Thursday, November 8

മുക്കുവ യുവാവ് 27,ശുദ്ധ ജാതകം. വിദേശം.വധുവിനെ കൊണ്ടുപോകും..!!


ഓഫീസിന്നു നാല് ദിവസത്തെ ലീവിന് മുങ്ങി വീട്ടില്‍ വന്ന് അമ്മയുടെ മത്തിക്കറിയും ചോറുംകഴിച്ച് നാല് ദിവസം നാല് മാസങ്ങള്‍ ആക്കി കടപ്പുറത്തെ കാറ്റുംകൊണ്ട് നടക്കുന്ന നാളുകള്‍ .വേറെ പ്രത്യേക പണി ഒന്നും ഇല്ലാത്തോണ്ട് ദിവസവും രാവിലെയും വൈകിട്ടും ബസ്സ്റ്റോപ്പില്‍ പോയിരിക്കുക, ബസ്സില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് ടാറ്റാ കാണിക്കുക.അമ്പലങ്ങളിലെ ഉഷപൂജയും ദീപാരാധനയും ഒക്കെ മുടങ്ങാണ്ട് പോയി തൊഴുക ഇതൊക്കെ ആണ് ഹോബീസ്. ഒറീസയില്‍ കാറ്റ് അടിച്ചാല്‍ പുഞ്ചാവിയില്‍ കറന്റ് പോകുന്ന സമയം ആയോണ്ട് ടി.വി. കാണല്‍ ഒക്കെ കുറവായിരുന്നു.വൈക്കുന്നേരത്തെ ചായകുടീം കഴിഞ്ഞ് ഞങ്ങടെ തല്ലിപ്പൊളി ക്ലബ്ബിലിരുന്ന് റോഡിലൂടെ പോകുന്ന സുന്ദരിമാരെ സെന്‍‌സസ് എടുത്തും ഇന്‍സ്റ്റന്റ് ആയി സ്ക്രിപ്റ്റ് എഴുതിവിട്ടും ബ്ലൂടൂത്ത് വീഡിയോസ് ഷെയർ ചെയ്തുമിരിക്കുകയും ചെയ്യുന്ന സമയത്ത് ആയിരുന്നു ഗള്‍ഫ്കാരന്‍ ആയ പ്രകാശന്‍ കഴുത്തിലെ ഒന്നരപ്പവന്റെ മാലയും കയ്യിലെ ഒരുപവന്റെ ബ്രെയ്സിലെറ്റും ഡിസ്പ്ലേക്കിട്ട് അങ്ങോട്ട്‌ വന്നത്. പുഞ്ചാവിയില്‍ പ്രകാശന് ആകെകൂടെ ഉള്ള നല്ല സുഹൃത്ത് ആണെന്ന് അവന്‍ വിചാരിക്കുന്ന ആളാണ്‌ ഞാന്‍…!!! മൂപ്പര് എന്നെക്കാളും സീനിയര്‍ ആണെങ്കിലും എന്നോട് ഭയങ്കര മച്ചാ-മച്ചാ കമ്പനി ആണ്.ഗള്‍ഫിന്നു രണ്ടാഴ്ച്ച  കൂടുമ്പോ സുഖവിവരങ്ങള്‍ അറിയാനും അറിയിക്കാനും നെറ്റ് കോളൊക്കെ  വിളിക്കും.കൂടാണ്ട് ഞാന്‍ ഫേസ്ബുക്കില്‍ ഇടുന്ന എല്ലാ ഫോട്ടോകളും,പോസ്റ്റുകളും ലൈക്കി കമന്റ്‌ അടിക്കും. ഞാന്‍ എന്തോ വലിയ സംഭവം ആണെന്നാണ്‌ മൂപ്പന്‍ വിചാരിച്ചു വെച്ചേക്കുന്നത്.അമ്പല കമ്മിറ്റിയില്‍ ഒക്കെ സ്ഥിരമായി ഉള്ള ആളായത് കാരണം അവരുടെ വീട്ടിലും എനിക്ക് ആവശ്യത്തിന് വോട്ട് ഒക്കെ ഉണ്ട്.

ആള്‍ക്കൂട്ടത്തില്‍ ഇരിക്കുവായിരുന്ന എന്നെ കണ്ണ് കൊണ്ട് സിഗ്നല്‍ കാണിച്ച് പ്രകാശന്‍ നേക്കില്‍ പുറത്തേക്ക് വിളിച്ചു.വല്ല സ്പ്രേയോ , ഷര്‍ട്ടിന്റെതുണിയോ,ടീ-ഷര്‍ട്ടോ ഒത്തിട്ടുണ്ട് എന്ന സന്തോഷത്തില്‍ ഞാന്‍ എണീറ്റ്‌ പോയി.

എന്താ പ്രകശേട്ട .. ??
ഡാ, നിനിക്ക് നാള ഏടെയും പോവാനുണ്ട … നീ എപ്പോ തിരിച്ചു പോന്നെ ??
ഇല്ല, ഞാന്‍ രണ്ട് ദേവസം കയിഞ്ഞേ പോന്നില്ലു …എന്താ കാര്യം ??.
നീ നാള എന്റെ കൂടെ വരണം..അമ്മ ഒരു പെണ്ണിനെ കണ്ടിറ്റുണ്ട് ..അയിനെ നാള കാണാന്‍ പോണം..!!
“എന്റെ പൊന്ന് ചേട്ടാ ഈ ഫ്രഞ്ച് താടിയൊക്കെ വെറും ഒപ്പിക്കല്‍സ് ആണ്.കൊറച്ചു മുടി നരചെന്നു കരുതി നിങ്ങ എന്നെ തൊണ്ടന്‍ (വയസ്സന്‍) ആക്കലാട്ട ..!! പെണ്ണ് കാണാന്‍ ഒക്കെ കാര്‍ന്നോന്‍മാരെല്ലും കൂടിയിറ്റല്ലേ പോണ്ടേ.?? അതോണ്ട് നിങ്ങള്‍ വേറെ ആരേലും വിളിചിറ്റ് പോപ്പ..”…!!
“നിനക്ക് അറീലെ അനേശേ ..ഈട അനക്ക് ആരാ ഇല്ലേ ഒരിക്ക വിശ്വസിച്ചു വിളിക്കാന്‍ ..നമ്മളെ സ്റ്റാറ്റിസ്റ്റിക്സിനു പറ്റിയ ആരേലും ഇവിടെ കാണാന്‍ ഉണ്ടോ “…..??
സെന്റി അടിക്കണ്ട ..ഞാന്‍ വരാം …ബട്ട്‌ ഒരു കണ്ടീഷന്‍ ഉണ്ട് വൈന്നേരം നോബിള്‍ന്നു ചപ്പാത്തിയും ചിക്കന്‍ ഫ്രൈയ്യും ,ചിക്കു ഷെയിക്കും മേണിച്ചരണം …!!
“എന്ത് വേണെങ്കിലും ചെയ്യാം.നീ നാള വന്നാ മതി .!!

അങ്ങനെ ഗള്‍ഫ്‌ കാരന്‍ പ്രകശേട്ടന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഞാനും കൂടെ ചെല്ലാം എന്ന് സമ്മതിച്ചു പെണ്ണ് കാണാന്‍ പോകല്‍ എന്ന് പറഞ്ഞാല്‍ കണ്ടവന്റെ ചെലവില്‍ ടൂര്‍ പോകുന്നതു പോലെ അടിപൊളി ഏര്‍പ്പാടാല്ലേ.നല്ല സുന്ദരിമാരെ കാണാം, അനിയത്തിയോ കസിനോ ഉണ്ടേല്‍ അതിനെയും നോക്കി വെള്ളം ഇറക്കാം, ബിസ്കറ്റും , ചായേം , ചിപ്സും കഴിക്കാം,റിപ്പോര്‍ട്ട്‌ വിശദമായി പറഞ്ഞു കൊടുക്കാന്‍ ഹോട്ടലില്‍ വിളിച്ചു കൊണ്ട് പോയി അങ്ങേരുടെ ചിലവില്‍ പുട്ടും അടിക്കാം. വാട്ട് ആന്‍ ഐഡിയ ഷെയ്ക്ക് -ജി ..;-)

♫♪….”എല്ലാം മറന്നു വന്നൂ ഞാന്‍ നിന്നോടിഷ്ടം കൂടാന്‍ ..
കോലക്കുഴല്‍ വിളികേട്ടോ…രാധേ എന്‍ രാധേ..
കണ്ണന്‍ എന്നെ വിളിച്ചോ ..രാവില്‍ ഈ രാവില്‍ …”….♪♫♪

ദുബായില്‍ നിന്നും കൊണ്ട് വന്ന 5.1 ജീപാസ് മള്‍ട്ടി വൂഫെര്‍ ഹോം തീയറ്ററില്‍ അയല്‍ വീട്ടിലെ ആതിര കേള്‍ക്കത്തക്ക വിധത്തില്‍ സൗണ്ട് സെറ്റ് ചെയ്തു വെച്ച് , കണ്ണാടിയുടെ മുന്‍പില്‍ നിന്ന് പോണ്ട്സിന്റെ കുപ്പി എടുത്ത് നെഞ്ചിലെ രോമാരാജികളിലേക്ക് ചൊരിഞ്ഞ് തടവി സുന്ദരന്‍ ആവുകയാണ് പ്രകാശന്‍.പിൻഭാഗത്ത് കൈ എത്താത്തതിനാൽ കുറച്ചു പൌഡര്‍ ബെഡ്ഷീറ്റിൽ കുടഞ്ഞിട്ട് അതിൽ വീണ് ശയന പ്രദക്ഷിണം നടത്തി.രാവിലെ വായ് നാറാതിരിക്കാൻ കോള്‍ഗേറ്റും ക്ലോസപ്പും മിക്സ്‌ ചെയ്തു പല്ലു തേച്ചതാണ്. കോണ്ഫിടെന്‍സ് കുറവ് ആയതിനാല്‍ കൈപ്പത്തി അടയാളം വായക്ക് മുന്‍പില്‍ പിടിച്ചു ആഞ്ഞ് ഊതി വായനാറ്റം ഉണ്ടോ എന്ന് ടെസ്റ്റ്‌ ചെയ്തു. ലിപ്സ് മൃദുലമാകാൻ ഇടക്കിടക്ക് നാക്കില്‍ തുപ്പല്‍ കോരി എടുത്തു കൊണ്ടുവന്നു മുകളിലും താഴെയും വൈപ്പിംഗ് ചെയ്തു.ഫസ്റ്റ് ഇമ്പ്രഷൻ ബെസ്റ്റ് ഇമ്പ്രഷൻ ആയില്ലെങ്കിൽ ചിലപ്പോളത് ലാസ്റ്റ് ഇമ്പ്രഷനും ആയേക്കാമല്ലോ. അതുകൊണ്ട് ടോട്ടല്‍ ലുക്കിന്റ കാര്യത്തിൽ നിബ്ബന്ധമായും 916 പരിശുദ്ധി വേണം.നാട്ടിലേക്ക് വരുമ്പോള്‍ മേടിച്ച പുതിയ VIP ജെട്ടിയും അലക്കി ഇസ്തിരിയിട്ട രാം-രാജിന്റെ മുണ്ടും POLO-ന്റെ ഷര്‍ട്ടും എടുത്തിട്ടു.ആദ്യ പെണ്ണു കാണലിനായി പ്രകാശന്‍ റെഡി..!!

പൊതുവെ ഒരു പാവമാണ് പ്രകാശന്‍.അത്യാവശ്യം പഠിപ്പുള്ളതും ചുറ്റിക്കളി ഒന്നുമില്ലാത്ത മര്യാദക്കാരന്‍.!! ആരെയും ഒരുകാര്യത്തിലും ഒന്നിനും സഹായിക്കാതെ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ഒരു സെല്‍ഫ് മൈന്റഡ് മാന്‍.( കഞ്ഞി ) ..!!! “അവരെന്ത് വിചാരിക്കും…” “ഇവരെന്തു വിചാരിക്കും” …അത് ചെയ്യതാല്‍ ശരിയാകുമോ”..??.. “ഇത് ചെയ്‌താല്‍ മതി ആയിരുന്നു” എന്നൊക്കെ സ്വന്തം റിവ്യു ചെയ്തു എപ്പോഴും കോംബ്ലിക്കേറ്റട് ആണ് പ്രകാശന്‍. അത് കൊണ്ട് തന്നെ മനപൂർവ്വം ഒരു പെണ്ണിനെയും തൊട്ടിട്ടില്ല, മുട്ടീട്ടില്ല, കമന്റടിച്ചിട്ടില്ല, കൂട്ടത്തില്‍ ഇരുന്നു കമ്പി പറഞ്ഞിട്ട് പോലും ഇല്ല.പണ്ട് പുഞ്ചാവി ഉസ്കൂളിന്റെ അടുത്തുള്ള ട്യൂഷന്‍ എടുക്കുന്ന പെണ്ണിനോട് “ഐ.ലവ്.യു” -ഒക്കെ ഉണ്ടായിരുന്നെങ്കിലും തുറന്നു പറയാനുള്ള ചമ്മല്‍ കാരണം എല്ലാം മനസിന്റെ നെല്ലിപടിക്കടിയില്‍ അങ്ങ് ചങ്ങലക്കിട്ട് വെച്ചു.സ്വന്തമായി അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും ഔട്ട്‌ -പുട്ട് അവന്റെ അമ്മ ഒരിക്കലും Approve ചെയ്യാറില്ല.കാന്തവും ഇരുമ്പും പോലെ ആണ് പ്രകാശനും അമ്മ മേനകാമ്മയും.അമ്മ പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ പ്രകാശന് ഒരു അപ്പീലും ഇല്ല. അമ്മ ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കും , നടക്കാന്‍ പറഞ്ഞാല്‍ നടക്കും, ഓടാന്‍ പറഞ്ഞാല്‍ ഓടും, ടാങ്ക്  കഴുകന്‍ പറഞ്ഞാല്‍ കഴുകും,കടലില്‍ ചാടാന്‍ പറഞ്ഞാല്‍ ചാടും.ആനുപാതികമായി കേഷ് ഇറക്കുമ്പോള്‍ പുട്ട് അടിക്കാന്‍ അല്ലാണ്ട് വേറെ ഒരു ആവശ്യത്തിനും നാട്ടില്‍ നല്ല സുഹൃത്തുക്കള്‍ പ്രകാശന് ഇല്ല.

നാട്ടില്‍ നിന്നും 6 കിലോമീറ്റര്‍ മാറി ആണ് പെണ്ണിന്റെ വീട്. പേര് രജിത.വീട് വിട്ടു മംഗലാപുരത്ത് പോയി MCA -ക്ക് പഠിച്ചു. ഇപ്പൊ പണി ഒന്നും ഇല്ലാണ്ട് അടുക്കളയില്‍ അമ്മയെ സഹായിച്ച് അരക്കുന്ന ചമ്മന്തിയുടെയും ,വറക്കുന്ന ചീരയുടെയും ഒക്കെ ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടു നൊസ്റ്റള്‍ജിക്ക് ആയി, ഹിന്ദി സീരിയലുകളും കണ്ടു നടക്കുന്നു.അച്ഛന്‍ രാജന്‍ കുവൈത്തില്‍ , അമ്മ വീട്ടില്‍ ,അനിയന്‍ ബാംഗ്ലൂരിൽ. കടം മേടിക്കാണ്ട് കല്യാണം കഴിച്ചയക്കാന്‍ പറ്റുന്ന അത്യാവശ്യം നല്ല നിലയില്‍ ഉള്ള കുടുംബം.ചെക്കനും പെണ്ണും തമ്മില്‍ 5 വയസ്സിന്റെ അന്തരം. എന്ത് കൊണ്ടും പ്രകാശന് പറ്റിയ ആലോചന ആണെന്ന് തോന്നി.ഗ്രൗണ്ട് കാണാണ്ട് മേനകാമ്മ മോനെ ജേഴ്സി ഇടിയിക്കത്തില്ലല്ലോ.

അങ്ങനെ , ഞാനും പ്രകാശനും അമ്മയും പെണ്‍ വീട്ടിലേക്ക് യാത്രയായി, Ape-ഓട്ടോറിക്ഷ പോലത്തെ ബോഡിയില്‍ നീല പട്ടുസാരി ചുറ്റി ,ഉഷാ ഉതുപ്പിനെ പോലെ കുങ്കുമ-ചന്ദന-വട്ട- പൊട്ടുകളും,ഫ്രെയിം ലെസ്സ് കണ്ണടയും, ഫില്‍ട്ടര്‍ പൈപ്പിന് കെട്ടുന്ന ചൂടിക്കയര്‍ പോലത്തെ രണ്ട് മാലയും, മുത്തുക്കുട പോലെ ഉള്ള കമ്മലും ,രണ്ടു കൈ നിറയെ മള്‍ട്ടി കളര്‍ വളകളും ,രണ്ടു ലയര്‍ മേക്കപ്പും,ഇച്ചിരി ലിപ്സ്റ്റിക്കും ഒക്കെ ആയി മേനകാമ്മയുടെ ബയോളജി കണ്ടാല്‍ ഫയല്‍സ് നിറഞ്ഞ ഡെസ്ക് -ടോപ്‌  പോലെ ഉണ്ട് . നല്ല ഒന്നാം നമ്പര്‍ പൊങ്ങച്ചം വിത്ത്‌ ജാടക്കരിയാണ് മൂപ്പത്തി.അവര് പറയുന്നത് മാത്രമായിരിക്കും അവരുടെ വീട്ടിലെ ആദ്യത്തെയും അവസാനത്തെയും വാക്ക്.അതോണ്ട് ഫാമിലി ലിസ്റ്റില്‍ ഉള്ള മൂത്തമകന്‍ പ്രകാശന്റെയും, മകള്‍ പ്രസീതയുടെയും, ഇളയമകന്‍ പ്രശാന്തന്റെയും കമന്റും-സജഷനും-ലൈക്കും ഒന്നും മേനകാമ്മയ്ക്ക് എശൂല. അവർ ഗുഡ്സ് ട്രെയിന്‍ ചൂണ്ടി കാണിച്ച് ഇതാണ് മാവേലി എക്സ്പ്രസ്സ്‌ പറഞ്ഞാല്‍ അത് ഒബ്ജെക്ഷന്‍ ഒന്നും ഇല്ലാണ്ട് അങ്ങ് സമ്മതിച്ചേക്കണം.കുറച്ചു പൊങ്ങച്ചവും അസൂയയും ഉണ്ടെന്നു വെച്ച് അവരൊരു അഹങ്കാരി ആണ് എന്ന് പറയുന്നതു ശരിയല്ല.അവര് പറയുന്നത് അതുപോലെ സമ്മതിച്ച് കൊടുത്താൽ ആയമ്മ വളരെ ലോലഹൃദയ ആയിക്കൊള്ളും. അവരങ്ങനെ പെരുമാറുന്നതിൽ തക്കതായ കാരണവും ഉണ്ട്. ആകെയുള്ള ഭര്‍ത്താവ് ബാലേട്ടന്‍ ഇളയ മകന്‍ പ്രശാന്തന്റെ അങ്കണ്‍വാടി ലൈഫില്‍ തന്നെ മരിച്ചു പോയെങ്കിലും സ്വത്തും സമ്പാദ്യവും ആവശ്യത്തിനു ഉണ്ടാക്കിയിരുന്നു. പിന്നെ ഉള്ള ആണ്‍ മക്കള്‍ രണ്ടും ഗള്‍ഫിലാണ്.മകള്‍ പ്രസീതയുടെ ഭര്‍ത്താവിനും ഗൾഫിൽ നല്ല സാലറിയുള്ള  ജോലിയാണ്. so ,സീരിയൽ കണ്ടും റിയാലിറ്റി ഷോകൾക്ക് എസ്.എം.എസ്. അയച്ച് കളഞ്ഞിട്ടും ആവശ്യത്തിനു എവിടെയും ഇറക്കാന്‍ ക്യാഷ് കയ്യില്‍ ഉണ്ട്. അക്കാരണത്താല്‍ എല്ലായിടത്തും അവര്‍ക്ക് CEO ഇമേജ് ആണ്.

അങ്ങനെ , റോഡ്‌ സൈഡില്‍ ഉള്ള വീടുകളില്‍ വല്ല പാര്ട്സോ പീസോ കാണുന്നുണ്ടോ എന്ന് തിരഞ്ഞും, നിന്നെ ഒന്നും വായനോക്കാന്‍ അല്ലടി കെട്ടികൊണ്ട് പോവാനാ വരുന്നേ എന്ന ധൈര്യത്തില്‍ ഫുള്‍ ലെങ്ങ്ത്തില്‍ നോക്കിയും, ഞങ്ങള്‍ കുവൈത്ത്കാരന്‍ രാജേട്ടന്റെ വീട്ടില്‍ എത്തി. കളത്തില്‍ ഇന്റര്‍ – ലോക്ക്സും തറയില്‍ മാര്‍ബിളും ചുവരില്‍ ടൈല്‍സും ഒട്ടിച്ച വര്‍ണ്ണ മനോഹരമായ ഇരുനില വീട്.50 പവന്‍ കിട്ടാനുള്ള വകുപ്പ് ഉണ്ട് മോനെ , പ്രകൂ…!!! പെണ്‍കുട്ടിയുടെ അച്ഛന്‍ വന്നു ഞങ്ങളെ അകത്ത് വിളിച്ചിരുത്തി.

കുറച്ച് കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി ഒരു ട്രേയില്‍ ചായയുമായി വന്നു.വെളുത്ത് മെലിഞ്ഞ ശരീരം,ചുരിദാറാണു വേഷം.സുന്ദരിയെന്ന് വെച്ചാ ഓര്‍ഡിനറി -ദുര്‍ഗ്ഗാ ഹൈസ്കൂള്‍ സുന്ദരിയല്ല,നല്ല സൂപ്പര്‍ ഡീലക്സ് ലിറ്റില്‍ ഫ്ലവര്‍ ഗേള്‍സ്‌ ഹൈസ്കൂള്‍ സുന്ദരി.. ലവ് @ഫസ്റ്റ് ലുക്കില്‍ തന്നെ ഇതെന്റെ ഫസ്റ്റ് & ലാസ്റ്റ് പെണ്ണുകാണല്‍ എന്ന് പ്രകാശന്‍ ഉറപ്പിച്ചു . ഒരു അഞ്ചഞ്ചരയടി ഉയരത്തിൽ വെളുത്ത് ചിന്നക്കട ജങ്ക്ഷന്‍വരെ നീണ്ട മുടിയുള്ള അവള്‍ പതുക്കെ നടന്നു വന്നു പ്രകാശന് ചായ കൊടുത്തു,പ്രകാശന്റെ ഫേസ്ബുക്ക് 100 ലൈക്ക് കിട്ടിയ പോസ്റ്റ്‌ പോലെ വെട്ടിത്തിളങ്ങി. പിന്നെ ഞങ്ങള്‍ക്കു നേരെ ട്രേ നീട്ടി. എല്ലാവരും ചായ ഏടുത്തു. അവള്‍ തിരിഞ്ഞു വാതിലിന്റെ അടുത്ത് ചെന്നു നിന്നു.ആ ഗ്യാപ്പില്‍ ഞാന്‍ സ്കാനര്‍ ഓണ്‍ ചെയ്ത് അനാട്ടമി ആകെ മൊത്തം സ്കാൻ ചെയ്തു റിപ്പോർട്ടാക്കി.സിനിമയില്‍ കാണുന്ന പെണ്ണ് കാണല്‍ പോലെ ഈ പെണ്‍കുട്ടിയുടെ ഭൂമിശാസ്ത്രത്തില്‍ നാണിച്ചു തലതാഴ്ത്താനുള്ള പ്രേരണയോ , ഒളികണ്ണിട്ട് ചെക്കനെ നോക്കാനുള്ള ടെന്‍ഡസിയോ കണ്ടില്ല.പുറത്തു പോയി പഠിച്ചതൊക്കെ അല്ലെ , ലാപ്‌ ടോപ്‌ ഒക്കെ ഉള്ളത് അല്ലെ, അപ്പൊ വീഡിയോ ഒക്കെ കണ്ടിട്ടുണ്ടാവും.പെണ്‍കുട്ടി നിന്ന സ്ഥലത്ത് നിന്നും ഇടക്കിടക്ക് എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഇനി എന്നെയെങ്ങാനുമാണോ ഇവള്‍ക്ക് ഇഷ്ടപ്പെട്ടത് ? ഏയ്, കണ്ണ് കാണുന്ന ഒരു നവ്യനായര്‍ക്കും അങ്ങനത്തെ തെറ്റ് പറ്റാറില്ലല്ലോ..!!

പെണ്ണിനോട് എന്തെങ്കിലും സംസാരിക്കാന്‍ പ്രകാശനോട് പറഞ്ഞിട്ട് ഞാന്‍ വണ്ടി വെച്ച അടുത്തേക്കും, മേനകാമ്മ കുടുംബശ്രീ കാര്യങ്ങള്‍ കാഷ്വലായി ഡിസ്കസ് ചെയ്യാന്‍ അകത്തേക്കും കേറിപ്പോയി. രജിതയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ , പ്രകാശന്‍ അതുവരെ ഡ്രാഫ്റ്റ് ചെയ്തു വെച്ച ധൈര്യം ഒക്കെ ഡിലീറ്റ് ആയിപ്പോയി. എന്തൊക്കെയോ പറയണം എന്നുണ്ടെങ്കിലും മുട്ടിന്റെയും ചുണ്ടിന്റെയും വിറയല്‍ കണ്ട്രോള്‍ ചെയ്യുന്ന തിരക്കില്‍ ആയതിനാല്‍ ഒരക്ഷരം പുറത്തേക്കു വന്നില്ല.എന്നാലും MCA-ലേഡി ബേര്‍ഡ് ആയ രജിതയില്‍ പ്രകാശന്‍ പൂര്‍ണ തൃപ്തന്‍ ആയിരുന്നു.“എനിക്കി…..ഷ്….ട്ടാ…യി ..”എന്ന് ഒരുവിധം പറഞ്ഞൊപ്പിച്ചു. ഡേ-നൈറ്റ് മാച്ചിനു ഫ്ലെഡ് ലൈറ്റ് കത്തിച്ച പോലെ പ്രസന്ന വദനന്‍ ആയി കുറച്ച് കഴിഞ്ഞപ്പോള്‍ പ്രകാശന്‍ തിരിച്ചു വന്നു.”മോളെ ഗൾഫിലേക്ക് കൊണ്ടു പോക്വോ..??”എന്ന് മാത്രമേ ഭാവി അമ്മായിഅപ്പനും അമ്മായി അമ്മയ്ക്കും ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളൂ…. [അവിടെ ഒട്ടകത്തിനെ ഫീഡ് ചെയ്യിക്കല്‍ ആണ് പണി എങ്കിലും പെണ്ണിനെ കടല്‍ കടത്താമെന്നു പറഞ്ഞാല്‍ , വീട്ടുകാര്‍ക്ക് മറുവാക്കൊന്നുംഉണ്ടാവാറില്ലല്ലോ ...]. ബാക്കി വിവരങ്ങള്‍ പിന്നെ അറിയിക്കാം എന്നും പറഞ്ഞു ഞങ്ങള്‍ വണ്ടിയില്‍ കേറി തിരിച്ചു പുറപ്പെട്ടു.ബോഡി കാറില്‍ ആണേലും പ്രകാശന്റെ മനസ് സൌത്ത് ആഫ്രിക്കയിലും ,കാല് വെസ്റ്റ് ഇന്‍ഡീസിലും ,കൈ ന്യൂസിലെന്റിലും ആണ്.എന്താണ് ചെയ്യണ്ടത് എന്നോ എന്താണ് പറയണ്ടത് എന്നോ ഒന്നും ഒരു ലക്കും ലഗാനും ഇല്ല. എ-ക്ലാസ് കഞ്ഞി ആണേലും ,കിട്ടില്ലാന്ന് വിചാരിച്ച ചപ്പാത്തിയും, ചിക്കന്‍ ഫ്രൈയ്യും , ഷെയ്ക്കും, കൂടെ ഒരു ഷവര്‍മയും വാങ്ങിത്തന്നു പ്രകാശന്‍ മാറുന്ന മുഖത്തിന്റെ പ്രധിനിധി ആയി.

ഒസിനടിച്ച ഹെവി ഫുഡിന്റെ ഹാങ്ങ് ഓവര്‍ തീര്‍ക്കാന്‍ ഞാനും പ്രകാശനും കടപ്പുറത്ത് പോയി ഇരുന്നു.ഞാന്‍ ബിസി വിത്ത്‌ -എ-ഫോണ്‍ കോളില്‍ ആയപ്പോള്‍ പ്രകാശന്‍ മണ്ണില്‍ മലര്‍ന്നു കിടന്ന് ആകാശത്ത് ചന്ദ്രന്‍മാമനെ നോക്കി പുഞ്ചിരിക്കുന്നു …ഈശ്വര..ഇയാള്‍ക്ക് വട്ടായോ ?? പെണ്ണ് കണ്ടപ്പോള്‍ തന്നെ ഇങ്ങനെയാണെങ്കില്‍ നിശ്ചയം കഴിഞ്ഞാല്‍ എങ്ങനെ ആയിരിക്കും എന്റെദൈവമേ. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു പ്രകാശന്റെ അടുത്ത് ചെന്നിരുന്നു .അവന്‍ എന്റെ മടിയില്‍ തലവെച്ചു കിടന്ന് ആകശത്തിലേക്കുള്ള നോട്ടം തുടര്‍ന്നു.

“ആദ്യമായിട്ട് മോഹം തോന്നുന്നയാളിനെ തന്നെ ജീവിതം മുഴുവന്‍ കിട്ടുക ,എന്ന് പറയുന്നത് ഭാഗ്യമുള്ളവര്‍ക്കെ കിട്ടൂ..നല്ല കുട്ടികള്‍ക്കെ കിട്ടൂ…ക്ലാരയ്ക്ക്‌ ജീവിതത്തില്‍ ആദ്യമായിട്ട് മോഹം തോന്നിയത് ആരോടാവും..???”…(എന്റെ കഴുത്തിലൂടെ കയ്യിട്ടു കൊണ്ട് പ്രകാശന്‍ ചോദിച്ചു )
അണ്ണാ…ക്ലാരയാ,ഏത് ക്ലാര..?? ഈ ഡയലോഗ് ഏതോ കടപ്പുറത്ത് കേട്ടിട്ടുണ്ടല്ലോ
പ്രകാശന് ഭാവ വ്യതാസം ഇല്ല..കണ്ണ് മിഴിച്ച് വായേം തൊറന്ന് ഒരേ കിടപ്പ് കിടക്കുന്നു …

ഡോ , മാഷേ, ഞാന്‍ ക്ലാരയല്ല. നിങ്ങള് ജയകൃഷ്ണനും അല്ല, ഇത്ചാവക്കാട്കടപ്പുറം അല്ല പുഞ്ചാവി ആണ്. നമ്മള്‍ ഇപ്പോള്‍ ഇരിക്കുന്നത് പദ്മരാജന്റെ ലോക്കേഷനിലും അല്ല…മനസിലായോ ..??

പെട്ടന്ന് പ്രകാശന്റെ മൊബൈല്‍ അടിക്കാന്‍ തുടങ്ങി. ഒരു Unknown നമ്പര്‍ കോളിംഗ്. ഇതാരപ്പാ ഈ നേരത്ത് എന്നു വിചാരിച്ച് കൊണ്ട് പ്രകാശന്‍ അറ്റെന്റ് ചെയ്തു.
ഹലോ..!! അപ്പുറത്തൊരു സ്ത്രീശബ്ദം ..
ഹലോ …പ്രകാശ് ..ഇത് രജിതയാണ്.
കയ്യിന്ന് വഴുതിപ്പോയ ഫോണ്‍ ഡൈവ് ചെയ്തു പിടിച്ചു വിറയലോടെ .പ്രകാശന്‍വീണ്ടും ചോദിച്ചു..”ആരി ..”?? (“പ്രകാശ്” അല്ല കുട്ടി….”പ്രകാശേട്ടന്‍”.. എന്ന് പ്രകാശന്‍ മ്യൂട്ട് ആയിപ്പറഞ്ഞു)
“രജിതയാണ് .”..!!! .പ്രകാശ്. ഞാന്‍ വേറെ ഒരാളുമായി ഇഷ്ട്ടത്തിലാണ് ,കെട്ടുന്നെങ്കില്‍ അയാളെ മാത്രേ കെട്ടൂ ..നിങ്ങള്‍ എന്നെ കെട്ടാനാണ് ഉദ്ദേശമെങ്കില്‍ കല്യാണത്തിന്റെ അന്ന് രാത്രി ഞാന്‍ തൂങ്ങി ചാവും….നിലവിളിച്ചു സീന്‍ കുളമാക്കാണ്ട് സെക്കന്റ് ബില്ലിങ്ങിൽ കാര്യം അവതരിപ്പിച്ച് അവൾ ഫോൺ കട്ട് ചെയ്തു.

ഫസ്റ്റ് ഓവര്‍ മെയ്ഡന്‍ എറിഞ്ഞ സഹീര്‍ ഖാനെ പോലെ ഇരുന്ന പ്രകാശന്‍ ആ ഫോണ്‍ കോളിനു ശേഷം ഒരോവറില്‍ നാല് ബൌണ്ടറി വഴങ്ങിയ ശ്രീശാന്തിനെ പോലെ ഡെസ്പ്പ് സ്മൈലിയായി.കയ്യും കാലും ബോഡിയും ഒക്കെ വിറക്കുന്നു, എന്തോ ലേഡീസ് സവാരി ഗിരി ഗിരി ഉണ്ടെന്നറിഞ്ഞെങ്കിലും ഇത്രമാത്രം സീരിയസ് ആണെന്ന് അവന്‍ പറഞ്ഞതിന് ശേഷമാണു എനിക്ക് മനസിലായത്.സംഗതികൾ പരിധിക്ക് പുറത്തായ സ്ഥിതിക്ക് ഇനി വിട്ടു കളയുന്നതല്ലേ ബുദ്ധി എന്ന് ഞാന്‍ ഫ്രീ ആയി ഉപദേശിച്ചു.നിറഞ്ഞ വയറും ഒഴിഞ്ഞ മനസുമായി സംഭവിച്ചതെല്ലാം നല്ലതിനായിരിക്കും എന്ന് സ്വയം വിചാരിച്ച് ഇനി എവിടെയാണാവോ ചായകുടി എന്ന് സ്വപ്നം കണ്ടു കടപ്പുറത്ത് തന്നെ കിടന്ന് ഉറങ്ങിപ്പോയി.

!! -ഈ നോബിള്‍ളെ ചിക്കന്‍ കഴിച്ചാല്‍ ഇങ്ങനെയാ..എപ്പോളും പല്ലിന്റെ ഇടയില്‍ കുടുങ്ങും..:-P -  !!
വധുവിനെ ആവശ്യമുണ്ട്
മുക്കുവ യുവാവ് 27.മകം, ശുദ്ധ ജാതകം.ഗള്‍ഫില്‍  മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ്‌,
വധുവിനെ കൊണ്ടുപോകും.കാസര്‍ഗോഡ്‌ ജില്ല.09946781078
പ്രസന്റ് ടെന്‍സ്:- കമ്പനി സ്വന്തം അപ്പന്റെയാണെന്നു വിചാരിച്ച് രാവും പകലും റസ്റ്റ്‌ ഇല്ലാണ്ട് പട്ടിയെ പോലെ പണിയെടുക്കുന്ന അന്യജാതിയില്‍ പെട്ട ഒരു ചുള്ളന്‍ ടെക്കി ചെക്കന്റെ കൂടെ രജിത ഒളിച്ചോടിപ്പോയി രജിസ്റ്റര്‍ വിവാഹം കഴിച്ചു.ട്രെയിനിംഗ് പിരിയഡില്‍ തന്നെ പ്രോഡക്റ്റ് സക്സെസ്സ് ആയതിനാല്‍ രണ്ടു വീട്ടുകാരും പിന്നീട് അവരെ സ്വീകരിച്ചു.അവര്‍ക്ക് ഒരു മകന്‍ ഉണ്ടായി, സുഖമായികഴിയുന്നു.പ്രകാശന്‍ അമ്മ കാണിച്ചു കൊടുത്ത കാസര്‍ഗോഡ്‌ കടപ്പുറത്തെ ഒരു കപ്പല്‍കാരന്റെ മകളെ കല്യാണം കഴിച്ച് അമ്മയ്ക്കും ഭാര്യയ്ക്കുമിടയില്‍ കാരംബോര്‍ഡ് സ്ട്രൈക്കര്‍ പോലെ  റസ്റ്റ്‌ലെസ്സ് ആയി കഴിയുന്നു.

–ഇനിയും ആരേലും പെണ്ണ് കാണാന്‍ വിളിക്കണേ എന്ന പ്രാര്‍ഥനയോടെ….–

1 comment:

  1. ente kanaraaaaaa ishtayida ishtayi...

    "menakammayude vayar kandal desktopil file niranjapoleyund"

    ReplyDelete