ട് തുടങ്ങായീലെ ഏഴരശനി, കണ്ടകശനി, കേതുവിന്റെ അപഹാരം ,രാഹുര്‍ദശ എന്നൊക്കെ പറഞ്ഞ് ഓരോ കാലദോഷങ്ങള്…പത്ത് നാല്‍പ്പത് വയസ്സ് കഴിയും ആ കാലദോഷക്കടലൊക്കെ ഒന്ന് നീന്തിക്കിട്ടാന്‍,അപ്പഴോ… അപ്പോഴേക്കും തുടങ്ങായി ഷുഗറ്,പ്രഷറ്, പാല്‍പ്പിറ്റെഷന്‍, കൊളസ്ട്രോള്,ആമവാതം,സന്ധിവാതം എന്നൊക്കെപ്പറഞ്ഞ് ഓരോ ദണ്ണങ്ങള്….ഒടുക്കം മയോകാഡിയാക് ഇന്‍ഫ്രാക്ഷന്‍ എന്ന ഓമനപ്പേരിലൊരു ഹാര്‍ട്ട് അറ്റാക്കും….,,, ഠിം…!!! ഒരു ബലൂണ്‍ പൊട്ടിപ്പോവണതുപോലെ പൊട്ടിത്തെറിച്ചുപ്പോയില്ലെ,അതോടെ നമ്മുടെയൊക്കെ ജീവിതം…എന്താ സംശയം ഉണ്ടോ ആര്‍ക്കെങ്കിലും ?? [ വടക്കുംനാഥന്‍ സിനിമേല് ലാലേട്ടന്‍ കാച്ചിയ അതേ സെയിം ഡയലോഗ് വള്ളി പുള്ളി വിടാണ്ട് അനര്‍ഗനിര്‍ഗളം എന്റെ സ്വന്തം ഗഡി രഞ്ജിത്തിനെ സാക്ഷി നിര്‍ത്തി എന്റെ സ്വന്തം മാതാവിനോട് അങ്ങട് കാച്ചി]
എന്ന് പറഞ്ഞു ഹാര്‍ട്ട് പൊട്ടി തെറിക്കാണ്ടിരിക്കാന്‍ ആണോ നിനക്ക് ജിമ്മില്‍ പോണം എന്ന് പറയുന്നത് അനേശേ.??..(അമ്മ വിളിക്കുമ്പോ ധനേഷ് -ന്റെ “ധ” സൈലന്റ് ആണ് )
പെനാല്‍ട്ടി ബോക്സിലേക്ക് അടുപ്പിക്കുന്നതിനു മുന്‍പേ അമ്മയുടെ ലോങ്ങ്‌ റേഞ്ച് …ഗോള്‍ ..!!!
തൊടുത്ത ഷോട്ട് ക്രോസ് ബാറില്‍ തട്ടി തെറിച്ച , ക്രിസ്റ്റാന്യോ റൊണാള്‍ഡോയെ പോലെ  സ്റ്റക്ക് ആയി ഞാന്‍ നില്‍ക്കുമ്പോള്‍ രഞ്ജി അവന്റെ ട്രേഡ് മാര്‍ക്ക് ചിരി ചിരിച്ച് അടുക്കളയിലേക്ക് കയറിപ്പോയി.

അതല്ലമ്മേ..എല്ലാരും പോന്നുണ്ടല്ലോ , അപ്പൊ ഞാനും പോവാന്ന് വിചാരിച്ചു, ഇത്രയും കാലം പഴം കഞ്ഞീലും , മത്തിപൊരിച്ചതിലും , ഹോര്‍ലിക്ക്സിന്റെ കുപ്പീലും ഒക്കെ ട്രൈ ചെയ്തത് അല്ലെ, ഇനീപ്പോ ജിമ്മില്‍ പോയി നോക്കാന്നെ, അമ്മ ഒരു നൂറു ഉറുപ്പ്യ അനക്ക് മേണിച്ചാമ്മേ ,!!

അങ്ങനെ അമ്മ അച്ഛന്റെ അടുത്തു നിന്നും ഒപ്പിച്ചു തന്ന വൈറ്റ് മണിയും, പഴേ ഒരു ഓല ക്യാസറ്റ് ഇട്ടു പാടിപ്പിക്കുന്ന വാല്‍ക്മാന്‍ വീരപ്പന്‍ അജേഷിനു വിറ്റുകിട്ടിയ ബ്ലാക്ക് മണിയും, പിന്നെ അമ്മമ്മേടെ അടുത്തുന്നും അച്ചച്ചന്റെ അടുത്തുന്നും പിരിച്ചു കിട്ടിയ പിരിവ് മണിയും കൂടെ ചേര്‍ത്ത് ഞാനും രഞ്ജിയും ചരിത്രവും പൌരാണികതയും ഉറങ്ങിക്കിടക്കുന്ന കാഞ്ഞാങ്ങാട്ടെ കൊറേ കട്ടകളെ വാര്‍ത്തെടുത്ത കട്ടക്കമ്പനി “ഹനുമാന്‍ ” ജിമ്മില്‍ അഡ്മിഷന്‍ വാങ്ങിച്ചു.

റേഷന്‍ അരി ചുമലില്‍ താങ്ങി കൊണ്ടുവന്നാല്‍ ഉളുക്കി പോകും എന്ന് പേടിക്കുന്ന പതിനഞ്ച് വയസുമുതല്‍ അങ്ങോട്ടുള്ള പ്രായത്തില്‍ , എല്ലാ ചെക്കന്മാരെയും പോലെ ജിമ്മില്‍ പോയി 1 കിന്റലിന്റെ ഇരുമ്പ് പെട്ടി പോക്കിയിട്ടാണേലും സല്‍മാന്‍ഖാന്‍ ആയാല്‍ മതി എന്ന ഒരൊറ്റ ലക്‌ഷ്യം മാത്രമേ അന്ന് മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ.അല്ലാണ്ട് ചില പഴയ ലോക്കല്‍ കട്ടകളെ പോലെ സില്‍ക്ക് സ്മിതയുടെ ബ്ലൌസ് പോലത്തെ ബനിയനും ഇട്ടു കക്ഷത്തില്‍ ഇഷ്ടിക സപ്പോര്‍ട്ടിന് വെച്ചപോലെ നടന്നു അമല്‍ നീരദ് കളിക്കണം എന്നൊന്നും എനിക്ക് ആഗ്രഹം ഇല്ലായിരുന്നു.ഇനിയിപ്പോ രഞ്ജിത്തിന് ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ലാട്ടോ..;-)

പല്ലിയെ പോലെ ലിവറും കുടലും ഹാര്‍ട്ടും എല്ലാം വ്യക്തമായി കാണുന്ന എന്റെ ട്രാന്‍സ്പെരന്‍റ് ബോഡിയും കാലന്‍ കുട പോലെ ഉള്ള ഷേപ്പും ഇമ്പ്രൂവ് ചെയ്യണമെന്നു തോന്നിയത് പുഞ്ചാവിയിലെ പേര് കേട്ട കട്ടയായ സന്തോഷിനെയും ദേഹം മുഴുവന്‍ നെയ്യപ്പം പൊങ്ങിച്ചു വെച്ച പോലെ ഇരിക്കണ അവന്റെ സിക്സ് പാക്കുകളെയും കണ്ടന്നു മുതലാണ്‌.ചള്ള് പ്രായത്തിലെ കട്ടയും മണ്ണും കല്ലും , എല്ലാം ഒരുമിച്ചു പൊക്കി നടന്നോണ്ട് മൂപ്പര്‍ക്ക് നല്ല ഫിറ്റ്‌ ബോഡിയാണ് , പക്ഷെ അതിനു ആനുപാതികമായി ഉയരം ദൈവം കൊടുത്തില്ല, മതില് ചാട്ടം, കുളിനോട്ടം എന്നിവ ഇതിയാന്റെ മെയിന്‍ വീക്നെസ് ആണെന്ന് ഭഗവാന്‍ നേരത്തെ മനസിലാക്കിയോണ്ട് ആയിരിക്കും ആശാന് ഉയരം ഹൈക് ചെയ്തു കൊടുക്കാതിരുന്നത്.

പുഞ്ചാവിയില്‍ നിന്ന് 6 കിലോമീറ്റര്‍ മാറി കാഞ്ഞങ്ങാട് ടൌണില്‍ ആണ് ഹനുമാന്‍ ജിം.വെളുപ്പിന് 5 മണിക്ക് എഴുന്നേറ്റു സൈക്കിളില്‍ സവാരി ഗിരി ഗിരി നടത്തിയാലെ 6 മണിക്കത്തെ ഷോക്ക് കേറാന്‍ ഒക്കൂ. എന്റെ ഹത ഭാഗ്യം എന്ന് പറഞ്ഞ മതിയല്ലോ, മൂക്കിന്റെ താഴെ എന്നെക്കാളും നന്നായി പൂട കിളിര്‍ത്തിട്ടുണ്ടെങ്കിലും രഞ്ജിത്ത് സാറിനു സൈക്കിള്‍ പോയി ഉന്തുവണ്ടി പോലും ഓടിക്കാന്‍ അറിയില്ല, പഠിപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ കടപ്രം ആശുപത്രീലെ കമ്പോണ്ടര്‍ ഭാസ്കരേട്ടന് കൈകൂലിയും കൊടുക്കേണ്ടി വന്നിട്ടുണ്ട്. ആദ്യമായി ജിമ്മില്‍ പോണതിന്റെ തലേ ദിവസം ഉറങ്ങാന്‍ കിടക്കുന്ന വരെയും കണ്ണാടിയുടെ മുന്‍പില്‍ ആയിരുന്നു.ഓക്സിജന്‍ ഫുള്‍ അകത്തു വലിച്ചു കേറ്റിവെച്ച് f-ടിവിയിലെ അത്യാവശ്യ സ്ഥലങ്ങളില്‍ മാത്രം കോറതുണി കീറി വെച്ച് ഷോ കാണിക്കുന്ന വെള്ളകാരി ചേച്ചിമാരുടെ  റാമ്പിലുള്ള അതേ വാല്‍കിംഗ് സ്റ്റൈല്‍ തന്നെ ഞാനും രഞ്ജിത്തും മാറി മാറി ഫോളോ ചെയ്തു.

ജിമ്മിലെ ആദ്യ ദിവസം ആദ്യ രാത്രി പോലെ ആയിരുന്നു, 10 പുഷപ്പിനു 20 , 5 പുള്ളപ്പിനു 10 അങ്ങനെ എല്ലാം പറഞ്ഞതിന്റെ രണ്ടിരട്ടി ചെയ്തു.സീനിയോരിറ്റി ഉള്ള കട്ടകള്‍ ഏതാട ” ഈ റെയില്‍ കണ്ട വയനാടുകാരന്‍” എന്ന രീതിയില്‍ നോക്കുന്നുടെങ്കിലും അവരെ ഒന്നും മൈന്‍ഡ് ചെയ്യാന്‍ നേരം ഇല്ലായിരുന്നു.പോരാണ്ട് ,ഗുരു ദക്ഷിണ കൊടുത്തപ്പോ വെജിറ്റബിള്‍ ബിരിയാണിയില്‍ ചിക്കെന്‍ കാല് കിട്ടിയപോലെ ഞാനാണ് ശരിക്കും മുതലാളി എന്ന രീതിയില്‍ ആശാന്‍ പറഞ്ഞുതന്നായിരുന്നു വേറൊരുത്തനും പറയുന്നത് കാര്യമാക്കണ്ടാന്ന്.അങ്ങനെ ഞങ്ങളും ജിമ്മായത്തിന്റെ അഭിമാനത്തില്‍ Mr . പുഞ്ചാവി കട്ട സന്തോഷ്‌ നമ്മളെ കാണണേ എന്നും , എന്റെ അപ്പോഴത്തെ LAN കണക്ഷന്‍ സന്ധ്യ ബസ്‌സ്റ്റോപ്പില്‍ തന്നെ നിന്നിട്ടുണ്ടാവണേ എന്നും കുന്നുമ്മല്‍ അമ്പലത്തിലെ അയ്യപ്പന് ഒരു ഉര്‍പ്യ നേര്‍ച്ച ഇട്ടു പ്രാര്‍ത്ഥിച്ചിട്ട് ഗുജിരി സൈക്കിളും എടുത്തു പുഞ്ചാവിക്ക് വിട്ടു.

രഞ്ജി: ആവശ്യത്തില്‍ കൂടുതല്‍ എയര്‍ പിടിക്കുന്നെല്ലേ അനേശേ, ബാക്കി ഒരു ഉര്‍പ്പ്യക്ക്‌ സൈക്കിളിനു കാറ്റ് അടിച്ചേക്ക് ,അല്ലേല്‍ ചിലപ്പോ ട്യൂബ് പൊട്ടിയക്കണ്ട..:-P
മാ….പ്പു.. ..ഫസ്റ്റ് ഡേ തന്നെ താങ്ങാന്‍ തൊടങ്ങി,..തെണ്ടി ..!!
“നിനക്ക് മനസിലായല്ലേ ,എയര്‍ പിടിക്കുന്നുണ്ടെന്നു . ആരോടും പറയണ്ടാട്ട, പുളി അച്ചാര്‍ വാങ്ങി തരാം..:-D “

അന്ന് രാത്രി പഠിച്ചപണി 18 -ഉം നോക്കിയിട്ട് ഉറക്കം ഏഴയലത്ത് വന്നില്ല. സൗമ്യക്ക്‌ ആദ്യത്തെ ലവ് ലെറ്റര്‍ കൊടുത്ത ദിവസം ഇതിനെക്കാളും നേരത്തെ ഉറക്കം വന്നായിരുന്നു.ഇടക്കിടക്ക് എഴുന്നേറ്റ് കൈ പിടിച്ച് മസിലു വരുന്നുണ്ടോ എന്നു നോക്കി. അറ്റ്‌ ലീസ്റ്റ് മസില്‍ വരുന്ന സൌണ്ടെങ്കിലും കേട്ടാ മതിയാരുന്നു.പക്ഷെ , എല്ലാ തെറ്റിദ്ധാരണകളും തെറ്റിച് വന്നത് മേലു വേദനയും കൈക്കും കാലിനും നീര്‍ക്കെട്ടുമായിരുന്നു. അതു കൊണ്ട് പിറ്റേന്ന് പ്രഭാത കര്‍മങ്ങള്‍ പോലും ചെയ്യാന്‍ പറ്റിയില്ല. ഓരോ അടി നടക്കാനും കൈ കൊണ്ട് കാലെടുത്ത് പിടിച്ച് വെക്കേണ്ടി വന്നു.മുഖം കഴുകാന്‍ വേണ്ടി വെള്ളം എടുത്താല്‍ ഹാല്‍ഫ്‌ പോര്‍ഷന്‍ കഴിഞ്ഞു മുകളിലോട്ട് പൊക്കാന്‍ പറ്റാണ്ടായി.ചന്തിക്ക് ചുറ്റും മുറിച്ച മീന്‍ കൂട്ട കെട്ടിയിട്ടത് പോലെ ആയി നടത്തം.മാര്‍ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്നാണല്ലോ കൃഷ്ണവിലാസം ഭഗീരഥന്‍പിള്ള പോലും പറഞ്ഞത്. ഒറ്റ പാക്ക് – ആറ് പാക്ക് ആക്കാന്‍ ഉള്ള ഉദ്ദേശശുദ്ധി നല്ലതായതിനാല്‍ പോക്ക് നിര്‍ത്താന്‍ തോന്നിയില്ല.

ജിമ്മില്‍ പോയി കഷ്ടപെട്ട് കട്ട ബോഡി ഉണ്ടാക്കി  എടുത്ത പുട്ട് സന്തോഷ്‌, കുള്ളന്‍ രാഹുല്‍ , കൊതുക് മിഥുന്‍ , തുടങ്ങിയ ജിമ്മന്‍മാരെ കണ്ടാല്‍ പിന്നെ എന്നെപ്പോലെയുള്ള തീരാറായ കോള്‍ഗേറ്റ് ട്യൂബുകളെ ഒന്നും ഗേള്‍സ്‌ തീരെ മൈന്‍ഡ് ചെയ്യില്ല. അത് കൊണ്ട് പഞ്ചാര അടി ബിസിനെസ്സില്‍ നില നില്‍ക്കണമെങ്കില്‍ കത്തി അടി കൂടാണ്ട് ബോഡി സര്‍വീസിങ്ങും നല്ലോണം വേണം എന്ന ആഗ്രഹം വീണ്ടും ഉച്ചസ്ഥായിയില്‍ എത്തിയപ്പോ ചന്തി ,മേല് വേദനകളോട് പോയി പണി നോക്കാന്‍ പറഞ്ഞ് ഉണക്കാനിട്ട ഷഡ്ഡിയും തോളിലിട്ട് പിറ്റേന്ന് വീണ്ടും ഹനുമാനിലേക്ക് ഇരുമ്പ് പണിക്ക് പോയി.ആദ്യ ദിവസത്തെ പണിയുടെ സൈഡ് എഫെക്റ്റ് എന്നോണം രാത്രി ലേശം കഞ്ഞി മാത്രേ പ്രാതല്‍ ആയി അകത്തു കിടപ്പുള്ളൂ. നെഞ്ചിന്റെ ഇടതും വലതും ആമത്തോടോളം കട്ടിയുള്ള രണ്ട് ബ്രാക്കറ്റുകള്‍ വരുന്നതും പെണ്‍പ്പിള്ളേരൊക്കെ ഖല്‍ബിലെത്തി പാട്ടിലെ പച്ച ടീ-ഷര്‍ട്ട് ഇട്ട പ്രിത്വിരാജിനെ കണ്ടപോലെ താരാരാധനയോടെ നോക്കുന്നതും ഞാന്‍ സ്വപ്നം കണ്ട് ഉള്ളില്‍ അഹങ്കാരത്തിന്റെ കണിക ലെവലേശം പോലും ഇല്ലാത്ത നേര്‍ത്തൊരു പുഞ്ചിരിയുമായി കൈക്ക് മസില് വരുത്തുന്ന ഡംബലില്‍ 6 ,7 കട്ടകള്‍ തൂക്കിയിട്ട് അകത്തു കേറ്റുന്ന ഓക്സിജന്റെ നാലിരട്ടി കാര്‍ബണ്‍ ഡൈ ഓക്സൈഡ് (Co2)പുറത്തു വിട്ട് കഴുത്തിന്റെ ഞരവ് ഒക്കെ ക്ലോസ് to ക്ലോസ് നിര്‍ത്തി വലിയോടു വലി തുടങ്ങി.
ഇടയ്ക്കു ഇടയ്ക്കു രഞ്ജി അവനെ കൊണ്ട് ആവുന്ന ഇംഗ്ലീഷില്‍
“വണ്‍സ് മോര്‍ ” ..”ട്രൈ” ..”ടു കെ.എഫ് “ചില്‍ഡ്” ….ടച്ചിങ്ങ്സ് …അച്ചാര്‍ ….മിച്ചര്‍ ….”യാ” .!!! “ഓകെ ” എന്നൊക്കെ പറയുന്നു. പത്തു വലി വലിച്ചത് എനിക്ക് നല്ല ഓര്‍മ ഉണ്ട്.പതിനൊന്നാമത്തെ വലി വലിക്കാന്‍ വേണ്ടി രഞ്ജി “വണ്‍സ് മോര്‍ ” പറഞ്ഞതും കാറ്റഴിച്ചു വിട്ട ഊതപന്തി( ബലൂണ്‍ )പോലെ “കുശ്…ശ് .ശൂ ….ശ്…..ശ്..” എന്ന ബാക്ക് ഗ്രൌണ്ട് മ്യൂസിക്കും ഉണ്ടാക്കി ഞാന്‍ നിലം പതിച്ചു .
കണ്ണുകള്‍ താനേ അടഞ്ഞ പോലെ —-ശൂന്യം—–

എത്ര മിനിറ്റ് കഴിഞ്ഞു എന്ന് എനിക്ക് ശരിക്കും ഓര്‍മ ഇല്ല.പതിയെ കണ്ണ് തുറന്നു നോക്കിയപ്പോ, കണ്ണൂര്‍ എഡിഷന്‍ മാതൃഭുമി പേപ്പറിന്റെ ചരമക്കോളത്തില്‍ ഹൊറിസോണ്ടല്‍ ആയി അറേഞ്ച് ചെയ്ത കുറെ പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോകള്‍ എന്റെ കണ്ണിനു മുകളിലൂടെ പെന്‍ഡുലം അടിക്കുന്ന വെലോസിറ്റിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നു.നോക്കിയപ്പോ !! രഞ്ജി മീന്‍കാരി ജാനകിയേട്ടി , മാര്‍കെറ്റില്‍ ഇരുന്നു ഈച്ചയെ ഓടിക്കുന്ന പോലെ എനിക്ക് കാറ്റ് വീശി തരിക ആയിരുന്നു.കൈ രണ്ടും നിലത്തു കുത്തി ഞാന്‍ എണീറ്റ് നില്ക്കാന്‍ ശ്രമിച്ചു , പക്ഷെ , സെല്‍ഫ് എടുത്തില്ല..!!! അതോണ്ട് രഞ്ജി എന്റെ കൈ പിടിച്ചു പൊക്കി.കാല്‍പാദം മുതല്‍ വയറിന്റെ മുകള്‍ ഭാഗം വരെ വെളിച്ചപാട് കൂടിയ പോലെ വിറയല്‍ . ഇടയ്ക്കിടയ്ക്ക് പല്ലുകളൊക്കെ കൂട്ടി മുട്ടുന്നുണ്ടോ എന്നൊരു സംശയവും ഉണ്ട്.

ആശാന്‍ : രാത്രി നേരാംവണ്ണം കഴിക്കാത്തതിന്റെ പ്രശനാ , പോയി വല്ലതും കഴിച്ചിട്ട് വാ..എന്നിട്ട് വീട്ടില്‍ പോയ മതി..!!

ഞാനും രണ്ജിയും കൃഷ്ണേട്ടന്റെ ചായപീടിയയില്‍ പോയി കാലത്തന്നെ 2 കുറ്റി പുട്ടും, കടലക്കറിയും കട്ടന്‍ചായയും വെട്ടി .കൊഞ്ചം ഓവര്‍ ആയിപോയി എന്ന തിരിച്ചറിവില്‍ എല്ലാം ഒന്ന് സെറ്റ് ആവാന്‍ വേണ്ടി ജിമ്മിലെ റസ്റ്റ്‌ റൂമില്‍ പോയി വീണ്ടും കമിഴ്ന്നു കിടന്നു.ഏതാണ്ട് അരമണിക്കൂറത്തെ കിടപ്പിന് ശേഷം എണീറ്റ് വീട്ടിലേക്ക്‌ പോകാന്‍ ഇറങ്ങി.

മാനം കപ്പല് കേറിയ കേസ് ആയതിനാല്‍ , കഴിഞ്ഞ സംഭവങ്ങളെപ്പറ്റി റിവ്യൂ നടത്താന്‍ ഒന്നും ഞാന്‍ തയ്യാറായില്ല.എങ്ങനേലും വീട് പിടിച്ച മതി എന്ന കണ്ടീഷനില്‍ ആയിരുന്നു. പുതിയകോട്ട പോലീസ് സ്റ്റേഷന്‍ കഴിഞ്ഞാല്‍ പുഞ്ചാവിക്കു 4 കിലോമീറ്റര്‍ ഓളം ഉണ്ട് .പോലീസ് സ്റ്റേഷന്‍ കഴിഞ്ഞ പാടെ വലിയൊരു ഇറക്കം ആണ്.[കണ്ണും അടച്ചു ഒറ്റ വിടിയല്‍ അങ്ങ് വിട്ടാല്‍ 2 വളവു കഴിഞ്ഞുള്ള റെയില്‍വേ ഗേറ്റിന്റെ മുന്നില്‍ പോയി നില്‍ക്കും. ] ലോ ബാറ്ററിയിലേക്ക് അടുക്കാറായ ഞാന്‍ സൈക്കിളിന്റെ മുകളില്‍ കഠിനാധ്വാനം നടത്തി വണ്ടി മുന്നോട്ടു നീക്കി.പുതിയകോട്ട ഇറക്കം ഇറങ്ങാന്‍ തുടങ്ങിയതും ശക്തമായി പെയ്ത കാറ്റിലും മഴയിലും വിസിബിലിറ്റി ഒട്ടും ഇല്ലാതായി. പെട്ടെന്ന് മുന്നില്‍ ഉണ്ടായ ഗട്ടര്‍ കട്ട്‌ ചെയ്തു വളച്ചു, സഡന്‍ ബ്രേക്ക്‌ പിടിച്ചാല്‍ പിറകില്‍ വരുന്ന പെട്ടി ഓട്ടോറിക്ഷ ഇടിക്കും, ഇറക്കത്തിന്റെ മധ്യത്തില്‍ എത്തിയതോടെ സൈക്കിളിന്റെ കണ്ട്രോള്‍ എന്റെ കയ്യില്‍ അല്ലാന്നു ഏറെക്കുറെ ഉറപ്പായി .വേറെ ഒരു മാര്‍ഗമില്ലാതെ ഞാനാകെ ആശയകുഴപ്പത്തിലായി , ഭയന്ന് തുടങ്ങിയിരുന്നു ….അതാ തൊട്ടു മുന്നില്‍ ഒരു വണ്ടി ഡബിള്‍ ഇന്റികേറ്റര്‍  ഇട്ടു നിര്‍ത്തിയിരിക്കുന്നു…സൈക്കിള്‍ നില്‍ക്കാന്‍ വേണ്ടി ബ്രേക്കില്‍ പിടിച്ച് ബ്രേക്ക്‌ കട്ടകള്‍ക്ക് മെസ്സേജ് അയച്ചെങ്കിലും ഒന്നും ഡെലിവേര്‍ഡ് ആയില്ല…!!!  മുന്നിലെ വണ്ടിക്കു തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ ഞാന്‍ സൈക്കിള്‍ വളച്ചെടുത്തു. ചളി മൂടി കിടന്ന ഒരു കുഴിയില്‍ മുന്നിലെ വീല്‍ ഇറങ്ങിയതും..നാഷണല്‍ ഹൈവേയില്‍ ചക്ക വീണു പൊട്ടിയതും, ദോശക്കല്ലില്‍ ബുള്‍സൈ പൊട്ടിചൊഴിച്ചതും ആയ 2 സീന്‍ മാറി മറഞ്ഞു…!!! ദോഷം പറയരുതല്ലോ, നല്ല അടിപൊളി വീഴ്ച ആയിരുന്നു. ഒച്ചു പറ്റിയ പോലെ പിന്നിലെ സീറ്റില്‍ ഉണ്ടായിരുന്ന രഞ്ജി പിടഞ്ഞെണീറ്റ് ചുറ്റും നോക്കി. “ഭാഗ്യം ആരും കണ്ടില്ല.”

എന്റെ ഇടത്തും വലതും കാലിലെ രണ്ടു ചിരട്ടയും , ഫ്രഞ്ച് താടി വെക്കുന്ന സ്ഥലത്തെ പോര്‍ഷനും മുറിഞ്ഞു ചോര ഒലിക്കുന്നുണ്ടായിരുന്നു. രഞ്ജിത്തിന്റെ ലുങ്കി പിന്നിലത്തെ വീലില്‍ കുടുങ്ങി കീറിയത്  അല്ലാണ്ട് സാരമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല.എക്സ്ട്രാ ഒരുബര്‍മുഡ ഇട്ടതു ഭാഗ്യം അല്ലേല്‍ , ഡെസ്ക്ടോപ്പ് ഐറ്റംസ് മൊത്തം വെളിയില്‍ ആയേനെ …!! ആക്രികടക്കാരന്‍ ചവിട്ടി ഉടച്ച “RKG” നെയ്യുടെ ടിന്‍ പോലെ ആയിരുന്നു സൈക്കിളിന്റെ കോലം.പണ്ടാരം ഓഗസ്റ്റ് 15- ഉം ഞായറാഴ്ചയും ഒരുമിച്ചു വന്നുന്നു പറഞ്ഞ മതിയല്ലോ ..!!

മൂന്നു ദിവസം എനിക്കു ശരിക്ക് ബോധം ഇല്ലായിരുന്നു. പാതി ബോധത്തില്‍ ആണെങ്കിലും ആ ദിവസങ്ങളിലെല്ലാം ഞാന്‍ ഒരുപാടു സിക്സ് പാക്ക് സ്വപ്‌നങ്ങള്‍ കണ്ടിരുന്നു.അതിരുവിട്ട സ്വപ്‌നങ്ങള്‍ കണ്ടു പൂര്‍ത്തിയാക്കുമ്പോള്‍ സന്തോഷം തോന്നിയിരുന്നു. കൂട്ടത്തില്‍ പുതിയകോട്ട ഇറക്കത്തില്‍ സംഭവിച്ചത് പോലെ ഉള്ള ദു:സ്വപ്‌നങ്ങള്‍ വീണ്ടും ഭയപ്പെടുത്തി.സാധാരണ ഉറങ്ങുമ്പോള്‍ ദു:സ്വപ്നങ്ങള്‍ അസഹാനീയമാകുമ്പോള്‍ എങ്ങനേലും കണ്ണ് തുറന്നു അതിന്റെ തീവ്രതയില്‍ നിന്നും രക്ഷപെടാമായിരുന്നു. എന്നാല്‍ ബോധം മറഞ്ഞ എന്നെ ഈ സ്വപ്‌നങ്ങള്‍ ഒരുപാടു കഷ്ടപ്പെടുത്തി…!!

–അല്ലേലും കേരളത്തിലെ ആണ്‍പിള്ളേര്‍ക്ക് എന്തിനാ സിക്സ് പാക്ക് ?? —

( ഇനിയും എഴുതാന്‍ കൈ വഴങ്ങണേ എന്ന പ്രാര്‍ഥനയോടെ…… )
വര : സുഭാഷ് ബാലന്‍

No comments:

Post a Comment