Wednesday, October 10

തൈക്കടപ്പുറംtoകാഞ്ഞങ്ങാട് (വഴി പുഞ്ചാവി,മീനാപ്പീസ്)

ഇടതു കയ്യില്‍ റാഡോ കമ്പനി അവരുടെ ചൈനയിലെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ നിന്നും ഇറക്കുന്ന ഗോള്‍ഡ്‌ കളര്‍ വാച്ച്.വലതു കയ്യില്‍ പള്ളീന്ന് മന്ത്രിച്ചു കെട്ടിയ ചരടിന് പുറമേ ഒരായിരം സംസ്കാരങ്ങള്‍ ഒരേയൊരു വികാരത്തില്‍ ഒതുക്കുന്ന പറക്കാട്ട് ജ്വല്ലറിയിലെ 916 ഹാള്‍മാര്‍ക്കെട് ബ്രെയ്സിലെറ്റ്.ചിരട്ടക്കരി കത്തിച്ചു തേച്ചു വാട്ടി എടുത്ത കാക്കി ഷര്‍ട്ട്‌.സിനിമാ നടന്‍ സിദ്ദിക്ക് പോലും കണ്ടാ കണ്ണ് തള്ളിപോകുമാറ് ബ്രില്‍ക്രീം ഇട്ട് ചീകി വെടിപ്പാക്കി വെച്ച തലമുടി.ഫ്രണ്ട് റോയിലെ 2 പല്ലുകള്‍ മാത്രം പുറത്തു കാണിച്ചുള്ള നിഷ്കളങ്കമായ പഞ്ചാര ചിരി. തൈക്കടപ്പുറം -കാഞ്ഞങ്ങാട് റൂട്ടില്‍ ഓടുന്ന ഈസ്റ്റേന്‍ ബസ്സിലെ ഡ്രൈവര്‍ ഷെരീഫിന്‍റെ ഇനീഷ്യല്‍ ലുക്ക് ആണ് ഇത്..!! ആളൊരു ഗ്ലാമര്‍ താരമാണ്. നില്‍പ്പിലും നടപ്പിലും വാക്കിലും ഗീയര്‍ ഇടുന്നതിലും ഡ്രെസ്സിലുമെന്നു വേണ്ട തുപ്പുന്നതില്‍ പോലും തന്റേതായ ഒരു സ്റ്റൈല്‍ ഷെരീഫിനുണ്ട്.

കൂടുതലും ബസ്സ്‌ റൂട്ടുകളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഈ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള യാത്രക്കാരുടെ ലൈക്‌ കൂടുതല്‍ കിട്ടിയ ഡ്രൈവര്‍ ആണ് ഷെരീഫ്.വഴിയില്‍ ആര് കൈ നീട്ടിയാലും ബ്രേക്ക്‌ ചവിട്ടി കൊടുക്കുന്ന മഹാമാനസ്ക്കന്‍. ബുര്‍ ....ബുര്‍ ...കീ കീ ..എന്ന് സൗണ്ട് ഉണ്ടാക്കിയും വലിയ ബക്കെറ്റിന്റെ അടപ്പ് സ്റ്റിയറിംഗ് ആക്കിയും വണ്ടി ഓടിച്ചു പഠിക്കുന്ന കടപ്പുറത്തെ പിഞ്ചു മനസുകളുടെ ആരാധനാ പുരുഷന്‍. നടുവുളുക്കിയ അമ്മൂമ്മമാരുടെയും ഗര്‍ഭിണികളായ ചേച്ചിമാരുടെയും വിശ്വസ്തനായ ബസ്സുകാരന്‍. എന്നിങ്ങനെ വിശേഷണങ്ങള്‍ക്ക് അധീതനാണ് ഷെരീഫ്. സെലിബ്രിറ്റി ആയതുകൊണ്ട് അടുപ്പമുള്ള ഫാന്‍സ്കാരോക്കെ "സെരീപ്പു" എന്നാണ് വിളിക്കുന്നത്‌...... കടപ്പുറം റൂട്ടില്‍ ഏറ്റവും കൂടുതല്‍ തള്ളികേറ്റം ഉണ്ടാകുന്ന ബസ്സാണ് ഷെരീഫിന്റേത്.രാവിലെ 7 .45നുള്ള ഫസ്റ്റ് ബസ്സില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റ്‌ പോലെ സൂചി കുത്താന്‍ പോയിട്ട് ഫുട്ബോള്‍ കളിക്കാന്‍ പോലും സ്ഥലം ഇല്ലാത്ത രീതിയില്‍ കണ്ജ്ജസ്റ്റെട് ആയിരിക്കും.മീനും, മീന്‍കൂട്ടയും,പുസ്തകോം , ബാഗും , എന്നുവേണ്ട ചോറും കറിയും വരെ പാര്സേല്‍ ആയി എക്സ്പോര്‍ട്ട് ചെയ്യപ്പെടാനുണ്ടാവും.ഷെരീഫ് ആണ് ബസ്‌ ഓടിക്കുന്നെ എങ്കില്‍ ഗീയറിന്റെ ലിവര്‍ മുട്ടി മുട്ടിയിട്ടില്ല എന്ന രീതിയില്‍ പെണ്‍പിള്ളേരും നിന്നിട്ടുണ്ടാവും. പക്ഷെ പുറമേ കാണുന്ന ഗ്ലാമറെ ഷെരീഫിനുള്ളൂ.ആളൊരു കോഴി -കം- ഒലിപ്പീരന്‍ ആണ്.ബസ്‌ എല്ലാര്ക്കും വഴിയിലൊക്കെ നിര്‍ത്തികൊടുക്കുമെങ്കിലും പെണ്‍കിടാങ്ങളുടെ ഇടയില്‍ ആളൊരു പഞ്ചാര കുട്ടന്‍ ആണ്. കോരി ചൊരിയണ മഴയ്ക്ക് വൈപ്പര്‍ ഇട്ട് ഹെഡ് ലൈറ്റ് ഡിം അടിച്ച് വണ്ടി ഓടിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ പോലും പെണ്‍കൊടികളോട് മുഖത്തിന്‌ പകരം താജ്മഹലിലേക്ക് നോക്കിയാണ് സംസാരിക്കല് എന്നൊരു ഖ്യാതി ഷെരീഫിനെക്കുറിച്ച് എല്ലാര്ക്കും ഉണ്ട്.എന്നിരുന്നാലും ഷെരീഫിന്റെ ഫാന്‍സ്‌ ആയി നെഹ്‌റു കോളേജിലെ Bsc .മാത്‌സ് കാരി മുതല്‍ പുഞ്ചാവി എല്‍ പി സ്കൂളിലെ നാല് .ബി കാരി വരെ ഉണ്ട്.

ഈസ്റ്റേന്‍ ബസ്സിലെ ഡ്രൈവര്‍ ഷെരീഫും, കണ്ടക്ടര്‍ സന്തോഷും, കിളി രാജുവും ഒക്കെ കടപ്പുറത്തെ ഗ്ലാമര്‍ താരങ്ങളാണ്. ഇവരോട് ചങ്ങാത്തം കൂടാനും ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ എക്സ്ട്രാ വോളിയത്തില്‍ സംസാരിക്കാനും നാട്ടിലെ എല്ലാര്‍ക്കും ആവേശമാണ്. നാട്ടില്‍ ഉള്ള കല്യാണത്തിനും , വീട്ടികൂടലിനും ഒക്കെ ഷെരീഫും, സന്തോഷും , രാജുവും ഒക്കെ വന്നാല്‍ ബാര്‍ബര്‍ ബാലേട്ടന്റെ വീട്ടില്‍ മമ്മൂട്ടിയെ കണ്ട പോലെ ആള്‍ക്കാരെല്ലാം ചുറ്റും കൂടും.ബസ്സിലെ പണിക്കു ശേഷം ഒരു 93 മോഡല്‍ പച്ച ബജാജ് ചേതക്കില്‍ സിനിമ, നാടകം, തെയ്യം , ഉറൂസ്, തുടങ്ങിയവ കണ്ടു നടക്കല്‍ ആയിരുന്നു ഷെരീഫിന്റെയും കിളി രാജുവിന്റെയും രാത്രി കാലത്തെ പ്രധാന ഹോബി.അത് കൂടാണ്ട് നാട്ടില്‍ നടക്കുന്ന എല്ലാ കല്യാണ വീട്ടിലും തലേന്ന് രാത്രി ബിരിയാണിയില്‍ അച്ചാറും കച്ചംബറും പോലെ ഷെരീഫും രാജുവും ഉണ്ടാവും.

ചിങ്ങത്തിലെ ഓണത്തിരക്കും ടൌണിലെ തിരക്കും ,നാട്ടിലെ എല്ലാകല്യാണ തിരക്കുകളും കഴിഞ്ഞുള്ള ഫസ്റ്റ് സണ്‍‌ഡേ ആണ് തൈക്കടപ്പുറം സ്റ്റോര്‍ ജങ്ക്ഷന്‍ അടുത്തുള്ള കാലി വളര്‍ത്തല്‍ ബിസിനെസ്സ് കാരനായ പ്രഭാകരെട്ടന്റെ രണ്ടാമത്തെ മകള്‍ പ്രജിതയുടെ കല്യാണം വന്നത്. ചെക്കന്‍ നല്ല പുള്ളിച്ചുണംബുള്ള കിരിയത്തെ നായരായ ബാവുക്കുട്ടന്റെ അടുത്ത കൂട്ടുകാരന്‍ ദുബായില് ബില്‍ഡിംഗിന് പെയിന്റ് അടിക്കുന്ന പ്രകാശന്‍.കല്യാണ തലേന്ന് വൈക്കുന്നേരം പ്രജിതയും അമ്മ കുമാരിയമ്മയും കോട്ടച്ചേരിയിലെ സൗന്ദര്യം വര്‍ധിപ്പിച്ചു കൊടുക്കുന്ന ചേച്ചിക്ക് റോസ് പൌഡര്‍ ഇട്ട് പുരികം ചെത്തി കൊടുത്ത  വകയില്‍ ടിപ്സും കൊടുത്തു തിരിച്ചു വന്നത് ഷെരീഫിന്റെ 4 .10 കാഞ്ഞങ്ങാട്ട് നിന്നും എടുക്കുന്ന ഈസ്റ്റേനീല്‍ ആയിരുന്നു.ബസ്സ്‌ സ്റ്റോര്‍ ജങ്ക്ഷന്‍ സ്റ്റോപ്പ് അടുക്കറായപ്പോള്‍ ആണ് അയ്യോ ബസ്സ്‌കാരെ കല്യാണം വിളിച്ചില്ലല്ലോ എന്ന് കുമാരിയമ്മ ഓര്‍ത്തത്‌...!! കല്ല്യാണ കത്തിന്റെ ഹാര്‍ഡ് കോപ്പി തപ്പി കിട്ടാത്തത് കൊണ്ട് കുമാരിയമ്മ സെക്കന്റ്സ് ബില്ലിംഗ് വിളി വിളിക്കാന്‍ വേണ്ടി ഡ്രൈവര്‍ ഷെരീഫിന്‍റെ അടുത്തേക്ക് പോയി.സിഡി പ്ലയറിന്‍റെ റിമോര്‍ട്ടും പിടിച്ചോണ്ട് പാട്ട് മാറ്റാനാണെന്ന വ്യാജേന അന്ന് നടന്ന സംഭവ വികാസങ്ങളെ പറ്റി വളരെ സീരിയസായി ഉച്ചത്തില്‍ റിവ്യൂ നടത്തിക്കൊണ്ട് കമ്പിയില്‍ തൂങ്ങി കിളി രാജുവും ആ സമയം ഡ്രൈവിംഗ് സീറ്റിനടുത്ത്‌ നിക്കുന്നുണ്ടായിരുന്നു.തൊട്ടു മുന്നില്‍ പോയ ബസ്സിനെപറ്റിയുള്ള കഥയും പിന്നെ റേടിയേറ്ററില്‍  തോട്ടിലെ വെള്ളം ഒഴിച്ച കാര്യം ഒക്കെയാണ് ഷെരീഫിനോട് രാജു പറയുന്നത് എങ്കിലും കിളി രാജുവിന്റെ മനസ്സും ശരീരവും ഹൃദയവും ലക്ഷ്യവും ലേഡീസ് സീറ്റില്‍ ഇരിക്കുന്ന പെങ്കിടാങ്ങളോട് ആയിരിക്കും. കിളിയുടെ ചാര്‍ട്ടില്‍ ഉള്ള പെണ്‍കിടാങ്ങള്‍ ആണ് ബസ്സില്‍ ഉള്ളതെങ്കില്‍ "അല്ലു അര്‍ജുന്റെ ചെവിയില്‍ പഞ്ഞി വെച്ച് കേക്കണ്ട സോങ്ങ്സും , എന്റെ ഖല്‍ബിലെ വെണ്ണിലാവിലെ നല്ല പാട്ടുകാരനും ഒക്കെ രാജു ഫുള്‍ വോളിയത്തില്‍ വെക്കും...!!

അന്ന് രാത്രി പ്രജിതയുടെ കല്യാണ വീട്ടില്‍ കോഴിയുടെ ഇന്നെര്‍ പാര്‍ട്സ് കറിയും ചോറും കഴിക്കാന്‍ വന്നപ്പോള്‍ വളരെ യാദൃശ്ചികമായാണ് ഷെരീഫ് ഖദീജയെ കട്ടുമുട്ടിയത്.കല്ല്യാണപ്പെണ്ണിനെ വളഞ്ഞിരിക്കുവായിരുന്ന അമല്‍നീരദിന്റെയും, വേണു ISC-യുടെയും , അഴകപ്പന്റെയും ഇടയിലൂടെ തിരിച്ചിറങ്ങാന്‍ നേരത്ത് പ്രജിതയുടെ അടുത്തേക്ക് ഓടി വന്ന ഖദീജയുമായി ഷെരീഫ് കൂട്ടിമുട്ടി. അശോക്‌ ലെയ്ലന്റ് കാരനെ തട്ടിയ ടൊയോട്ട ക്വാളിസ് പോലെ ഷെരീഫ് ചപ്ലി ചടഞ്ഞു നിന്നു. മുന്‍പ് പലതവണ ഇടിചിട്ടുണ്ടെങ്കിലും ഇടിയൊരു കനത്ത ആഗാതമായി ഷെരീഫിന് തോന്നിയത് ഇത് ആദ്യമായിട്ടായിരുന്നു. ഇടിച്ചിട്ട് നിര്‍ത്താതെ പോയ ആ കണ്ടെയ്നര്‍ വണ്ടിയിലേക്ക് ഷെരീഫ് ഒന്ന് തിരിഞ്ഞു നോക്കി.ഇത് വരെ തന്റെ ഫ്രന്റ്‌ - സൈഡ് മിററുകളില്‍ കാണാത്ത മുഖം. തപ്പെടാ രാജു ഡീറ്റൈല്‍സ്...:-)

തൈക്കടപ്പുറം ബോട്ട് ജെട്ടി പരിധിയിലാണ് ഷെരീഫിന്റെ വീട്.ചത്ത മത്തി ഉപ്പിലിട്ട് ഉണക്കിയ മണം സര്‍വവ്യാപി ആയി സ്പ്രെട് ചെയുന്ന ആ സര്‍ക്കിളില്‍ തന്നെ ആണ് ഖദീജയുടെയും വീട്.ഖദീജയുടെ ബാപ്പ (ഉപ്പ) അഹമ്മദ് ഇച്ചാക്ക് നീലേശ്വരം തോട്ടത്തിന്റെ അടുത്ത് മരക്കച്ചവടം ആണ്.അതോണ്ട് തന്നെ രണ്ടാള്‍ പിടിച്ചാലും എത്താത്ത വണ്ണം ആണ് അവള്‍ക്ക്.സ്വിഫ്റ്റ് ഡിസയറിന്റെ പോലത്തെ ഹാറ്റ്ച്ച് ബാക്ക് ഉള്ള അവളെ പാവങ്ങളുടെ " ശ്രീവിദ്യ " എന്ന് നാട്ടിലുള്ള ചെക്കന്മാര്‍ വിളിക്കാറുണ്ട്.കാഞ്ഞങ്ങാട്ടെ ബോര്‍ഡ് സ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ രണ്ടാം സെമെസ്റ്ററില്‍ ആണ് അവള്‍ പഠിക്കുന്നത്.ദിവസവും ഓട്ടോറിക്ഷയില്‍ ആണ് വരവും പോക്കും.നന്നായി പഠിക്കുന്ന കുട്ടി ആയോണ്ട് ട്യൂഷന്‍ അയച്ചു കാശ് കളയാനൊന്നും അവള്‍ടെ ബാപ്പ അഹമ്മദ് ഇച്ച തയ്യാറല്ല...ഒന്‍പതാം ക്ലാസില്‍ രണ്ടാം വട്ടം തോറ്റത് കൊണ്ടും , പിന്നെ മഴക്കാലം ഏതാണ്ട് കഴിയാറായത് കൊണ്ടും , മാസം 450 ഉറുപ്പ്യ വെച്ച് ഓട്ടോറിക്ഷക്കാരന് എണ്ണികൊടുത്താല്‍ ഓള്‍ടെ മങ്ങലത്തിനു നെയിച്ചോറിന്റെ കൂടെ ബീഫ് കറി വിളംബാന്‍ ലോണ്‍ എടുക്കേണ്ടി വരും എന്ന പേടി വന്നതിനാലും അഹമ്മദ് ഇച്ച, ഖദീജയെ ബസ്സില്‍ ഒരു രൂപ കൊടുത്തു കമ്പിയില്‍ തൂങ്ങി യാത്രയ്ക്ക് നിര്‍ബന്ധിതയാക്കി.

തല്‍ക്കാല്‍ ടിക്കെറ്റിന് -ക്യൂ -നിന്ന് കണ്‍ഫോം ടിക്കെറ്റ് കിട്ടിയ പോലെ സന്തോഷവതിയായി ഓണം അവധി കഴിഞ്ഞുള്ള ആദ്യത്തെ ദിവസം മുതല്‍ ഖദീജ ബസ്സിലെ യാത്ര തുടങ്ങി.ഡ്രൈവര്‍ സീറ്റിനു പരലെല്‍ ആയി ഇട്ടിരിക്കുന്ന പെട്ടി സീറ്റില്‍ ആണ് അന്ന് ഇരുന്നത്.യാത്രക്കാര്‍ക്ക് സീറ്റ് അഡ്ജസ്റ്റ് ചെയ്തു സഹായിക്കുക്കയും , പെണ്ണുങ്ങളുടെയും വയസ്സായവരുടെയും റിസര്‍വ്ഡ് സീറ്റില്‍ ഇരിക്കുന്നവരെയും ഒരു രൂപ കൊടുത്തു സീറ്റില്‍ ഇരിക്കുന്ന സ്കൂള്‍ കുട്ടികളെയും അനുനയിപ്പിച്ചു എഴുന്നെല്‍പ്പിക്കുയും ചെയ്യുന്ന കിളി രാജു ഖദീജയുടെ സിറ്റിംഗ് പൊസിഷന്‍ മാറ്റാന്‍ കൂട്ടാക്കിയില്ല.ഓരോ തവണ ക്ലെച്ച് ചവിട്ടി ഗീയര്‍ ഇടുംബോഴും ഷെരീഫിന്റെ കണ്ണിന്റെ ലെന്‍സ്‌ ഖദീജയുടെ തട്ടത്തിന്‍ മറയത്തിലേക്ക് ഡിജിറ്റല്‍ സൂമിംഗ് നടത്തികൊണ്ടിരുന്നു.റിപ്ലെ ആയി ഖദീജ കൊടുത്ത കരിമഷിയിട്ട ഓരോ നോട്ടം കിട്ടുമ്പോഴും ഊതുമ്പോ വീര്‍ക്കുന്ന ബലൂണ്‍ പോലെ ഷെരീഫ് സന്തോഷവാനായി.സ്നേഹം കൊണ്ട് മൂടുന്ന ഉപ്പയും ഉമ്മയും അനിയനും, ചൈനാ മൊബൈലില്‍ ഡുവല്‍  സിം പോലെ ഉള്ള ശീതള്‍ എന്ന കൂട്ടുകാരി, പീടിയയിലെ ഡയറി മില്‍ക്കും, മഞ്ചും ഒക്കെ കവര്‍ അടക്കം നക്കി തുടച്ചു തിന്നുന്ന ആഹ്ലാദകരമായ ജീവിതം - ഇതിന്നിടയ്ക്ക് പ്രണയമെന്ന വികാരമോ വിചാരമോ തോന്നിയിട്ടില്ല. സ്കൂളില്‍ പോകുന്ന വഴിയിലും സ്കൂളില്‍ വെച്ചും കടയിലും കണ്ണുംകടാക്ഷവും ചുറ്റിക്കളിയുമായി പ്രലോഭനങ്ങൾ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും അതിലൊന്നും മനസ്സുടക്കാറില്ല. കൂട്ടുകാരികളിൽ പലർക്കും പ്രണയമുണ്ടായിരുന്നിട്ടും വീട്ടുകാരെ പേടിയായത് കൊണ്ടും രണ്ടാവട്ടം എങ്കിലും ഒന്‍പതാം ക്ലാസ് ജയിക്കണം എന്നതിലുപരി ഒരുകാര്യവും ഖദീജയുടെ മനസ്സിൽ അത് വരെ ഇല്ലായിരുന്നു.

എന്നാല്‍ ഷാജി കൈലാസിന്റെ സിനിമകള്‍ പോലെ ആണ് ഷെരീഫിന് കാമുകിമാര്‍ .എത്രണ്ണം വണ്‍വെ, എത്രണ്ണം റ്റു-വെ , എത്രണ്ണം റണ്‍വെ , എത്ര ഫ്ലോപ്പ് , എത്ര ഹിറ്റ്‌ എന്നൊന്നും കണക്കും സയന്‍സും ഇല്ല.ടിഷ്യൂ പേപ്പർ പോലെയാണ് ഓന്‍ കാമുകിമാരെ ഉപയോഗിക്കുന്നതും കളയുന്നതും.പലപൂവിൽ തേൻ‌നുകരൽ സ്വഭാവം കാരണം അന്നത്തെ പത്ത് കിലോമീറ്ററിൽ ഒരു മീറ്റർ പോലും ഷെരീഫു പെട്ടി സീറ്റില്‍ നിന്നും കണ്ണ് എടുത്തതെ ഇല്ല. എല്ലാ സ്റൊപ്പിലും ആവശ്യത്തില്‍ കൂടുതല്‍ നേരം ബസ്സ്‌ നിര്‍ത്തിയിടുകയും ചെയ്ത് തൈക്കടപ്പുറത്തു നിന്നും കഞ്ഞങ്ങാടേക്കുള്ള യാത്ര തുടര്‍ന്നു.ടൌണിലേക്കുള്ള ആദ്യ വണ്ടി ആയതിനാല്‍ പകുതി ദൂരം പിന്നിടുമ്പോഴേക്കും ബസ്സ്‌ നിറഞ്ഞു.സ്റ്റാന്റിംഗ് പീപ്പിള്‍സിന്റെ എണ്ണം കൂടിയപ്പോള്‍ സിറ്റിംഗ് ലേഡി ആയ ഖദീജയിലെക്കുള്ള വിസിബിലിറ്റി അവളുടെ കഴുത്തിന്‌ താഴെ ഉള്ള ഭാഗം മാത്രം ആയി കുറഞ്ഞു.Eye കോണ്ടാക്റ്റ് ഇല്ല എന്ന് ഉറപ്പായപ്പോള്‍ 170-ഡിഗി ആന്റി ക്ലോക്ക് വൈസില്‍ കാണാന്‍ പറ്റുന്ന സോഫ്റ്റ്‌വെയര്‍ ഭാഗങ്ങളില്‍ ഷെരീഫ് ഇച്ചിരി ടെംപറേച്ചര്‍ കണ്ടെത്തി.ഡൌണ്‍ലോഡ് ചെയ്യുന്ന മുസലിപവര്‍ മൊത്തം സ്റ്റിയറിംങ്ങ് കമ്പിയിലേക്കും കാല്പാദങ്ങളിലേക്കും  വിതരണം ചെയ്ത് വണ്ടി മുന്നോട്ട് നീക്കി...നോട്ടത്തിന്റെ പവര്‍ കൂടി കൂടി വന്നപ്പോള്‍ ഡ്രൈവര്‍ സെരീപ്പുന്റെ കുണ്ടി കണ്ട്രോളും വണ്ടി കണ്ട്രോളും എല്ലാം നഷ്ടമായി, ചില കാര്യങ്ങള്‍ അങ്ങനെയാണ് മനസ് എത്ര തവണ വേണ്ട വേണ്ട എന്ന് പറഞ്ഞാലും ശ്രമത്തില്‍ നിന്ന് പിന്മാറാനാവില്ല.നോട്ടം ലെഫ്റ്റ്  സൈഡിലുള്ള പാര്‍ട്സ് ഓഫ് പീസിലേക്കു മാത്രം ആയതിനാല്‍  പുഞ്ചാവി പാലം കഴിഞ്ഞുള്ള കടലിനു പാരലല്‍ ആയി റോഡ്‌ തുടങ്ങുന്ന  വലത്തോട്ട് ഉള്ള വളവു  വളക്കാന്‍ ഷെരീഫിന്‍റെ കൈകള്‍ വിസമ്മതം കാട്ടി.വിത്ത്‌ ഇന്‍ ഫ്രാക്ഷന്‍ ഓഫ് സെക്കന്റ്‌ ഓലയും മടലും വാക്കത്തി വെച്ച് മുറിച്ചിട്ട പോലെ, വളവിലുള്ള ഇലക്ട്രിക്‌ പോസ്റ്റ്‌ രണ്ടു കഷ്ണം ആയി വീണു.വിഷുവിനു കമ്പിത്തിരി കത്തിച്ച പോലെ സ്പാര്‍ക്ക്  ലൈറ്റും ലേശം പുകയും , തോണി പുഴയുടെ നടുക്ക് മറിഞ്ഞ പോലെ യാത്രക്കാരുടെ നിലവിളിയും ..!! പോസ്റ്റ്‌ ഒടിഞ്ഞു തൂങ്ങി ബസ്സിനു മുകളില്‍ വീണു.നീലേശ്വരം ലൈന്‍ ഫുള്‍ കറന്റ് കട്ട്...!!!

എല്ലാ  ബസ്സ് ആക്സിഡന്റിനും അറ്റ്‌ലീസ്റ്റ്  ഒരു  രക്തസാക്ഷി ഉണ്ടാവുമല്ലോ,

ഇടിയുടെ ആഗാതത്തില്‍  പോസ്റ്റില്‍ നിന്നും തെറിച്ചു വീണ ഒരു കോണ്‍ക്രീറ്റ് കഷ്ണം ചില്ലും പൊളിച്ചു  5 തുന്നി കെട്ടിനുള്ള  വകുപ്പും ഉണ്ടാക്കികൊടുത്ത് നമ്മുടെ കഥാനായിക ഖദീജയുടെ നെറ്റിയില്‍ തുളഞ്ഞു കയറി. ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം.......!!! :-(
ബോധം പോയി തിരിച്ചു വന്നപ്പോഴേക്കും  നേഴ്സിംഗ് ഹോമിലെ മൂട്ടകളുടെ മാര്‍ജിന്‍ ഫ്രീ മാര്‍കെറ്റ് ആയ ചകിരി ബെഡില്‍ ഉജാല മുക്കിയ വെള്ള കരയുള്ള പച്ച ബെഡ്ഷീറ്റില്‍ ഡെറ്റോളിന്‍റെ മണവും വലിച്ചു കേറ്റി  മുകളില്‍ ഫാന്‍ ഞെരങ്ങി കറങ്ങുന്നതും നോക്കി കിടപ്പില്‍ ആയി... :-)
ധോണി രണ്ടു കളിയില്‍ അടുപ്പിച് പൂജ്യത്തില്‍ ഔട്ട്‌ ആയാല്‍ , പഴയ 183*(നോട്ട് ഔട്ട്‌ )-ന്‍റെ കാര്യം സുനില്‍ ഗവാസ്കറും രവിശാസ്ത്രിയും അടക്കമുള്ള എല്ലാ ഇന്ത്യക്കാരനും മറക്കുന്ന പോലെ, ഇടതു വശത്തെ ചില്ല് തകര്‍ന്നു പോയ തെറ്റ് കണ്ടപ്പോള്‍ നമ്മളെ നാട്ടുകാരും  അത് വരെ ഷെരീഫ് ചെയ്ത് കൊടുത്ത എല്ലാ ഉപകാരവും ബള്‍ബ്‌ കത്തുന്ന വേഗത്തില്‍ മറന്നു. ലോകത്തിലെ എല്ലാ ധനനഷ്ട്ട മാനഹാനി കേസിലും ഒരു പെണ്ണിന്റെ പേര് ഫയല്‍ ചെയ്തു വെച്ചിട്ടുണ്ടായിരിക്കുമല്ലോ . അത് പോലെ ഷെരീഫിന്‍റെ മാനം കളയാനായി തല കമ്പിയില്‍ അടിച്ച ഒരു തരുണീമണി  ചുണ്ടുകള്‍ വൈബ്രേറ്റിംഗ് മോഡില്‍ ഇട്ട്  ഉറക്കെ വിളിച്ചു പറഞ്ഞു..

" ഓന്‍ ആ ഉമ്മച്ചി പെണ്ണിനെ നോക്കിക്കൊണ്ടിരിന്നിറ്റാ ബണ്ടി പോസ്റ്റിന് കുത്തിയേ..."

കുതറിയോടാനും എതിര്‍ത്ത് ജയിക്കാനും പറ്റാത്ത അവസ്ഥ .പ്രായ- വര്‍ഗ ഭേദമന്യെ ,ബസ്സിലുണ്ടായിരുന്ന  കടപ്പുറത്തെ - ഉസ്കൂള്‍ സ്റ്റുഡന്റ്സും ,പണിക്കു പോന്ന ചേട്ടന്മാരും ,ബാക്ക് സപ്പോര്ട്ടിങ്ങിനു വന്ന ജാക്കിച്ചാന്‍മാരും , മാര്‍കെറ്റില്‍ പോന്ന മീന്‍കാരും, അങ്ങനെ എല്ലാരും  ഷെരീഫിന്‍റെ ദേഹത്ത് കൊലവിളി നടത്തി പുറം ചെണ്ടപ്പുറമാക്കി.അടിക്കിടയില്‍ കാളവണ്ടി ബ്രേക്ക്‌ പിടിക്കണ പോലെ ശ്വാസം വലിച്ച് അയ്യോ..!! ഉമ്മാ..!! ഞാന്‍ ഒന്നും ആക്കിറ്റ്ലാ..!! എന്നൊക്കെ പറയുന്നുണ്ടായിരുന്നെങ്കിലും ടാഗ് ചെയ്ത ഫോട്ടോ റിമൂവ് ചെയ്യാന്‍ നാട്ടുകാര് ആരും മുന്നോട്ട് വന്നില്ല.എതിര്‍ ടീം അംഗങ്ങളുടെ എണ്ണം കൂടുതല്‍ ആയതു കാരണം കിളി രാജുവം കണ്ടക്ട്ടെര്‍ സന്തോഷും ഡെമോ ഡയലോഗ് പ്രസന്റെഷനില്‍ ഒതുക്കി.സേഫ് സോണില്‍ ആയി. അല്ലേലും പെണ്ണുങ്ങളുടെ കംപ്ലൈന്റ്റ്‌ സോള്‍വ് ആക്കാന്‍ ചന്ദ്രനില്‍ നിന്ന് വരെ ആള്‍ക്കാര് വരുമല്ലോ...!!

അന്ന് വൈകുന്നേരം കാഞ്ഞങ്ങാട്കാരുടെ സ്വന്തം സായാഹ്ന പത്രമായ ലേറ്റസ്റ്റിലെ ഒന്നാം പേജിലെ നാലാം കോളത്തില്‍ ഇമേജ് അടക്കം വന്ന വാര്‍ത്ത......,

"പുഞ്ചാവി കടപ്പുറത്ത് നിയന്ത്രണം വിട്ട ബസ്സ്‌ പോസ്റ്റിലിടിച്ച് ഒരാള്‍ക്ക് പരിക്ക് " .!!
--ശുഭം--

1 comment: