Monday, June 3

വാക്കുകള്‍ക്കു ഒടുവില്‍

നിശബ്ദമായ ഒരോര്‍മ്മയാണ് എനിക്കവള്‍ , രണ്ട് വര്‍ഷത്തോളം ഉണ്ടായ എന്റെ പ്രണയത്തെക്കുറിച്ച്‌, അതിന്‍റെ വേദനകളെക്കുറിച്ച്‌…….

ആദ്യത്തെ ഏഴ് മാസങ്ങള്‍ നീണ്ട മൌനാനുരാഗത്തിന്‌ ശേഷം,ഒരു ഫെബ്രുവരി പതിനെട്ടാം തീയതി ഞാന്‍ അവളോട്‌ എന്‍റെ പ്രണയം വെളിപെടുത്തി.ഒരു വര്‍ഷം വീണ്ടും കഴിഞ്ഞു പ്രണയം പുതുക്കാന്‍ പോയ അന്ന്,എന്നോട് പറഞ്ഞ ആ ഒരൊറ്റ വാക്കിന്‌ ഇത്രയേറെ ദുഃഖം നല്‍കാനാവുമെന്ന്‌ ഞാനറിഞ്ഞു.

അതിനുശേഷം അവളില്ലാതെ ,അവളെകാണാതെ, കടന്നുപോയ കുറച്ച് കാലങ്ങള്‍ക്ക് ശേഷം, പ്രണയം നാന്ദികുറിച്ച , വെളിപെടുത്തിയ ,അവസാനിച്ച അതേ സ്ഥലത്താണ്‌ ഞാന്‍ തിരികെവന്ന്‌ നില്‍ക്കുന്നത്‌. എന്‍റെ പ്രണയം നിലച്ച അതെ കെട്ടിടത്തിന്റെ ചോട്ടില്‍ കൊഴിഞ്ഞുപോയ പ്രണയകാലത്തെ എന്‍റെ നായികയെ തിരഞ്ഞു ഞാന്‍ നിന്നു. അവളെ ഒന്ന്‌ കണ്ടാല്‍ മതിയെന്ന ഒരേ ഒരു പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവള്‍ എന്നെ കണ്ടിരിക്കുന്നു. കാണണം എന്ന്‌ മാത്രമേ ഞാനും കൊതിച്ചിരുന്നുള്ളൂ,സത്യം.!! പക്ഷെ, അവള്‍ എന്‍റെ അരികിലേക്ക്‌ വരുമെന്ന്‌ ഞാന്‍ കരുതിയില്ല.എന്നെ കൊതിപ്പിച്ച അവളുടെ കണ്ണുകളിലെ തിളക്കം അസ്തമിച്ചിട്ടില്ല,ചുണ്ടുകളിലെ വശ്യത കൂടിയിട്ടേയുള്ളൂ, എന്നെ ഭ്രമിപ്പിച്ച ആ ചിരി അവള്‍ കരുതിവെച്ചിട്ടുണ്ടായിരുന്നു.ഒരു ചിരി ഞാന്‍ അവള്‍ക്ക്‌ നല്‍കാന്‍ കരുതിവെച്ചിട്ടുണ്ടായിരുന്നു,സമ്മാനിക്കാതിരിക്കാന്‍ തോന്നിയില്ല.

ഒരുപാട് നാളത്തെ നിശബ്ദത ഞാന്‍ തന്നെയാണ് ഭേദിച്ചത്.ഈയൊരൊറ്റ നിമിഷത്തിന് വേണ്ടി മാത്രം ആയിരുന്നു ഞാന്‍ ഏറെ നാളായി കൊതിച്ചിരുന്നത്‌.പക്ഷെ കാലങ്ങള്‍ക്ക് ശേഷമുള്ള ഈ കൂടികാഴ്ച്ച !! എങ്ങനെ എവിടെ എന്ത് പറഞ്ഞ് തുടങ്ങണം എന്ന് എനിക്ക് അപ്പോഴും ഇപ്പോഴും എപ്പോഴും ഒരു നിശ്ചയവും ഉണ്ടാവാറില്ല. ചിന്തയുടെ മേഘക്കീറുകള്‍ എവിടെ നിന്നെല്ലാമോ പറന്നു വന്നു. ഞാന്‍ മനസിനെ ചരടിട്ടു നിര്‍ത്താന്‍ ആഗ്രഹിച്ചു.

അവള്‍ പണ്ട് ഒരറ്റവാക്കിലായിരുന്നു എനിക്ക് മറുപടി തന്നത്, പക്ഷെ ഇന്ന് അവളോട്‌ വെളിപ്പെടുത്താന്‍ എനിക്കൊരുപാട് വാക്കുകള്‍ വേണ്ടിവന്നു. മൃദു മന്ദസ്മിതയായ ആ പെണ്‍കുട്ടി എന്റെ സ്വപ്നങ്ങളില്‍ വരുമായിരുന്നു.സ്വപ്നങ്ങളെ ഞാന്‍ ഇന്നും പ്രണയിക്കുന്നു. കൂടുതല്‍ സമയവും അവളെ എനിക്ക് തന്നത് സ്വപ്നങ്ങള്‍ ആണ്. “നിന്നെ പ്രണയിക്കാന്‍ വേണ്ടി മാത്രം ഞാന്‍ തുടങ്ങിയ എന്‍റെ ദിനങ്ങള്‍ ,നിന്നെ ഹൃദയത്തോട്‌ ചേര്‍ത്തുവെച്ച്‌ ഉറങ്ങാതെ വെളുപ്പിച്ച രാത്രികള്‍ ,നിന്നെക്കുറിച്ചെഴുതിയ വരികള്‍ ,വരച്ചുവെച്ച സ്വപ്നങ്ങള്‍ , ഒന്നും ഞാന്‍ എന്‍റെ ഓര്‍മ്മകളില്‍ നിന്ന്‌ മായ്ച്ചിട്ടില്ല, ഒരിക്കലെങ്കിലും അവളോടു പറയാൻ ഞാൻ സൂക്ഷിച്ച കുറെ ഓർമകൾ.!! .ഓർമകൾ.എന്റെ ആത്മാവിന്റെ തേങ്ങലുകളായിരുന്നു..

പിരിയുന്ന ഈ ശോകമൂകമായ വേളയില്‍ എനിക്ക് പറയാന്‍ ഉള്ളത് :- ….നല്ലതല്ലെങ്കിലും കുറച്ച് ഓര്‍മ്മകള്‍ ഉണ്ട് , ആ ഓർമകൾ ഞാൻ എടുക്കുകയാണ്‌..എനിക്ക്‌ അതു മാത്രം മതി.

“ദേഷ്യം തോന്നുണ്ടോ ?”ആ നെഞ്ചു വിങ്ങുന്നത് ഞാന്‍ അറിഞ്ഞു.
“നീ തിരിച്ചറിയാതെ പോയ എന്‍റെ പ്രണയം തന്നെയാണ് നിന്നോടുള്ള എന്‍റെ ഏറ്റവും വലിയ വികാരം”

ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍ ഇരു ഹൃദയങ്ങളും തേങ്ങുന്നത് എനിക്ക് നന്നായി കേള്‍ക്കാമായിരുന്നു…..:)

നനുത്ത മണലില്‍ ഒരു ഈര്‍ക്കില്‍ തുമ്പ് കൊണ്ട് അവ്യക്തായ ചിത്രങ്ങള്‍ വരയ്ക്കുകയും വരച്ചു തീരുന്നതിന് മുന്‍പ് അവ മായ്ച്ച് കളയുകയും ചെയ്തുകൊണ്ടിരിക്കുന്ന ആ പെണ്‍കുട്ടിയുടെ ഉള്ളിന്റെ ഉള്ളില്‍ ഇപ്പോഴെന്താവും ഉണ്ടാവുക ??
-പ്രണയം നിശബ്ദമാണ് ,പങ്കുവെക്കാന്‍ വാക്കുകളോ ,സ്വപ്നങ്ങളോ ,നിമിഷങ്ങളോ ഇല്ലാതെ തന്നെ വാചാലമാകുന്ന നിശബ്ദത. !!

Label :- അവസാനത്തെ പോസ്റ്റ്‌ ഫ്രം മൈ ആദ്യത്തെ ഓഫീസ് ..!


—ശുഭം– 

No comments:

Post a Comment