Tuesday, September 10

കൂടുതൽ സംഭവങ്ങൾ വായിക്കാൻ ചുവടെ ഉള്ള ലിങ്ക്  ക്ലിക്ക് ചെയ്യുക....കളി മൊത്തം ഇപ്പൊ അവിടെയാ ......

https://dhaneshkanaran.wordpress.com/

Thursday, July 18

ഒരു വിളിപ്പാടകലെ ..!


ഒന്ന്
ടുത്ത ചാര നിറത്തിലുള്ള ആകാശം നനഞ്ഞൊലിക്കുകയായിരുന്നു. മരങ്ങള്‍ക്ക് മേലേ നിന്ന ആവിയില്‍ പുതഞ്ഞ ഇരുട്ടിലേക്ക്  മഴ കനക്കുന്നു. ആ ചാര നിറത്തിന്റെ ഇടയില്‍ വല്ല വിടവുകളുമുണ്ടോ? വെളിച്ചം ഏതിലൂടെയെങ്കിലും തുളച്ചു വരുന്നുണ്ടോ എന്ന് വിനു ആകാംക്ഷയോടെ നോക്കിനിന്നു. പക്ഷെ എവിടെയും വെളിച്ചം ഉണ്ടായിരുന്നില്ല. മഴയുടെ ശക്തി കൂടുകയായിരുന്നു. കാറ്റ് മൂളിക്കൊണ്ടിരുന്നു. മുളങ്കാടുകളെ കിടിലം കൊള്ളിച്ചു കൊണ്ട് ശരം പോലെ പാഞ്ഞുപോകുന്ന കാറ്റ് ഊക്കോടെ വീശുമ്പോള്‍  മഴയുടെ ശബ്ദം താളം തെറ്റിപ്പോകുന്നു. കാറ്റിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും മഴ..!! മഴയുടെ ശബ്ദം , മഴയുടെ താളം,  വിനു ആകാശത്തേക്ക് നോക്കി അസ്വസ്ഥനായി നിന്നു. അലറിവരുന്ന മഴയ്ക്ക് നല്ല ഉശാറുണ്ട്. ചരിഞ്ഞാണ് ആകാശത്തുനിന്ന് മഴ വീഴുന്നത്. ഇറയില്‍നിന്ന് വെളളം മുറ്റത്തേയ്ക്ക് തെറിച്ചുകൊണ്ടിരുന്നു. ഓടിന്‍പുറങ്ങളില്‍ നിന്നും  താഴേക്ക്  വീഴുന്ന മഴതുള്ളികള്‍ക്ക് കയറിന്റെ വണ്ണം. മുറ്റത്ത് ആദ്യം വെള്ളത്തിന്റെ പാടപോലെ. പിന്നെ വെള്ളം പതുക്കെപ്പതുക്കെ പൊങ്ങിവന്നു. പൊങ്ങിയ വെള്ളത്തില്‍ വീര്‍ത്തുവരുന്ന നീര്‍പ്പോളകള്‍ മഴത്തുള്ളികള്‍  വീണ് പൊട്ടിപ്പോകുന്നു. മുറ്റത്തുനിന്ന് വെള്ളം വരമ്പുകഴിഞ്ഞ്, നടവഴികഴിഞ്ഞ്, വേലികടന്ന് നാല് വഴിക്കും നിന്നും ഉള്ള ഒഴുക്കില്‍ സംഗമിച്ചു കരഞ്ഞുപാഞ്ഞുപോകയാണ്. തണുത്ത കാറ്റ് മഴയെ ആട്ടിയോടിച്ചു. പെട്ടെന്ന് മഴ ഉറക്കെ കരയാന്‍തുടങ്ങി
ഞാന്‍ ഇറങ്ങായിട്ടോ അമ്മേ..!! ഇത് തോരുംന്ന്  തോന്നണില്ല.
എന്താ ഇത് പേമാരി..!! സൂക്ഷിച്ച പോവുട്ടോ .. ചോറിന്റെ പൊതീണ്ട് ബേഗില് ബെച്ചിറ്റ്.
ഉം..ശെരി. ഞാന്‍ അങ്ങ് എത്തീറ്റ്  ബിളിക്കാം.
വിനു മുറ്റത്തേക്ക് ഇറങ്ങി നടന്നു.നടവഴിയില്‍ തിരിഞ്ഞു നോക്കിയപ്പ്പോള്‍ മുണ്ടിട്ന്റെ അറ്റം കൊണ്ട് കണ്ണുകള്‍ തുടച്ച് ഉമ്മറകോലായില്‍ തൂണും പിടിച്ചു അമ്മ അവനെ നോക്കി നില്‍ക്കുവായിരുന്നു.
ഏടത്തേക്കാ പദ്മാവതി ഏടത്തി വിനു ഈ മയക്ക് പൊന്നെ കണ്ടേ?
പഴയ കോളേജില്‍ പോവ്വാ…ഓന്റെ ചങ്ങായിപുള്ളറെല്ലും ബെരുന്നുണ്ടോലും.മൂന്നാല്  കൊല്ലായില്ലേ  അങ്ങോട്ടെക്കെല്ലും പോയിറ്റ്.
ബണ്ട്യാപ്പീസില്‍ എത്തുംമ്പോളെക്കും ചണ്ടിപിണ്ടി ആവുവല്ലോ ഓന്‍..
പാടത്തിനു നടുവിലൂടെ നീണ്ടു കിടക്കുന്ന ചെമ്മണ്‍ പാത. ഏകദേശം പകുതി ദൂരം പിന്നിടുമ്പോള്‍ റെയില്‍ പാളങ്ങള്‍ കാണാം.പിന്നെ ഒര് അഞ്ച് മിനുട്ട് റെയില്‍ന് മുകളിലൂടെ നടക്കുമ്പോഴേക്കും സ്റേഷന്‍ ആവും. റോഡിലാകെ ചെളി നിറഞ്ഞിരിക്കുന്നു. പാളങ്ങളിലേക്ക് കയറുന്ന പാതയുടെ ഇടത്തുവശത്ത് താഴേക്ക് ക്ഷേത്രത്തിലേക്ക് പോകാനുള്ള വഴിയിലൂടെ മുണ്ടുംമാടി കുത്തി കുടയും ചൂടി ഒരാള്‍ മുകളിലേക്ക് കയറി വന്നു.വിനുവിന്റെ അടുത്തെതിയപ്പോള്‍ അയാള്‍ നിന്നു.
ഏട്ത്തേക്കാ വിനൂ…രാവിലെ ബേഗ് എല്ലും കൊണ്ട്
ഒന്ന്  പാലക്കാട് വരെ പോവ്വാ…
എന്താ ബിശേഷം ?? കൂടെ പഠിച്ച ആര്ടെലും മംഗലം അയിനാ  ??
ഇല്ല..പഴയ ചങ്ങായിമാരെല്ലും ഒരുമിച്ച് കൂടുന്നുണ്ട് അത്രേന്നെ.
കുമാരേട്ടാ ..അമ്മൂനെ ഇന്ന് അമ്മേന്‍റെ അടുക്ക കെടക്കാന്‍ പറഞ്ഞയക്കണം. ഞാന്‍ രണ്ടീസം കഴിഞ്ഞേ മടങ്ങുള്ളൂ..
ഹും..!! ശെരി, ഇന്ന് മയ നാള് ആന്നാ തോന്നുന്ന. കോളേജ്ന്നു ബെരുമ്പോ ഞാന്‍ ഓളോട് പറയാം.വിനു നടന്നോ.ഏറനാട് അല്ലെ. ബെരനായി..
ഒര് നീണ്ട ചൂളം വിളിയോടെ പുകചുരുളകള്‍ മുകളിലേക്ക് പായിച്  ആകാശം മുഴുവന്‍ പൊട്ടി ഒലിക്കണ മഴയെ രണ്ടായി കീറിമുറിച്ച് തീവണ്ടി പതിയെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോറത്തിലേക്ക് കടന്നു വന്നു.

രണ്ട്
തീവണ്ടി മുറി  ശൂന്യമായിരുന്നു. അസ്വസ്ഥമായ മനസിനെ ആരോടെങ്കിലും പങ്കുവെക്കാന്‍ വിനുവിന്റെ മനസ്സ് കൊതിച്ചു. വണ്ടിയും താനും മാത്രം ഒരുമിച്ചു സഞ്ചരിക്കുന്നു. തീവണ്ടി തനിക്ക് എത്രയോ സുഹൃത്തുക്കളെ തന്നിട്ടുണ്ട്. ഒരിക്കലും കാണില്ലാന്ന് വിചാരിച്ച എത്രയോ പേരെ വീണ്ടും കണ്ടുമുട്ടാന്‍ സഹായിച്ചിട്ടുണ്ട്. ഒര് പാട് ടിക്കറ്റ്‌ പരിശോധകരെ നിന്ന നില്‍പ്പില്‍ കബളിപ്പിചിട്ടുണ്ട്. മുന്‍പ്‌ തീവണ്ടി മുറികള്‍ ഒരു വീട് പോലെ ആയിരുന്നു. കയറേണ്ട താമസം അത് വീടായി. എവിടേക്കാ..? എങ്ങോട്ടേക്കാ..? ഇതാ ഇവിടിരുന്നോളൂ… എന്നൊക്കെ പറയനാനും ചോദിക്കാനും ഒര് പാട് പേരുണ്ടാവും.
വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ ആദ്യത്തെ സഹയാത്രിക  കടന്നുവന്നു. വന്ന ഉടനെ  ബാഗുകള്‍ ഒതുക്കിവെച്ചു. ശ്രദ്ധാപൂര്‍വം  ഹാന്‍ഡ്‌ ബാഗ് തുറന്നു ഒര് വലിയ ഇംഗ്ലീഷ് ബുക്ക്‌ എടുത്തു. ഇനി മറ്റൊന്നും   കേള്‍ക്കരുത്  എന്ന് കരുതി പിന്നെ ഒര്  ഇയര്‍ ഫോണ്‍ എടുത്തു ചെവിയില്‍ തിരുകി ഏതോ സംഗീതത്തില്‍ ലയിച്ചു  പതിയെ ആ അക്ഷരങ്ങളിലേക്ക് മുഴുകി.
അടുത്ത സ്റേഷന്‍ ആയപ്പോള്‍ രണ്ടാമനും പിന്നാലെ മൂന്നാമനും കയറിവന്നു. ഇനി മറ്റൊന്നും കാണരുത്  എന്നു  ഉറപ്പിച്ചപോലെ. രണ്ടാമന്‍ സാവധാനം ലാപ്ടോപ്പ് എടുത്തു തുറന്ന് മടിയില്‍ വെച്ചു  പിന്നെ വിരലോടിച്ചു കൊണ്ടിരുന്ന മെല്ലെ മെല്ലെ മറ്റേതോ ലോകത്തിലേക്ക്‌  ഊളിയിട്ടിറങ്ങി. മൂന്നാമന്‍  കീശയിലെ  പൊതിയില്‍ നിന്ന്‍ എന്തോ എടുത്തു സാവധാനം ഉള്ളം  കയ്യിലിട്ട്  തിരുമ്മി. മെല്ലെ ചുണ്ടുകള്‍ വിടര്‍ത്തി അവിടെ നിക്ഷേപിച്ചു. ചുണ്ടുകള്‍ മുറുക്കി അടച്ചു.  ഇനി അവന് ഒന്നും മിണ്ടാന്‍ തോന്നില്ല ഉറപ്പാണ്‌.
അവരുടെ പ്രശങ്ങല്‍ക്കെല്ലാം പരിഹാരം ആയിരിക്കുന്നു. കുന്നുകളും പര്‍വതങ്ങളും തുരന്നു , പാലങ്ങളും പുഴകളും കടന്ന് ഒരു ഗുണനചിഹ്നത്തില്‍ അവസാന കംപാര്‍ട്ടുമെന്റും അകലേക്ക് മറയുന്നു. അയാള്‍ ഒര് യാത്രയില്‍ ആണ്. അയാളെ പോലെ ഒരായിരം പേരും.
എവിടെയെത്തി….?
പയ്യന്നൂര്‍ ആവണതെ ഉള്ളൂ. അരമണിക്കൂര്‍ ലെയ്റ്റാണ്….
ഹം…എത്ര മണിക്കെത്തും..?
എട്ട് മണിക്കൂറോളം വേണ്ടിവരും..
അപ്പൊ വൈകുന്നേരമാവും അല്ലേ..
ഭക്ഷണം ഒക്കെ പൊതിഞ്ഞെടുതിട്ടുണ്ടോ ?
ഉം ..!! അമ്മ തന്നു വിട്ടിട്ടുണ്ട്.
ഹം..മഴയല്ലേ ഭക്ഷണം കഴിഞ്ഞ് ഒന്ന് ഉറങ്ങി എണീക്കുമ്പോഴേക്കും വണ്ടി ഇങ്ങ് എത്തും. നാല് മണി കഴിയുമ്പോള്‍ ഞാന്‍ ഇറങ്ങാം ഇവിടെ അച്ഛന്‍ മാത്രേ ഉള്ളൂ. പാറുന്റെ വീടിലേക്ക്‌ പോണു എന്ന് പറയണം. അപ്പോള്‍ കുഴപ്പം ഉണ്ടാവില്ല. ഇവിടുന്നു നേരെ സ്റെഷനിലെക്ക് വരാം.നീ ഷൊര്‍ണൂര്‍ എത്തുമ്പോ വിളിക്ക്.
ശരി, ലോഡ്ജിന്റെ കാര്യം എന്ത് ചെയ്യണം ??
ഓണ്‍ലൈനില്‍ നോക്കിയത് തന്നെ മതി.റെയില്‍വേ സ്റെഷന് അടുത്തുള്ളത്.അത് ചീപ്പും ആണ്.
പ്രശ്നം ഒന്നും ഉണ്ടാവില്ലല്ലോ ??
നീ പേടിക്കാണ്ട് ഇരിക്ക്. പറഞ്ഞു പറഞ്ഞു എന്നെയും പേടിപ്പിക്കാതെ.നിന്റെ വിചാരം മാത്രേ ഉള്ളൂ എപ്പോളും ഒര് പാട് പറയാന്‍ ഉണ്ട്….
എനിക്കും ഉണ്ട് ഒരുപാട് പറയാന്‍. അമ്മ വീട്ടില്‍ ഒറ്റക്ക് ആയിട്ടും ഇത്രേം റിസ്ക്‌ എടുത്തു അങ്ങോട്ടേക്ക് വരുന്നതും അതൊക്കെ ആഗ്രഹിച്ചാണ്.
ശരി ശരി, ഞാന്‍ താഴേക്ക് ഇറങ്ങുവാ.ഇനി കൊറേ നേരത്തേക്ക് ഫോണ്‍ കയ്യില്‍ ഉണ്ടാവില്ല. കുറച്ച് നേരം അച്ഛന്റെ അടുത്ത് ഇരിക്കണം..നീ ഷൊര്‍ണൂര്‍ എത്തുമ്പോ വിളിക്ക്ട്ടോ..
ശരി ശരി ബൈ ബൈ…Take Care
ബൈ.!!
മഴ അപ്പോളും തോരാതെ പെയ്തു കൊണ്ടിരിക്കുവാണ് ഒരിക്കലും അവരോഹണത്തെക്കുറിച്ച് ചിന്തിക്കാതെ, ഉയരങ്ങളിലേക്ക് വീണ്ടും ഉയരങ്ങളിലേക്ക്, ഒരു സാഹസികനായ മലകയറ്റകാരനെ പോലെ മഴ അങ്ങിനെ കയറി പോവുന്നു. പാറി വന്ന മഴ. പീലി വിരിച്ചു നൃത്തം വെക്കുന്ന ഉശിരന്‍ മഴ. സ്നേഹവും സ്വാന്തനവുമായ മഴ. മഴയില്ലാത്ത ഇടവപ്പാതി ദിവസങ്ങള്‍ വളരെ വിരസമാണ്. എല്ലാ മഴക്കാലങ്ങിളും വീടിലെ ഉമ്മറകോലായില്‍ കുത്തിയിരുന്ന് പെയ്യുന്ന മഴക്കൊപ്പം മനസിനെ വെറുതെ നനയാന്‍ വിടും. ആ നിമിഷം ബാക്കി ഉള്ള കാര്യങ്ങള്‍ എല്ലാം മറന്ന്നു പോവും. സീല്‍ക്കാരത്തോടെ പെയ്യുന്ന മഴ ആത്മാവിലേക്ക് ഇറങ്ങി ചെന്ന് വല്ലാത്തൊരു കുളിര് നല്‍കും. അപ്പോള്‍ ശരീരത്തിനും മനസിനും എന്തെന്നില്ലാത്ത സ്നേഹവും ഉന്മേഷവും തോന്നും. എല്ലാരോടും സംസാരിക്കാന്‍ തോന്നും. പല കഥകളും ഓര്‍മയില്‍ വരും. ആവി പതയുന്ന കാപ്പി ഊതി ഊതി കുടിച്ചു ശുദ്ധ സംഗീതത്തില്‍ പ്രണയ ഗാനങ്ങള്‍ കേട്ട് നിശ്ശബ്ദനാവും.
വണ്ടി മുന്നോട്ട് പാഞ്ഞു പോവുകയാണ്. പണ്ട് മറ്റു വണ്ടിക്ക് വഴിമാറി കൊടുക്കാന്‍ തീവണ്ടികള്‍ പിറകോട്ടും ഓടുമായിരുന്നു. വളരെ കൌതുകകരമായിരുന്നു ആ  കാഴ്ച്ച. എന്നാല്‍ ഈ വണ്ടി പിന്നോട്ട് ഓടിയില്ല. എന്നാല്‍ മനസ് ഓടുകയാണ്.. പിറകിലേക്ക് ..വീണ്ടും പിറകിലേക്ക്..
രാവിലെ പെയ്യുന്ന മഴയില്‍ കിടക്കയില്‍ നിന്നും പുതപ്പു പൊക്കി നോക്കുമ്പോള്‍ പുറത്ത് നല്ല മഴയായിരിക്കും. ആ സമയത്ത് എഴുന്നേല്‍ക്കാന്‍ തന്നെ മടിയായിരിക്കും. അപ്പൊ ആലോചിക്കും ഇന്ന്  കോളേജ്  ഇല്ലായിരുന്നെങ്കില്‍ എന്ന്. പുറത്തെ മഴയും നല്ല തണുപ്പും കുളിച് ക്ലാസിനു പോവുംബോഴേക്കും നല്ല മഴ. കുട ഉണ്ടായിരുന്നിട്ടും മഴ ഒന്നുകൂടെ കുളിപ്പിക്കും. ക്ലാസിലെ ബഹളവും മഴയുടെ ശ്രീരാഗവും ഒരിമിക്കുമ്പോള്‍ ഉള്ള ക്ലാസ് നല്ല രസമായിരുന്നു. ക്ലാസ് കട്ട് ചെയ്തു സിഗരറ്റും ബീഡിയും കായല്‍ തീരത്ത് പോയി വലിച്ച് അരിച്ചരിച്ചു കേറുന്ന തണുപ്പിനെ ശമിപ്പിക്കും. അങ്ങനെ തണുത്ത് ഉറഞ്ഞു പൊയ എത്ര എത്ര ഓര്‍മ്മകള്‍.
ഓർമ്മകൾ മനസിനെ കീഴടക്കുകയാണ്..പലതരം നിറങ്ങൾ മുന്പിലൂടെ മഴയായി താഴോട്ട് പതിക്കും പോലെ. കടും വര്‍ണങ്ങളില്‍ ഉള്ള മഴത്തുള്ളികള്‍ ചേർന്നു ഒരു രൂപം പ്രാപിക്കയാണ്. ഒരു മനുഷ്യരൂപം.
അത് ആരാണ് ?
ഏതോ സുന്ദരിയായ ചെറുപ്പക്കാരിയുടെ രൂപം . ആരാണ് അവള്‍. ആ മുഖത്ത് സ്ത്രീത്വംതുളുംപുന്നു. ഒര് പുഞ്ചിരി വിരിയുന്നു.
ആ കണ്ണുകൾ തന്നെത്തന്നെ തുറിച്ചു നോകുകയല്ലേ?
അതെ കണ്ണുകൾ. ചുവന്ന കല്ലുവെച്ച മൂക്കുത്തി.അതിന്റെ തിളക്കം.
അതെ, അത് അവളാണ്…ജ്യോതി.
അയാൾ കണ്ണുകൾ തിരുമി. മുന്നിൽ ആ രൂപം..സുവര്‍ണകാലത്തെ രൂപം.
അത് തന്നെത്തന്നെ നോകുകയാണ് .
തന്റെ ചെറുപ്പകാലം…
അയാൾ കണ്ണുകൾ തുടച്ചു..മനസിനെ നിയന്ത്രിക്കാനകാത്തതെന്തേ? തന്റെ പഴയ കാലം തനിക്കിനിയും മറക്കനാകാതതെന്തേ?
അന്ന് താൻ സൗന്ദര്യം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും.. കോളേജില്‍ ശ്രധിക്കപെടുന്ന എല്ലാ വേഷത്തിലും പയറ്റിതെളിഞ്ഞവന്‍ ആയിരുന്നു. എല്ലാരാലും ആരാധിക്കപെട്ടവന്‍ ആയിരുന്നു. സൗഹൃദബന്ധങ്ങളില്‍ വേണ്ടപെട്ടവന്‍ ആയിരുന്നു. അതിനിടയില്‍ എങ്ങിനെയോ പ്രണയം വന്നുചേര്‍ന്നു.. പലപ്പോഴും പല സന്ദര്‍ഭങ്ങളിലായി  അവളെ സംരക്ഷിച്ചു. റാഗിങ്ങില്‍ നിന്നും..കാമ്പസിലും ബസ്സിലും നഗരത്തിലും ഒക്കെയായി.. അതായിരുന്നുവോ പ്രണയം ..അറിയില്ല. ഇന്ന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു ഏകാന്തനായി അലയേണ്ടി വരുമ്പോളും ഒരു ദുഃഖം മാത്രമേ ഉള്ളൂ. അവൾ.. ജീവിതത്തില്‍ ആദ്യമായി മോഹിച്ച, ആത്മാര്‍ഥമായി പ്രണയിച്ച  തന്റെ പെണ്ണ് കൂടെ ഇല്ലല്ലോ എന്ന ദുഃഖം. അവൾ ഉണ്ടായിരുന്നെങ്കിൽ..
ആരായിരുന്നു എനിക്കവള്‍..??
അറിയില്ല.
ആദ്യമായി എന്റെ പ്രണയം പറഞ്ഞപ്പോഴും. മണ്ണും മനസും കുളിര്‍പ്പിക്കുന്ന ഒര് മഴക്കാലത്ത്‌ ഒര് കുടക്കീഴില്‍ പരസ്പരം ഹൃദയം കൈമാറിയപ്പോഴും, ക്ലാസ് മുറികളിലും ഇടനാഴികളിലും വെച്ച് പ്രണയം പങ്കുവെച്ചപ്പോഴും പ്രണയാര്‍ദ്രമായ തന്‍റെ കരങ്ങള്‍ അവളെ പുണരുമ്പോഴും അവളുടെ കണ്ണില്‍ പ്രണയത്തിന്റെ തീഷ്ണത ഞാന്‍ കണ്ടിരുന്നു. വാക്കുകൾ വർണിക്കാനാവില്ലായിരുന്നു ഞങ്ങളുടെ ബന്ധം. ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ടിരുന്ന അവള്‍ക്ക് പണം എന്ന ഒറ്റലക്ഷ്യവുമായി നാടുനീളെ ഓടുന്ന അച്ഛന്‍. ജീവിതത്തില്‍ അവള്‍ എന്നും ഒറ്റക്ക് ആയിരുന്നു. അവളുടെ നൊമ്പരങ്ങളില്‍ ആശ്വാസമായത് തന്‍റെ ശ്വാസനിശ്വാസങ്ങള്‍ ആയിരുന്നു. ഒരുമിച്ച്‌ നടക്കുമ്പോൾ ഞാൻ എന്നോട്‌ ചേർത്തു പിടിക്കറുണ്ടായിരുന്ന അവളുടെ ഇടുപ്പും, കെഞ്ചി ചോദിച്ച്  ചുംബിക്കാറുള്ള കവിൾതടങ്ങളും കാലത്തിനൊപ്പം വളര്‍ന്ന് മനസുകള്‍ക്കൊപ്പം ശരീരവും പങ്കുവെച്ച് തുടങ്ങിയത് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല.
പക്ഷെ, സ്നേഹിച്ചു തീരും മുന്പ് , തന്‍റെ കയ്യും മെയ്യും എത്താത്തൊരു ലോകത്തേക്ക് അവള്‍ പോയി മറഞ്ഞു. മറച്ചു കളഞ്ഞു എന്ന് പറയന്നുതാവും ശെരി. പിരിയാന്‍ ഒട്ടും ആഗ്രഹം ഇല്ലാതെ, കൂടെ ജീവിക്കാന്‍ ഭാഗ്യം ഇല്ലാതെ, ഇന്ന് ഞങ്ങള്‍ രണ്ടാളും രണ്ട് ധ്രുവങ്ങളിലാണ്. ഒരിക്കലും താനിങ്ങനെ ആവില്ലായിരുന്നു. ഗത്യന്തരം ഇല്ലാതെ ഇങ്ങനെ അലയില്ലയിരുന്നു. ഒക്കെ വിധിയാണ്. എങ്കിലും,അവൾ ഉണ്ടായിരുന്നെങ്കിൽ. പഴയ പോലെ തന്റെ സ്വപ്ങ്ങളില്‍ പുതപ്പിനുള്ളിലെ രാത്രികളിൽ അവൾ വന്നെങ്കിൽ..
അയാൾ ഓർത്തു,
ഉറങ്ങാൻ കിടക്കുമ്പോൾ താൻ ഉറങ്ങും വരെ. തന്റെ തലയിലൂടെ അവൾ വിരലുകളോടിച്ചു കൊണ്ടിരിക്കുന്നതായി തോന്നും. അതൊരു സുഖമാണ്. പെട്ടെന്നൊരുദിവസം സ്നേഹസമ്പന്നനായ, സ്വന്തമെന്നു കരുതിയവളെ മനസില്‍ നിന്നും പറിച്ചു എടുത്തു കൊണ്ടുപ്പോയി അവള്‍ക്ക് സമ്മതം അല്ലാത്ത ഒര് ബന്ധം ഉണ്ടാക്കി, ഒരാള്‍ടെ കയ്യില്‍ പിടിച്ചു ഏല്‍പ്പിച്ചപ്പോള്‍ ഇളകിമറിഞ്ഞുവീണത് ഒരു ഇരുപത്തി രണ്ട് വയസുകാരന്റെ മനസ്സെന്ന ചീട്ടുകൊട്ടാരമായിരുന്നു. കഴിവിനറ്റം വരെ ശ്രമിച്ചെങ്കിലും അവളെ തന്നിലേക്ക് എത്തിക്കാന്‍ ആര്‍ക്കും ആയില്ല. കരയാൻപോലുമാവാതെ ദിശാബോധം നഷ്ടപ്പെട്ട ആ മനസ്സിന്റെ അലര്‍ച്ചകള്‍ മാറ്റൊലി കൊണ്ടത് വികലമായ വികാരവിചാരങ്ങളുടെ  ഇടനാഴികളിലായിരുന്നു. അന്നതൊക്കെ അവന് താനർഹിക്കുന്നതിലും കൂടുതലായി തോന്നി. ഒപ്പം ഒറ്റക്കായി പോയപ്പോള്‍ മനസില്‍ ഉണ്ടായ വൃണങ്ങളിൽ തിരസ്കാരത്തിന്റെ കത്തികൊണ്ടുള്ള ചിലരുടെ കുത്തിനോവിക്കലുകൾ. പിന്നൊരു ഒളിച്ചോട്ടമായിരുന്നു- ഒരു നിമിഷാർദ്ധം കൊണ്ട് തന്റെ പിന്നീടുള്ള ജീവിതമാകെ മാറ്റിമറിച്ച ഏതോ ഒരു വിഭ്രാന്തിയുടെ ചിറകിലേറി-എന്തിനെന്നറിയാതെ. ഏത്തിപ്പെട്ടത് നഗരത്തിന്റെ നിശാവസ്ത്രം പുതച്ച, കുറ്റകൃത്യങ്ങളും കഞ്ചാവും മയക്കുമരുന്നും മദ്യവും മണക്കുന്ന ഇരുള്‍  വീഥികളിലായിരുന്നു. പിന്നെ വീണ്ടും വർഷങ്ങൾ നീണ്ട പലായനങ്ങൾ. അഴുക്കിൽ നിന്ന് അഴുക്കുചാലുകളിലേക്ക് മനപ്പൂർവ്വവും അല്ലാതെയും അനുസ്യൂതം തുടർന്ന യാത്ര അവസാനിച്ചത് പാവങ്ങളുടെ കഥകൾ മാത്രം പറയാനുള്ള ഒര് ആശ്രമാങ്കണത്തിലും. ഒടുവിൽ രണ്ടുമാസത്തെ നല്ലനടപ്പ്‌ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഹൃദയത്തില്‍ വിശാദത്തിന്റെ കനല്‍ ചൂട് നീറുകയായിരുന്നു. മുറിവേറ്റ പ്രണയത്തിന്റെ തീവ്രത വജ്ര സൂചികളെക്കാള്‍ ഭയാനകമാണ്. പ്രകൃതി അവളുടെ നിയമം നടപ്പാക്കി എന്നോര്‍ത്ത് സമാധാനിക്കുകയായിരുന്നു ഓരോ നിമിഷവും.
എന്തിനായിരുന്നു ?? കഴിഞ്ഞ് പോയ കാലത്തിന്റെ ഇടനാഴിയില്‍ തനിച്ചിരിക്കുമ്പോള്‍ അവള്‍ടെ ഓര്‍മ്മകള്‍ തേടിയെത്തി ഒര് പാട് വേദനിപ്പിക്കുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം ഒര് ദിവസം വീണ്ടും എന്നിലേക്ക് എത്തിയത് എന്തിനായിരിക്കും ?? ആദ്യമായി വിരഹത്തിന്റെ വേദനയെ കുറിച്ച് അവള്‍ പറഞ്ഞപ്പോള്‍ അത് ഇത്രെയേറെ കഠിനമാണെന്നു ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്നാലും ഇപ്പോഴും ഇനിയും ഞാന്‍ അവളെ പ്രണയിച്ചുകൊണ്ടിരിക്കുന്നു.
മഴ മനസ്സില്‍ നനഞ്ഞിറങ്ങി. അവന്‍റെ പ്രണയത്തില്‍ പെയ്തിറങ്ങി. പിന്നീടെപ്പോഴോ വിനു മഴയെ ഒറ്റയ്ക്കാക്കി, അതോ മഴ അവനെയോ ??
ഉറക്കം പതിയെ അയാളുടെ കണ്പീലികളെ  തഴുകുകയാണ്…..

മൂന്ന് 
ട്രെയിനിന്റെ ജനാലയില്‍ മഴത്തുള്ളികള്‍ വന്നുതട്ടി അത് മുഖത്തേക്ക് തെറിച്ചു വീണു. ജനാലകല്‍ക്കരുകില്‍ തണുത്ത കാറ്റ് വീശുന്നുണ്ട്. വിനു കൈ രണ്ടും കെട്ടി വെച്ച് കാലിനു മേല്‍ കാല് കേറ്റിവെച്ച് വിറയലോടെ ഇരുന്നു.
ഷൊര്‍ണൂര്‍ എത്തി..നീ എവിടെയാ ?? ഇറങ്ങിയോ ??
മം…ഇറങ്ങി ഞാന്‍ സ്റെഷനിലെക്ക് വന്നു കൊണ്ടിരിക്കുവാ ..
എന്റെ മൊബൈലിന്  ചാര്‍ജ് കുറവാണ് , മഴ ആയോണ്ട്  കറന്റ് ഉണ്ടായിരുന്നില്ല വീട്ടില്‍…
“ഇതെന്താ മറുപടി അയക്കാത്തേ…??? ഡീ ..എവിടെയാ ??
‘അയ്യോ, മെസ്സേജ് കണ്ടില്ല മാഷേ. ബസില്‍ കേറുന്ന തിരക്കില്‍ ആയിരുന്നു. എടാ പിശുക്കാ നീ വിളിക്കും എന്നല്ലേ പറഞ്ഞെ..ഒര് രൂപ കളയാന്‍ മടിയല്ലേ..ഇവിടെ ഭയങ്കര  മഴയാണ് ഞാന്‍ അഞ്ച് മിനുട്ടിനകം അവിടെ എത്തും. നീ അവിടെയുള്ള ലേഡീസ് വെയിറ്റിംഗ് റൂമിന്റെ മുന്നില്‍ വന്നാ മതി. ഞാന്‍ അതിനകത്ത് ഇരിപ്പുണ്ടാവും.
ഹോ..!! സമാധാനം ആയി. ഞാന്‍ വിചാരിച്ചൂ. നീ എന്നോട് പറയാതെ തിരിച്ചുപോയെന്ന്.
ഇതാണല്ലേ എന്നെക്കുറിച്ച് വിചാരിച്ചച്ചു വെച്ചേക്കണത്.. നിന്നെ ഇഷ്ടമില്ലെങ്കില്‍ ഞാന്‍ ഇങ്ങോട്ടേക്ക് വരുന്ന കാര്യം പറയുമായിരുന്നോ.. ആട്ടെ നീ എന്തെങ്കിലും കഴിച്ചിരുന്നോ ??
ഇല്ല. ഒര് ചായ കുടിച്ചു.തണുത്തിട്ട് ഇരിക്കാന്‍ വയ്യ.
ശെരി.!! വേഗം വാ , വന്നിട്ട് ഒരുമിച്ചു കഴിക്കാം.എന്നിട്ട് ലോഡ്ജിക്ക് പോവാം.
OK..ടേക്ക് കെയര്‍..

നാല്
നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. വീശിയടിക്കുന്ന ഈറൻ കാറ്റ്. വിനു വണ്ടി  ഇറങ്ങി ലേഡീസ് റൂം ലക്ഷ്യമാക്കി നടന്നു. പൊടുന്നനെ അയാള്‍ കണ്ടു , തനിക്കെതിരെ നടന്നു വരുന്ന സീമന്ത രേഖയില്‍ സിന്ദൂരം തൊട്ട ചുവന്ന പട്ടുസാരി ഉടുത്ത് വെളുത്ത് മെലിഞ്ഞ് സുന്ദരിയായ ഒരു പെണ്‍കുട്ടിയെ. മനോഹരമായ മുടിയിഴകള്‍ അവളുടെ മുഖത്തേക്ക് പാറി വീണുകൊണ്ടിരുന്നു. അവള്‍ തന്നെ താന്‍ അന്വേഷിക്കുന്നവള്‍ എന്ന് അയാളുടെ മനസ്സ് ഉറച്ചു വിശ്വസിച്ചു. അയാള്‍ മുന്നോട്ട് നടന്നു. തിളക്കമുള്ള വലിയ കണ്ണുകള്‍ കൊണ്ട് അവള്‍ അവനെ കണ്ണിമക്കാതെ നോക്കി.
നീ ലേശം തടിച്ചിരിക്കുന്നു.ഇച്ചിരി വെളുത്തിട്ടുണ്ടോ…
കണ്ടപാടെ അവള്‍ പറഞ്ഞു. അവളുടെ കണ്ണുകളില്‍ സ്‌നേഹത്തിന്റെ തിളക്കം. ചുണ്ടുകളില്‍ അവളെപ്പോഴും സൂക്ഷിക്കാറുള്ള അതെ പുഞ്ചിരി.
അയ്യട..!! ബോംബെല് പോയിട്ടും നീ ഹിന്ദി സോപ്പോന്നും തെക്കാന്‍ തുടങ്ങിയില്ലേ ??
അവള് ചിരിച്ചു.കൂടെ അവനും. ഒരേ താളത്തിലുള്ള ചിരി.
അവള്‍ കൈയില്‍ കരുതിയ ബാഗ് വലംകൈയിലേക്ക് മാറ്റിപ്പിടിച്ചു. ഇടതു കൈ അവന്റെ വലം കയ്യില്‍ ചേര്‍ത്ത് പിടിച്ചു മുന്നോട്ടേക്ക് നടന്നു.
ഓണ്‍ലൈനില്‍ കണ്ട ആ  റൂം തന്നെ മതി…അതാണ്‌ നല്ലത്. ഞാന്‍ മുറിയുടെ ഫോട്ടോസ് ഒക്കെ കണ്ടതാ…ഇവിടുന്നു നടക്കാന്‍ ഉള്ള ദൂരമേ ഉള്ളൂ.
ഹും മതി.!! അവന്‍ തലയാട്ടി.
ആരെങ്കിലും കണ്ടാല്‍, രണ്ടാള്‍ക്കും ഉള്ളകത്ത്  പേടിയുണ്ടായിരുന്നെങ്കിലും , പ്രകടിപ്പിച്ചില്ല.
മഴയ്ക്ക് അല്‍പ്പം ശക്തി കൂടിയിട്ടുണ്ട്.കുട നിവര്‍ത്താതെ വയ്യ.
ഡാ ..!! മഴ നനഞ്ഞു നടക്കാനാണെനിക്കിഷ്ടം. പക്ഷേ, വെറുതെ വട്ടാണെന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കണ്ടല്ലോ..
ലോഡ്ജിലെത്തി, വാടക 950 എന്ന് അവര്‍ പറഞ്ഞപ്പോള്‍ 800 എന്നാണല്ലോ വെബ്‌സൈറ്റില്‍ കണ്ടത് എന്നും പറഞ്ഞു അവള് തനി മുക്കുവസ്ത്രീ ആയി സംസാരം തുടങ്ങി. ടാക്സും കരണ്ടും വെള്ളവും ചേര്‍ത്ത് ലോഡ്ജ് കാര് 900 ബില്ലില്‍ എഴുതി.
മൂന്നാം നിലയിലായിരുന്നൂ അവരുടെ മുറി.
വിനു ബാഗില്‍ നിന്ന് പുസ്തകങ്ങളും വസ്ത്രങ്ങളും എടുത്ത് മേശമേല്‍വെച്ചു.
പാന്റ്‌സ് മാറ്റി, ലുങ്കിയുടുത്തു.
അവള്‍ കിടക്കയിലിരുന്ന് ടിവി ഓണാക്കി.
നീ ഡ്രസ്സ് മാറുന്നില്ലേ…വിനു ചോദിച്ചു.
കുളിക്കുമ്പോള്‍ മാറാം…
ഒര് പഴയ മലയാള സിനിമാഗാനത്തില്‍ അവള്‍ മുങ്ങി.
ഇതെന്താണ് ബോംബെല് ഈ സാധനം ഇല്ലേ?? , ടിവി കാണാനാണോ ഇത്രേം ദൂരത്തേക്ക് ഓടിപ്പാഞ്ഞ് വന്നത്..കഷ്ടമുണ്ട്…
ടീവി ഒക്കെ ഉണ്ട് മാഷേ, പക്ഷെ മലയാളം ചാനലുകള്‍ ഒന്നും ഇല്ല.നമ്മടെ ലലെട്ടനേം ശോഭനചേച്ചിനേം ഒക്കെ കാണാന്‍ സമയവും കിട്ടാറില്ല. എപ്പോഴും ഹിന്ദി വാര്‍ത്താ ചാനലും വെച്ച് കുത്തി ഇരിപ്പുണ്ടാവും എന്റെ കെട്ടിയവന്‍.
അവന്‍ ഒന്നും മിണ്ടിയില്ല.
വിഷമമായോ..??
അവള്‍ അവന് നേരെ മുഖം തിരിച്ചു ചിരിച്ചു..
എന്നാ നീ നോക്ക്.
വിനു അവള്‍ക്കടുത്തായി കിടന്നു.
ശരിക്കും വിഷമമായോ,ഞാന്‍ വെറുതേ പറഞ്ഞതാട്ടോ. നിന്നോട് സംസാരിക്കാനല്ലേ അങ്ങേരേം മറന്ന് ഇങ്ങോട്ട് വന്നത്.. ഒര് ദിവസമെങ്കില്‍ ഒര് ദിവസം എല്ലാ ഹിന്ദിചാനലുകളും മറന്ന് , മറ്റെല്ലാം മറന്ന് നമ്മടെ പഴയ കാല രാത്രികളിലേക്ക് തിരികെ പോണം..അതിനാണ് ഇല്ലാത്ത മീറ്റിംങ്ങിന്റെ കാരണം ഉണ്ടാക്കി അങ്ങേരുടെ അടുത്ത് ലീവും പറഞ്ഞ് ഞാന്‍ പാലക്കാട്ടേക്ക് വന്നത്.
വിനു വലതുകൈ കാലുകള്‍ക്കിടയില്‍ വെച്ച് ചെരിഞ്ഞു കിടന്നു. മൊബൈല്‍ എടുത്തു നോക്കാന്‍ തുടണ്ടി.
നീ കണ്ടോളൂ, ഞാനും വെറുതേ പറഞ്ഞതാ..
ഉം.ഈ പാട്ട് ഒന്ന് കഴിഞ്ഞോട്ടെ.
അവള്‍ വീണ്ടും ടിവിയിലേക്ക് മുഖം നീട്ടി.
കുറച് കഴിഞ്ഞ് അവള് അവന്റെ കാലിനടുത്തായി വന്നു ഇരുന്നു.
ഇനി പറ.എന്തൊക്കെ ആയിരുന്നു ഇത്രേം കാലത്തെ വിശേഷങ്ങള്‍. കരഞ്ഞിരുന്നോ വിനു നീ.. ??
നല്ല ചോദ്യം.!! ദുഃഖം ഉണ്ടായിരുന്നു ഒരുപാട്.നഷ്ടബോധം തോന്നി. കോടതി മുറിയില്‍ നിന്നും അച്ഛന്റെ കൂടെ നീ ഇറങ്ങിപോയത് ഓര്‍ത്തായിരുന്നു എപ്പോളും സങ്കടം. അവസാന നിമിഷം വരെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ഞാന്‍ ഒന്നും അല്ലാതെ ആയത്  പോലെ തോന്നി. തിരിച്ചു വരുന്ന വഴി കല്യാണത്തിനായി വാങ്ങിച്ച സാരിയും മാലയും ഒക്കെ കളയണം എന്ന് വിചാരിച്ചത് ആയിരുന്നു. പിന്നെ ആരൊക്കെയോ ചേര്‍ന്ന് വിലക്കി. അതെല്ലാം ഇപ്പൊ അമ്മ എടുത്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എന്നെ അത് കാണിക്കണ്ട എന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ മുരടിക്കാന്‍ തുടങ്ങുകയായിരുന്നു. ഏകപക്ഷിയമായ ഒരു കോമാളിത്തം മാത്രമാണ് എന്റേത് എന്ന് എനിക്ക് മനസിലായി. സന്ദര്‍ഭങ്ങള്‍ മനുഷ്യനെ മനുഷ്യനല്ലാതാക്കും.സ്ത്രീയോ പുരുഷനോ ആയാലും അത് സ്വാഭാവികമാണ്.അത് തന്നെയാണ് നിന്റെ ഉള്ളില്‍ സംഭവിച്ചതെന്നും ഞാന്‍ വിശ്വസിച്ചു. മറിച്ചൊന്നു ചിന്തിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല.
അവളുടെ കവിളിലെ നനവ് വിനു തുടച്ചു കളഞ്ഞു. ഏത് നിമിഷവും അവളുടെ മുഖാവരണം തകരുമെന്നും അവള് കരയുമെന്നും വിനു ഭയപ്പെട്ടു.
അവിടെ താമസിക്കുന്നവര്‍ക്ക് ബോംബെ വിട്ട് പോരാന്‍ ഇഷ്ടോല്ലാത്രേ, എനിക്ക് ഒര് ദിവസമെങ്കില്‍ ഒര് ദിവസം നേരത്തെ അവിടുന്ന് പോരണം എന്നെ ഉള്ളൂ… അളന്നു മുറിച്ചു നല്‍കുന്ന സ്നേഹത്തോട് വെറുപ്പായിരിക്കുന്നു. വിഡ്ഢിയാവുന്നു എന്ന തിരിച്ചറിവുണ്ടായിട്ടും നിസ്സഹായതയോടെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഒരുപാട്. ഭ്രാന്തിയാവാതിരിക്കാന്‍ അതേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ…വയ്യ വിനു, മടുത്തു എല്ലാം കൊണ്ടും. രാത്രികളില്‍ കണ്ണുകള്‍ തുറന്ന്, ഉച്ഛ്വാസത്തിന്റെ ശബ്ദം പോലും കേള്പ്പിക്കാതെ ആ മുറിയില്‍ ഞാന്‍ കാലങ്ങള്‍ കഴിച്ചു കൂട്ടുന്നു.. കാറ്റും,മഞ്ഞും,മഴയും,വെയിലും  ഒന്നും കൊള്ളാതെ, ഋതുക്കള്‍ മാറാത്ത, പ്രകൃതിയില്ലാത്ത ഒരു ലോകം. നിശബ്ദത മാത്രമായിരുന്നു ആ മുറിക്ക് അലങ്കാരം. പക്ഷെ ആ നിശബ്ദതയുടെ  സംഗീതം, അതെന്നോ  മരവിച്ചു പോയിരുന്നു
ഏകാന്തത ചിലപ്പോഴൊക്കെ വേദനയും പേടിയുമാണ്.പക്ഷെ നിന്റെ പ്രണയം ഏറ്റവും അറിഞ്ഞതും അതില്‍ നിന്ന് തന്നെ. കഴിഞ്ഞയാഴ്ച്ചയായിരുന്നു എന്റെയും ഹരിയുടെയും നാലാം വിവാഹവാർഷികം. ഇത്തവണയും മുന്തിയയിനം പട്ടുസാരിയൊന്ന്‌ മറക്കാതെ വാങ്ങിതന്നിരുന്നു. പക്ഷേ കുറച്ച് വര്‍ഷങ്ങളായി മറ്റു പലതും മറക്കുന്നുണ്ടായിരുന്നു. മറക്കുകയല്ല.. തിരക്കുകൾക്കിടയിൽ ഞെരിയുമ്പോൾ, സ്വന്തം ശരീരഭംഗി കെട്ടിയുയർത്താൻ ഓടിക്കൊണ്ടേയിരിക്കുമ്പോൾ സ്വയം പ്രഖ്യാപിച്ച ഒരു നിർബന്ധിത അവധി. സൗകര്യങ്ങൾ ഓരോന്നു കൂടുമ്പോഴും, നാടുനീളെ നടന്നുള്ള മേനിപ്രദര്‍ശനത്തിന്റെ ഫലമായി പുരസ്കാരങ്ങള്‍ ഓരോന്നായി സ്വീകരണ മുറിയിലേക്ക് വന്നപ്പോഴും ഫ്ലാറ്റുകള്‍ മാറി വില്ലയിലേക്ക് താമസം മാറ്റിയപ്പോഴും എന്റെ ചിരിക്കടിയിലെ നൊമ്പരം കണ്ടിട്ടും അദ്ദേഹം ഒന്നും അറിയാത്തതായി നടിക്കുകയാണെന്നപോലെ എനിക്ക് തോന്നി. നെഞ്ചിലെ രോമങ്ങളിൽ നേർത്ത നഖം കൊണ്ട്‌ കോറി വരക്കുമ്പോൾ പിടയുന്ന കണ്ണുകളുടേയും നനവുള്ള ചുണ്ടുകളുടെയും ക്ഷണക്കത്തു മായ്ക്കാൻ വര്‍ഷങ്ങള്‍ക്കും മാസങ്ങള്‍ക്കും അപ്പുറത്ത് നടക്കാന്‍ പോകുന്ന ചാമ്പ്യന്‍ഷിപ്പുകളുടെ കഥകൾ കിടക്കയിൽ വിരിച്ചിട്ടു. എന്നും ഉയര്‍ച്ച താഴ്ചകളുടെ കഥകൾ കേട്ട് ഉറങ്ങി….പക്ഷേ എന്നും കാത്തിരിക്കുമായിരുന്നു…ഉറക്കം കണ്ണുകളില്‍ വന്നു മുട്ടുന്നത് വരെ. നിദ്രയൊഴിഞ്ഞ ചില രാവുകളില്‍ ബാല്‍ക്കണിയില്‍ പോയിരുന്ന് ആകാശം നോക്കാനാണ് ഏറെയിഷ്ടം.പലപ്പോഴും തോന്നിയിട്ടുണ്ട് , ഒറ്റപ്പെടുന്നു എന്ന തോന്നല്‍ ഓടി മറയാന്‍  ആകാശം നോക്കിയാല്‍ മതി. നോക്കി ഇരിക്കുമ്പോള്‍ നീ നിലാവായി എന്നെ നോക്കി ചിരിക്കും. ഓരോ നക്ഷത്രങ്ങളിലും പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ തെളിയും. എനിക്കൊപ്പം അവരും ഉറങ്ങാതെ കൂട്ടിരിക്കുന്ന പോലെ തോന്നും. മൗനത്തിന്റെ മനോഹാരിത ഏറുന്ന നിമിഷങ്ങള്‍. നിന്നിൽ നിന്നും ഏറെ ദൂരെ എന്ന വിചാരത്തിൽ നിന്നാണ് നിന്നോടുള്ള സ്നേഹത്തിന്റെ ഒഴുക്ക് ശക്തമാവാൻ തുടങ്ങിയത്. നീ നല്കിയ വിരഹത്തിന്റെ വേദനയില്‍  നിന്നാണ് നിന്നോടുള്ള മോഹങ്ങൾ വീണ്ടും എന്നില്‍ ജന്മം കൊണ്ടത്‌.
നീയ് കുളിക്കുന്നില്ലേ…ഭക്ഷണം കഴിക്കണ്ടേ..അവന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു.
ഉം.കുളിക്കാം..നീ വരുന്നോ ??
അയ്യടാ, ഒരു പൂതി, തണുപ്പ് അല്ലെ, ചൂട് വെള്ളം ഉണ്ടോ ??
ഞാന്‍ കാര്യായി പറഞ്ഞതാ..പണ്ട് എന്റെ അച്ഛനെ കിടത്തി ഉറക്കി വീടിലെ ഷവറിന് കീഴെ മഴ നനയുന്ന രണ്ടിലകള്‍ പോലെ നമ്മള്‍ നിന്നില്ലേ ഡാ പൊട്ടാ..അതൊക്കെ ഓര്മ ഉണ്ടോ നിനക്ക്….
അത്രയ്ക്ക് സാഹിത്യം വേണ്ട…തല്ക്കാലം മോള് പോയി കുളിക്ക്. ചൂട് വെള്ളം ഉണ്ടേല്‍ ഞാന്‍ വരാം എനിക്ക് തണുക്കുന്നു.
അങ്ങനെ ആണേല്‍ , കോരി കുളിക്കണം.ഷവറില്‍ ചൂട് വെള്ളം വരില്ല.അപ്പോള്‍ നീ വരില്ലെന്നുറപ്പാണല്ലോ അല്ലേ…
അതെ, എന്താ ഇത്ര സംശയം…
നിനക്ക് ഭാഗ്യം ഇല്ല മോനെ…
അവന് ചിരിവന്നു.
അവള്‍ തോര്‍ത്തെടുത്ത് കുളിമുറിയില്‍ കയറി. കൂടെ വിനുവും.

അഞ്ച്
ഭക്ഷണം ഒന്നിച്ചിരുന്ന് കഴിക്കുമ്പോള്‍ അവള് വാതോരാതെ സംസാരിച്ചോണ്ട് ഇരുന്നു.ഇടക്ക് അവളുടെ ഭര്‍ത്താവ് അവളെ വിളിച്ചു. അവള്‍ എഴുന്നേറ്റ് കട്ടിലിലിരുന്നു. കുറച്ച് നേരം സംസാരിച്ചു തിരിച്ചു വന്നു.
ഒരേ സമയം ഒന്നിലധികം ആളുകളെ പ്രണയിക്കാനാവുമോ..
ഫോണ്‍വെച്ച് ഭക്ഷണ കഴിക്കാന്‍ അടുത്തിരുന്ന അവളോട് അവന്‍ ചോദിച്ചു.
അങ്ങനെ അല്ലല്ലോ, ഇന്നലെ വരെ ഒരാളോട് ആയിരുന്നു.ഇനി നാളെ കഴിഞ്ഞാലും ഞാന്‍ അവിടത്തേക്ക് തന്നെ അല്ലെ പോകേണ്ടത്.. ആട്ടെ നീയെത്ര പേരെ പ്രേമിക്കുന്നുണ്ട് എന്ന് ദൈവത്തിന് മാത്രം അറിയാം.
പോടീ..അവന്‍ അവളെ അടിക്കാനാഞ്ഞു. എന്റെ പ്രണയം അത് നിന്നോട് മാത്രം ആയിരുന്നു.ബാക്കി ഉള്ളവയില്‍ എല്ലാം തേടിയത് നീ എന്ന ശലഭത്തെ ആയിരുന്നു. അപ്പൊ, വേറേം ഉണ്ടായിട്ടുണ്ട്.കള്ളാ…ആരാടാ ?
ഉം.ഉണ്ട്.അമ്മ കണ്ടുപിടിച്ച കുട്ടി ആണ്. വല്യമ്മായിയുടെ ബന്ധത്തില്‍പെട്ടതാ. എന്റെ കുഴപ്പങ്ങള്‍ ഒക്കെ അറിഞ്ഞോണ്ട് തന്നെയാ..
അവളെ നീ ഉമ്മ വെച്ചോ ?? ബന്ധം തുടങ്ങിയ മൂന്നിന്റെ അന്ന്, ഒര് മുന്നറിയിപ്പും തരാണ്ട് എന്നെ ഉമ്മ വെച്ചവനല്ലേ നീ..
അവള്‍ ചിരിച്ചു.
വിനു വീണ്ടും അടിക്കാന്‍ ഓങ്ങി. ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുന്നേരം അവളുടെ മാറിടം അവനെ തൊട്ടു.നെഞ്ച് ഒന്ന് പിടഞ്ഞു.
ഭക്ഷണം കഴിഞ്ഞ് വിനുവിന്റെ മടിയില്‍ തല വെച്ച് അവള്‍ കിടന്നു..അവന്‍ അവളുടെ മുടിയിടയിലൂടെ വിരലുകള്‍ ഓടിച്ചു.
നീ ആ കുട്ടീനോട്  എന്നെക്കുറിച്ച് പറയ്യോ…
പറയും.. എന്താ സംശയം…
എന്ത് പറയും…
മുമ്പേ പ്രണയിച്ചിരുന്നവളാണ് എന്ന്…
അയ്യടാ… എനിക്ക് തോന്നുന്നില്ലേ..നീയല്ലേ ആള്. അങ്ങനെ പറയുമ്പോ അഞ്ചാം ക്ലാസ് മുതലേ ഉള്ളത് പറയണ്ടേ ?? പോട്ടെ,പിന്നെന്ത് പറയും.??
പിന്നെ, പിന്നെ എന്ത് പറയാന്‍..
നമ്മള്‍  പണ്ട് എന്റെ വീട്ടില്‍ ഒരുമിച്ചു താമസിച്ചിട്ടുണ്ട് എന്ന് പറയുവോ ?? എന്റെ കല്യാണം കഴിഞ്ഞിട്ടും ലോഡ്ജ് മുറിയെടുത്ത് ഒരുമിച്ച് താമസിച്ചിരുന്നൂ എന്ന് പറയ്യ്വോ…
പറയണോ….
അയ്യോ.! വേണ്ട. ഞാന്‍ ചോദിച്ചെന്നേയുള്ളൂ…
പറയണമെങ്കില്‍ പറയാം…
അയ്യോ…വേണ്ടായെ…

ആറ് 
ഒന്നും പറയാതെയും ഒരുപാട് പറഞ്ഞും കുറേനേരം അവര് ഇരുന്നു. അച്ഛന് ഒര് പാട് വിഷമം ഉണ്ട് ഇപ്പൊ. ചേച്ചിയും ഭര്‍ത്താവും വേറെ വീട് എടുത്തു മാറിയതില്‍ പിന്നെ  കൂടെ ആരും ഇല്ല എന്നുള്ള തോന്നല്‍. എന്നെ കെട്ടിപിടിച്ച് കുറെ കരഞ്ഞു. എന്നോട് ചെയ്തതിനൊക്കെ മാപ്പ് ചോദിച്ചു. പഴയ തറവാട് വീടിന്റെ പകുതിയില്‍ ഇപ്പൊ വാടകക്കാരാണ്. അവരാണ് ഇപ്പോളുള്ള ഏക ആശ്രയം.നല്ല ആള്‍ക്കാരാണ്. അച്ഛന് ബ്ലഡ് പ്രഷര്‍ ഉണ്ട് ചെറുതായിട്ട്. വിളിക്കുമ്പോള്‍ ആരോഗ്യത്തെ പറ്റി ഞാനും ഹരിയും അന്വേഷിക്കാറുണ്ട്. ഇപ്പോള്‍ അലോപ്പതി നിര്‍ത്തി ഹോമിയോപ്പതി ആണ് നോക്കുന്നത്. അതുകൊണ്ട് ഗുണമുണ്ട് എന്നാണ്‌ അച്ഛന്‍ പറയുന്നേ.കണ്ട്രോളില്‍ ആണ്.
മുല്ല പൂത്തമണം. ജനാലയടയ്ക്കുമ്പോൾ പുറത്തേക്കു നോക്കി ഗന്ധം നുകർന്ന്‌ അവൾ പറഞ്ഞു.
ഹും രാത്രിയാണതു പൂക്കുക. കുറെ  ദൂരേക്കുവരെ അതിന്റെ ഗന്ധമുണ്ടാകും.
“നീ വാ… ജനാലയടച്ച്‌. കിടക്കാം.” വിനു അവളുടെ വിരലുകളിൽ പിടിച്ചു വലിച്ചു.
ഉറക്കം വന്നുതുടങ്ങിയോ വിനു ? അവള്‍ ചോദിച്ചു. തലയൊന്നു ചെരിച്ച്‌ നേരിയ അവിശ്വസനീയതയോടെ അവള് അവനെനോക്കി. വിനു അവന്റെ കണ്ണുകൾ, അവളുടെ കണ്ണുകൾക്ക്‌ അരികിലേയ്ക്ക്‌ അടുപ്പിച്ചു..ഒരു നിമിഷം അവളുടെ കണ്ണുകൾ കാന്തം പോലെ അവനെ ആകർഷിച്ചു. അവര്‍ക്കിടയിലെ  ദൂരം കുറഞ്ഞ്‌ കുറഞ്ഞ്‌ വന്നു.
അവന്റെ കണ്ണുകളിലെ വറ്റാത്ത കുസൃതിച്ചിരി കണ്ട്‌ അടുത്തു വന്നു പറഞ്ഞു:
“ഈ ഹോണെസ്റ്റി എന്റെ ഭര്‍ത്താവിനുണ്ടായിരുന്നെങ്കില്‍ ഞാനിപ്പം അങ്ങേരേം കെട്ടിപിടിച്ച് ബോംബയില്‍ ഇരുന്നേനെ… അവള് അവന്റെ കവിള്‍ത്തടത്തില്‍ പിടിച്ചു ബലത്തില്‍ നുള്ളി.
വിനു അവളുടെ മുഖം കൈയില്‍ എടുത്തു ഒരു നിമിഷം അത് കൌതുകത്തോടെ നോക്കി നിന്നതിനു ശേഷം  പതുക്കെ അവളുടെ മുടികൾ പിന്നിലേക്ക് കോതിയൊതുക്കി താടി പിടിച്ച് നെറ്റിയിലൊരു ഉമ്മ കൊടുത്തു. അരയിൽ കൈ ചുറ്റി കട്ടിലിലേക്കവളെ വീഴ്ത്തി. ചുണ്ടുകൾ അവളുടെ മുഖം നിറയെ പരതി നടന്നു.
ദുർബലമായി തള്ളിമാറ്റിക്കൊണ്ടവൾ പറഞ്ഞു:
ലൈറ്റ് ഓഫാക്ക്, പ്ലീസ് ..എനിക്ക് നാണം വരും.
ഹം..ഇല്ലെങ്കില്‍…. ??
അവന്‍ ഷര്‍ട്ട് അഴിച്ചുവെച്ചു. ഉടുമുണ്ട് അഴിച്ചുടുത്തു.
അവള്‍ പുതപ്പ് എടുത്തു പുതച്ച് കട്ടിലില്‍ കമിഴ്ന്നു കിടന്നു.
അവനടുത്ത് കിടന്നു.
വെളിച്ചം പതിയെ അണഞ്ഞു. ആസക്തിയുടെ അഗ്നിനാളങ്ങള്‍ തണുപ്പിനെ മറികടന്നു. പരസ്പരം കെട്ടിപ്പുണർന്നും ചുംബിച്ചും രതിമഴയിൽ ഒന്നായൊഴുകി. കാറ്റില്‍ അകപെട്ട തോണി പോലെ കട്ടില് ആടി ഉലഞ്ഞു.
അവളുടെ കണ്ണകളടഞ്ഞിരുന്നു.വിനു അവളെ പുതപ്പിച്ചു. അവളുടെ അടുത്ത് അനന്തയിലെങ്ങോ നോക്കി വിനു കിടന്നു.പിന്നീട് എപ്പോഴോ ഉറങ്ങിപ്പോയി. പെട്ടന്ന് അവള് അവനെ കെട്ടിപിടിച്ചപ്പോള്‍ ആണ് ഉണര്‍ന്നത്. കണ്ണ് തുറന്നപ്പോള്‍ അവള്‍ വിനുവിനെ തന്നെ നോക്കി കൊണ്ടിരിക്കുകയായിരുന്നു.
വേഗം എഴുന്നേറ്റ് കുളിക്ക്. 9 മണി വരെയാണ് റൂം പറഞ്ഞു വെച്ചിട്ടുള്ളത്‌.
ഹും..കുറച് നേരം കൂടെ കിടന്നിട്ട് പോവാം.
ഒന്‍പതു മണി ആയപ്പോഴേക്കും അവര് റൂം ഒഴിയാന്‍ തയ്യാറായി. പിരിയാൻ ഒട്ടും മനസ്സില്ലാതെ കഠിനമായി വിഷമിച്ചു കൊണ്ട് ബാഗ് എടുത്ത് മുറിയിൽ നിന്നും അവർ രണ്ടും താഴേക്കിറങ്ങി.

ഏഴ് 
ബസ്സ്സ്റ്റാന്റില്‍വെച്ച് യാത്ര പറയാന്‍ നേരത്ത് അവള്‍ ചോദിച്ചു: ഇനിയെപ്പോഴാ കാണുക…?
ഇനിയും കാണാം.നിനക്ക് കാണണം എന്ന് തോന്നുമ്പോള്‍. ഒര് വിളിപാട് അകലെ ഉണ്ടാകും ഞാന്‍.
വിളിക്കണം ട്ടോ , ഇടക്ക് !! ഞാന്‍ എപ്പോളും പ്രതീക്ഷിക്കും. അതെ, പകല് വിളിച്ചാല്‍ മതിട്ടോ, ഓഫീസ് സമയത്ത്.
“സൂക്ഷിച്ച് പോ..ഞാന്‍ വിളിക്കാം..” നടക്കട്ടെ ??
വന്നത് വേണ്ടായിരുന്നെന്ന് നിനക്ക് തോന്നുന്നുണ്ടോ. അദ്ദേഹത്തിനെ ചതിക്കണ പോലെ തോന്നിയിട്ടുണ്ടോ??
എന്തിനു.. ?? എനിക്ക് വേണ്ടി എടുത്ത തീരുമാനം അലല്ലോ , എനിക്ക് വേണ്ടത് ഇതായിരുന്നില്ലേ ?? എല്ലാം അറിഞ്ഞു കൊണ്ടല്ലേ ഹരിയും.
സത്യം…
ഹും..ഒര് നിശബ്ധത
പിന്നെയവരൊന്നും സംസാരിച്ചില്ല.
വെറും അപരിചിതരായ്‌ …ദൂരങ്ങള്‍ തേടി അന്ന്യരായ്‌ അവര്‍ നടന്നകലുന്നു….സ്നേഹിക്കുന്ന കണ്ണുകള്‍ തമ്മില്‍ അകന്നേക്കാം.എന്നാല്‍ സ്നേഹം സത്യം ആണെങ്ങില്‍ ആ ഹൃദയങ്ങള്‍ തമ്മില്‍ ഒരിക്കലും അകലില്ല.
ആകാശ വാതിലുകള്‍ തുറന്ന് മഴക്കാറുകള്‍ മിന്നല്‍ക്കണ്ണുകളുമായി എത്തിനോക്കുന്നു…..

വര: പല്ലവി


Monday, June 3

മണി മുഴങ്ങുമ്പോള്‍ ….

വേനലവധി കഴിഞ്ഞു. ആലസ്യത്തില്‍നിന്നുണരുന്ന സ്‌കൂളുകള്‍ ഇനി ബഹളമയം.എത്രവേഗം തീര്‍ന്നു വേനലവധി! ഉള്ളിലെ അടങ്ങാത്ത ഖേദം സങ്കടമാകുന്നുണ്ട്. മനസ്സിനൊരു മൂകത. വിമൂകമായ രാത്രി. ”വേഗം കെടന്നൊറങ്ങിക്കോ…, നേര്‍ത്തെണീക്കണം; രാവിലെ ഉസ്‌കൂള്‌പ്പോവാന്ള്ളതാ.” എന്ന അപ്പാപ്പന്റെ  ആ വാക്കുകളില്‍ വല്ലാത്തൊരാശ്വാസമുള്ളതുപോലെ. പക്ഷേ, കേള്‍ക്കുന്നതോ കരള്‍ പിളര്‍ന്നും.പകല്‍മേളം. പുതിയ യൂണിഫോമിന്റെ തുണിപ്പശിമയുടെ നനുനനുപ്പ്. നോട്ടുബുക്കുകളും പേനയും പെന്‍സിലുമെല്ലാം പുതിയത്. ടെക്സ്റ്റ് പുസ്തകങ്ങള്‍ പഴയതാണ്; ജയിച്ചവരില്‍ നിന്ന് വാങ്ങിയത്. പുസ്തകങ്ങള്‍ ചേര്‍ത്തുവെച്ച് കുറുകെ കെട്ടുന്ന ഇലാസ്റ്റിക്കും പഴയതുതന്നെ.പത്രകടലാസ് കൊണ്ട് പൊതിഞ്ഞ ബുക്കില്‍ ബോള്‍പെന്നുകള്‍കൊണ്ട് കടുപ്പിച്ചെഴുതിയ പേരിന്റെ അക്ഷരങ്ങള്‍ ഇലാസ്റ്റിക് വലിയുമ്പോള്‍ വലുതായിവരും. ഹോംവര്‍ക്കുകള്‍, കാണാതെ പഠിക്കാനുള്ള പദ്യങ്ങള്‍. ഇനി എത്ര ദിവസങ്ങളും ആഴ്ചകളും മാസങ്ങളും… മനസ്സുമാത്രമല്ല മാനവും മൂടിക്കെട്ടി പെയ്തുതുടങ്ങിയിട്ടുണ്ട്. ഇന്നലെവരെ പ്രസന്നമായിരുന്ന പ്രകൃതിക്കും പൊടുന്നനെ ഒരു മനംമാറ്റം! പൊട്ടിവീണപോലെ മഴ! കുടചൂടിയിട്ടും കുതിര്‍ന്ന് സ്കൂളിലേക്കുള്ള യാത്ര….

ആകെയും ബഹളമയം. ഒന്നാം ക്ലാസില്‍ ആദ്യമായി വന്നവരുടെ അലമുറകള്‍. ക്ലാസിലിരുത്തി തഞ്ചത്തില്‍ പുറത്തുചാടിയ അമ്മമാരുടെയും ചേച്ചിമാരുടെയും പിന്നാലെ അലറിവിളിച്ച്  പായുന്ന കുട്ടികള്‍ . രക്ഷിതാക്കളുടെ മുഖത്തുമുണ്ടൊരു ദൈന്യത. ഓഫീസ് മുറിയുടെ മുമ്പില്‍ തൂങ്ങുന്ന റെയില്‍പ്പാളക്കഷണത്തില്‍ ആഞ്ഞടിക്കുന്ന ബെല്ല്. ‘ചന്തമേറിയ പൂവിലും ശബളമാം ശലഭത്തിലും’ വീണ്ടും കേള്‍ക്കുകയാണ്. ഇനിയും ഒരു കൊല്ലം! ലീല ടീച്ചറുടെ ഹാജര്‍വിളി കഴിഞ്ഞ് സ്കൂള്‍ വരാന്തയിലൂടെ ക്ലാസിലേക്ക് വരിവരിയായി പോകുമ്പോള്‍ ഉള്ളില്‍ സന്തോഷം,ഹെഡ്മാഷിന്റെ മുറിയില്‍ നിന്ന്  നോക്കിയാല്‍ കാണാത്തിടത്താണല്ലോ പുതിയ ക്ലാസ്.

അസംബ്ലിയില്‍ അച്ചടക്കത്തോടെ നില്‍ക്കണം.”ഭാരതം എന്റെ രാജ്യമാണ് “…. പ്രതിഞ്ജ കൈ നീട്ടി വെച്ച് അറ്റന്‍ഷനില്‍ നിന്ന് ചൊല്ലണം. ചില ദിവസങ്ങളില്‍ കന്നടത്തില്‍ ആണ് പ്രതിഞ്ജ ഉണ്ടാവുക.അത് ഏറ്റു പറയാന്‍ ഇച്ചിരി കഷ്ടം ആണ്. രാവിലത്തെ ചരിഞ്ഞ് പതിക്കുന്ന വെയിലില്‍ വിയര്‍ത്ത് കുപ്പായം ദേഹത്തോടോട്ടും പലപ്പോഴും. അപ്പോള്‍ മേലാകെ ഒരുതരം അരിക്കലും ചൊറിച്ചിലുമാണ്. എണ്ണ തേച്ചു ചീകി വെച്ച മുടിയില്‍ വെയില്‍ പതിക്കുമ്പോള്‍ എന്തെന്നില്ലാത്ത അസ്വസ്ഥതയാണ്. കുളിക്കാതെ വരുന്ന ദിവസമാണെങ്കില്‍ പറയാനുമില്ല. ഹെഡ്മാഷ് ഉപദേശങ്ങളും വികൃതിക്കാരെ ലക്ഷ്യംവെച്ച് ഭീഷണിയും നിറച്ച് പ്രസംഗിച്ചുകൊണ്ടിരിക്കും. അവസാനം ‘ജനഗണമന’ ചൊല്ലാന്‍ തുടങ്ങുമ്പോഴാണ് ശ്വാസം നേരെയാവുക. അസംബ്ലി തുടങ്ങിയിട്ടാണ് എത്തുന്നതെങ്കില്‍ ബേജാറാണ്. ലൈബ്രറിയുടെ പിറകില്‍  ഉള്ള പൊളിഞ്ഞ മതിലിന്‍റെ അരികിലൂടെ മാഷന്മാരുടെയും ടീച്ചര്‍മാരുടെയും കണ്ണില്‍ പെടാണ്ട് ക്ലാസില്‍ കയറി ഇരിക്കണം.

ഇന്റര്‍വെല്ലിനു വിട്ടപ്പോള്‍ പലരുടെയും കൈയിലെ കളിസാധനങ്ങളുടെ ശേഖരങ്ങള്‍ പുറത്തുചാടി. തീപ്പെട്ടിച്ചിത്രത്തിന്റെ പല നിറത്തിലുള്ള കെട്ടുകള്‍ തന്നെ ഉണ്ട്  ചിലരുടെ കൈയില്‍ , ബാബ്ലുഗം വാങ്ങുമ്പോള്‍ കിട്ടുന്ന ക്രിക്കറ്റ്‌ കളിക്കാരുടെ കാര്‍ഡുകള്‍ ആണ്പു മറ്റു ചിലരുടെ ശേഖരം. പുതിയ ചില കളികള്‍ ചിലര്‍ കൊണ്ടുവന്നിരിക്കുന്നു. മനസ്സില്‍ വിചാരിച്ച സംഖ്യ കണ്ടുപിടിക്കുന്ന വിദ്യ, എത്ര ആലോചിച്ചിട്ടും അതിന്റെ സൂത്രം പിടികിട്ടിയില്ല.ചില്ലുകൂട്ടിനുള്ളില്‍ വളപ്പൊട്ടിട്ട് നോക്കുന്ന അത്ഭുതമുണ്ട്. ഒറ്റക്കണ്ണടച്ച് നോക്കിയാല്‍ വളപ്പൊട്ടുകള്‍ നൂറായിരമായി കാണാം! പലതുണ്ടായിട്ടുണ്ട്. അതിലൊന്ന്, നെറ്റിയില്‍ തള്ളവിരലിന്റെ നഖംകൊണ്ട് നൂറ്റൊന്ന് പ്രാവശ്യം താഴോട്ടും മേലോട്ടും കണ്ണടച്ച് ഉരസിയാല്‍ പടച്ചോനെ കാണാമെന്ന് ചിലര്‍ .ഉരച്ചു ഉരച്ച് തോലുരഞ്ഞത് മിച്ചം.  പുസ്തകത്തില്‍ മയില്‍പ്പീലിവെച്ച്, അരി ഇട്ട് കൊടുത്ത് ആകാശം കാട്ടാതെ, അത് പ്രസവിക്കുന്നതും കാത്തിരുന്നതുപോലെ വിഡ്ഢിത്തം. പുതിയ പുസ്തകത്തിന്റെ മണം; ടീച്ചര്‍ ക്ലാസില്‍ വായിച്ചുതരുമ്പോഴും പത്ര കടലാസ്  കൊണ്ട്ട്ട ചട്ടയിട്ട പുസ്തകം മൂക്കിനോടടുപ്പിച്ചാല്‍ ഒരു സുഖം.

സ്‌കൂളിലേക്ക് പോകുന്നത് തോട്ടിന്‍കരയിലൂടെയാണ്. വഴിയില്‍ എല്ലാം പൂത്തു കിടക്കുന്ന മാവും പറമ്പും നോക്കി വെച്ചിട്ട്  തട്ടിയും തടഞ്ഞുമാണ് യാത്ര. പാലത്തിനു മുകളില്‍ എത്തിയപ്പോള്‍ തോട്ടിലെ തെളിഞ്ഞ വെള്ളത്തില്‍  ’ബ്രാല് മീനും മക്കളും കൂട്ടം കൂട്ടമായി നീന്തിത്തുടിക്കുന്നത് കണ്ടുനിന്നും . നീര്‍ച്ചാലുകളിലെ വെള്ളം തട്ടിത്തെറിപ്പിച്ച് പുല്ലനെയും സിലോഫിയെയും  പിടിച്ച് ചേമ്പിലയിലാക്കിയും നേരം പോയി. വൈകിവരുന്നവരെ ക്ലാസിന്റെ വാതില്‍ക്കല്‍നിന്ന് കൈപിടിച്ചാനയിക്കാന്‍ പെണ്‍കുട്ടികളെയാണ് ലീല ടീച്ചര്‍ അയയ്ക്കുക. പെണ്‍കുട്ടികള്‍ വൈകിയാല്‍ ആണ്‍കുട്ടികളെയും. പക്ഷേ പെണ്‍കുട്ടികള്‍ വൈകാറില്ല. അതുപോലെ, മലയാളം മാഷ്‌ ഇല്ലാത്തപ്പോള്‍  സംസാരിക്കുന്നവരെ അറബിമാഷ്‌  പെണ്‍കുട്ടികളുടെ ഇടയിലിരുത്തും. ദേഹത്ത് തട്ടാതെ മുട്ടാതെ നാണംകൊണ്ട് ഉരുകും. ഇതൊക്കെ ഓര്‍മ്മ ഉണ്ടാവുമെങ്കിലും തട്ടിയും തടഞ്ഞും മീന്‍ പിടിച്ചും നേരം വൈകും; ക്ലാസില്‍ എന്തെങ്കിലും പറഞ്ഞോ ചിരിച്ചോ ചുണ്ടനങ്ങിയാല്‍ പേരെഴുതുന്ന ലീഡര്‍ ഏമാനെ ചിലപ്പോ മറന്നുപോകും.

ഒറ്റമൈനയെ കണ്ടാല്‍ ദുഃഖമാണ് ഫലം. ഇരട്ടമൈന സന്തോഷവും. സന്തോഷത്തിനും ദുഃഖത്തിനും മൈനക്കാഴ്ച കാരണമായി കരുതി! ഹോംവര്‍ക്ക് ശരിയാവാത്തതിന് രാജീവന്‍മാഷ്‌ടെ കൈയില്‍നിന്ന് അടികിട്ടുമോ? മാഷ്‌ വന്നിട്ടുണ്ടാകുമോ?  ചക്കപ്പല്ലി വിദ്യ എന്നോട് ഇന്ന് സംസാരിക്കുമോ ?? എന്നൊക്കെ അറിയാന്‍ പച്ചില ‘ചൊട്ടി’ നോക്കും. ഇലയുടെ അകംപുറം ഉത്തരങ്ങളായി കരുതി മുകളിലേക്ക് ഒറ്റയൂത്താണ്. ഫലം അപൂര്‍വമായി മാത്രം ശരിയായി. ഫലിച്ചതുമാത്രം ഓര്‍ക്കുന്ന മനസ്സിന്റെ മറിമായത്തില്‍ പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. രമേശന്‍  മാഷ് നല്ല ഈണത്തില്‍ പദ്യംചൊല്ലും. ‘ചെറുപുള്ളിച്ചിറകുള്ള ചങ്ങാലിപ്രാവി’ന്റെ കദനകഥ ചൊല്ലിപ്പറയുന്ന ക്ലാസില്‍ നിശ്ശബ്ദത തളംകെട്ടി. തലതല്ലിക്കരയുന്ന പ്രാവിന്റെ സങ്കടക്കഥ കേട്ടുതീരുമ്പം സങ്കടംകൊണ്ട് നിറഞ്ഞ കണ്ണുകള്‍ ആരും കാണാതെ തുടച്ചു. കാലമിത്ര കഴിഞ്ഞിട്ടും മാഷിന്റെ  അക്ഷരപ്പാട്ടുകള്‍ മനസ്സില്‍ നിന്നും മറയുന്നെയില്ല. മേല്‍ഭാഗം പകുതി ചെരിഞ്ഞ മേശയില്‍ ലീല ടീച്ചര്‍ മഞ്ചാടിക്കുരുവും കുന്നിക്കുരുവും പുളിങ്കുരുവും അബാകസ്സും കരുതിവെക്കുന്നു. അതുകൊണ്ടാണ് എണ്ണലും കൂട്ടലും കിഴിക്കലുമെല്ലാം പഠിപ്പിക്കുന്നത്.

രാജീവന്‍ മാഷ്  പല സമയത്തും വടിയെടുക്കാറില്ല. ആ നോട്ടം തന്നെ ഏറെ! ഇടയ്ക്ക് അതിവികൃതിയന്മാരെ ‘ചാവി’ കൊടുക്കുമ്പോലെ ചെവിക്കുപിടിച്ച് തിരുമ്മുമ്പോള്‍ കാലിലെ ചൂണ്ടുവിരലില്‍ നിന്നിടത്തുനിന്ന് പൊന്തിപ്പോകും. വടിയൊടിക്കാന്‍ കുട്ടികളെ വിട്ടാല്‍ സ്‌കൂള്‍മൈതാനത്തിന്റെ മൂലയിലെ പൈന്‍മരത്തിന്റെ തളിര്‍ത്തുനില്‍ക്കുന്ന ചില്ല പറിച്ച് ഇലയും തോലും കളഞ്ഞാണ് കൊണ്ടുവരിക. ആദ്യമാദ്യം അടികിട്ടുന്നവരുടെ കൈയില്‍ മരത്തൊലി ഉരിഞ്ഞതിന്റെ പശിമയുണ്ടാകും. അടി ഉറപ്പായവര്‍ വെട്ടിക്കൊണ്ടുവരാന്‍  പറഞ്ഞയച്ചവനെ ദീനമായി നോക്കും.

വഴിനീളെ പറിച്ചു ശേഖരിച്ച വെള്ളത്തണ്ടുകൊണ്ട് മായ്ച്ച സ്ലേറ്റിന്റെ നീലിച്ച നിറം കൈയിലും കുപ്പായത്തിലുമെല്ലാമായി പറ്റിപ്പിടിച്ചു കിടക്കും. പെണ്‍കുട്ടികള്‍ വെള്ളത്തണ്ടിന്റെ നീര് കളഞ്ഞ്, അതില്‍ ഊതി കാറ്റുനിറച്ച് നെറ്റിയില്‍കുത്തി പൊട്ടിക്കും .ചിലര്‍ക്ക് ആലില പുസ്തകത്തിനിടയില്‍ കുറേ കാലം വെച്ച് സൂക്ഷിക്കുന്നത് ഇഷ്ടമുള്ള കാര്യം ആണ്.  ഇടയ്ക്ക് സ്റ്റാമ്പ് വിതരണമുണ്ടാകും. പുസ്തകത്തില്‍ സൂക്ഷിച്ച സ്റ്റാമ്പുകള്‍ എപ്പഴോ കളഞ്ഞുപോയെങ്കിലും മരച്ചോട്ടിലിരിക്കുന്ന ഗുരുവിന്റെയും ശിഷ്യന്മാരുടെയും ചിത്രമുള്ളതും ജവഹര്‍ലാല്‍ നെഹ്‌റു വിന്റെ ചിത്രമുള്ളതും ആയ സ്റ്റാമ്പ് കുറെക്കാലം ഉണ്ടായിരുന്നു. “എനിക്ക് സ്റ്റാമ്പ് വേണ്ട.അത് കൊണ്ട് ഞാന്‍ പൈസയും തരില്ല” എന്ന് പറഞ്ഞാല്‍ ക്ലാസ് ലീഡര്‍ ടീച്ചറോട് പേരെടുത്ത് പരാധി പറഞ്ഞു കൊടുക്കും. ഏതോ ധനശേഖരണാര്‍ഥം സ്കൂളില്‍ വെച്ച് ‘കിരീടം’  പ്രദര്‍ശിപ്പിച്ചപ്പോള്‍ , സിനിമകണ്ട് കരഞ്ഞ് കണ്ണ് കലങ്ങിയത് ആരും കാണാതിരിക്കാന്‍ പണിപ്പെടുമ്പോഴാണ് മനസ്സിലായത്, എല്ലാവരും കരഞ്ഞിട്ടുണ്ട്. അധ്യാപകരുടെ മുഖത്തുമുണ്ട് ഒരു വിഷാദം എന്ന്. ശെരിക്കും പറഞ്ഞാല്‍ അവിടം മുതലാണ്‌ മോഹന്‍ലാല്‍ എന്ന ഇന്ദ്രജാലക്കാരനെ സിനിമയുടെ തമ്പുരാന്‍ ആയി  ഞങ്ങള്‍ പലരും പ്രതിഷ്ഠിച്ചത്.

പോലീസ് സ്റ്റേഷന്‍ അടുത്തുള്ള സ്കൂള്‍ ആയതിനാല്‍  ഇവിടുത്തെ ഒര് അച്ചന്റെ മകനായി ഈ സ്‌കൂളില്‍ത്തന്നെയാണ്  സേതുമാധവനും പഠിച്ചതെന്നൊരു തെറ്റിദ്ധാരണ കുറെക്കാലം കൊണ്ടുനടന്നു.

മാജിക്കുകാരന്‍ വരുന്ന ദിവസം ഉച്ചയ്ക്കുശേഷം സ്‌കൂളുണ്ടാവില്ല. ക്ലാസുകള്‍ക്കിടയിലെ പന ഓല കൊണ്ട് കെട്ടി ഉണ്ടാക്കിയ തട്ടികള്‍  മാറ്റി ഒരു ഹാള്‍ ആക്കിയിട്ടുണ്ട്. ചെറിയ കുട്ടികള്‍ മുന്നില്‍ ,വലിയവരൊക്കെ പിന്നിലുമെന്ന് ഹെഡ്മാമാഷ്‌  വിളിച്ചുപറഞ്ഞെങ്കിലും ചിലരൊക്കെ കൂനിക്കൂടി, സൂത്രത്തില്‍ അവിടെത്തന്നെ ഇരുന്നു. പൂവുണ്ടാക്കുന്നത് പഠിപ്പിക്കുന്ന ഒരു പുസ്തകമുണ്ട്. അതുനോക്കി എത്ര ശ്രമിച്ചിട്ടും മാജിക്കുകാരനുണ്ടാക്കിയ പൂപോലായില്ല. കടലാസുകൊണ്ട് നോട്ടുണ്ടാക്കിയതും , രണ്ട് കഷ്ണങ്ങള്‍ ആക്കി വലിച്ചെറിഞ്ഞ ചോക്ക് അനൂപിന്റെ കീശയില്‍ നിന്നും എടുത്തതും  അത്ഭുതമായി.’മെയ്ഡ് ഇന്‍ ചൈന’യുടെ സ്വര്‍ണനിറ ടോപ്പുള്ള ഹീറോ പെന്‍ മിക്കവരുടെയും ഒരു സ്വപ്നമാണ്. പക്ഷേ, പലരും സ്വന്തമാക്കിയ ശേഷമാണ് ഒരു ‘ഹീറോ’ സ്വന്തമായി കിട്ടിയത്. നാടന്‍ മഷി  പേനകളെ അപേക്ഷിച്ച് അതിന് ലീക്കുണ്ടാവില്ല. പേനയുടെ ലീക്ക് സോപ്പുവെച്ച്  അടയ്ക്കുന്ന വിദ്യ ആദ്യമായി ക്ലാസില്‍ കാണിച്ചത് വിമല്‍ രാജ് ആണ്.സ്‌കൂളിന്റെ സൈഡില്‍ ഉള്ള പള്ളിയുടെ മേല്‍ക്കൂര നിറയെ പ്രാവുകളും കാക്കകളും ആണ്.  ടീച്ചറുടെ പദ്യത്തിന്റെ പശ്ചാത്തല സംഗീതം പോലെ അവയുടെ പ്രാകുറുകല്‍ കേള്‍ക്കാം. ക്ലാസിന്റെ പിറകില്‍ വലിയോരു കൊക്കയാണ് . കുട്ടികള്‍ വഴിതെറ്റി അതിലേക്ക് വീഴാതിരിക്കാന്‍ കമ്പി വേലി കൊണ്ട് കെട്ടിയിട്ടുണ്ട്. ഒരുപാട് കഥകള്‍ ആണ് ആ കുഴിയെപറ്റി പലരും പറഞ്ഞു കേട്ടിട്ടുള്ളത്. കളഞ്ഞു പോയത് എന്തേലും എടുക്കാന്‍ അതില്‍ ഇറങ്ങിയവന് ക്ലാസില്‍ കുട്ടികളുടെ മുന്‍പില്‍ ഹീറോ ഇമേജും മാഷന്മാര് അറിഞ്ഞാല്‍ ചൂരല്‍ പ്രയോഗവും ആണ്.

ഒന്നാം ക്ലാസിന്റെ അരികില്‍ ഉള്ള വലിയ പള്ളി മണിയോട് ചേര്‍ന്നുള്ള മൂലയിലാണ് കഞ്ഞിപുര. ഉച്ചക്ക് പയര്‍ വെന്ത മണം പരക്കുമ്പോള്‍ ഇരിക്കപ്പൊറുതിയുണ്ടാവില്ല. പ്ലേറ്റുകള്‍ കുറവാണ്. നേരത്തേ എത്തുന്നവര്‍ക്ക് പാത്രം കിട്ടും. പാത്രം കൊണ്ടുവരാന്‍ മടിയാണ്. പാത്രം ആദ്യം കിട്ടിയില്ലെങ്കില്‍ ആരുടെയെങ്കിലും ഒഴിയുന്നതുവരെ കാത്തിരിക്കണം. പാത്രംകിട്ടാതെ ക്ഷമകെട്ടപ്പോള്‍ ചിലര്‍ കുറുന്തോട്ടിയുടെ ഇല പറിച്ച് കഞ്ഞി വാങ്ങി. കഞ്ഞി വിളമ്പുമ്പോള്‍ കുട്ടികളുടെയും കാക്കകളുടെയും ആരവവും പൂരവുമാണ്. കഴുകി തിരികെ കൊണ്ട് വെക്കുമ്പോള്‍ അതിനു പുറത്ത് താളം പിടിക്കല്‍ ഒര് ശീലം ആയിരുന്നു.  ആഗസ്ത് പതിനഞ്ചിന് പായസമാണ് വെക്കുക.കീശയുടെ മുകളില്‍ ദേശീയ പതാക പിന്‍ ചെയ്തു വെച്ച് അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ അത് വരെ ഇല്ലാത്ത എന്തോ ഒര് എന്തെന്നില്ലാത്ത ഭാവമാണ് മനസ്സില്‍ . അന്നേ ദിവസം പോലീസ് സ്റ്റേഷനില്‍ മുട്ടായി വാങ്ങിക്കാന്‍ പോകും .ഭയങ്കര സന്തോഷത്തോട് കൂടെ ആണ് കുട്ടികളോട് അവിടെ ഉള്ളവര്‍ പെരുമാറുക.എത്രവേഗമാണ് വര്‍ഷങ്ങള്‍ കടന്നുപോകുന്നത്. പരീക്ഷയും കഴിഞ്ഞു. അടുത്തകൊല്ലം ഈ സ്‌കൂളിലില്ല. പറഞ്ഞറിയിക്കാനാവാത്ത ഒരു വിഷമവും വേദനയുമുണ്ട്. നാല് വര്ഷം കളിച്ചും കരഞ്ഞും പഠിച്ചുമൊക്കെ കഴിഞ്ഞുകൂടിയ ഇടം. പക്ഷേ, പോകണമല്ലോ. ഒക്കെ കാലത്തിന്റെ കവടിനിരത്തല്‍. ‘ജനഗണമങ്ങള് ധായാക് ജയഹെ ….. ജയജയജയ ജയഹേ’ .കൂട്ടബെല്‍ അടിക്കുന്നതിപ്പോള്‍ ഹൃദയത്തിലാണ്.


ഇന്ന്, സീലു പതിച്ച യൂണിഫോമില്‍ പൊതിഞ്ഞ് പാവകളെപ്പോലെ വണ്ടിയും കാത്തിരിക്കുന്ന കുട്ടികള്‍ക്കെന്ത് വഴിക്കാഴ്ചകള്‍. പിസ്സയും ന്യൂഡില്സും കഴിക്കുന്നവര്‍ക്ക് എന്ത് പുളി അച്ചാറും ജോകരയും … ??  ട്യൂഷനും  മറ്റു കാര്യങ്ങളും കഴിഞ്ഞ് കളിക്കാനുമില്ല നേരം! കൂസ്‌ളുകള്‍ കെട്ടിടങ്ങള്‍ മാത്രമായിത്തീര്‍ന്നിരിക്കുന്നു. മഴ പെയ്യുമ്പോള്‍ കേറി നിന്നാലും ജയിച്ചു കേറാമെന്ന  അവസ്ഥ വന്നിരിക്കുന്നു. കഠിന നിയന്ത്രണങ്ങളുമായി യന്ത്രംപോലൊരു ജീവിതം. ക്ലാസ് ഫോട്ടോയ്ക്കു പകരം ക്ലാസ് മൂവികള്‍ വന്നിരിക്കുന്നു. ഫോട്ടോകള്‍ നിമിഷാര്ദ്ധങ്ങള്‍ക്കകം എല്ലാരും കാണുന്നു.  പക്ഷേ ഓര്‍ത്തുവെക്കാന്‍മാത്രം ഒന്നുമില്ലാത്തവരായിത്തീരുന്നില്ലേ ഈ തലമുറ എന്ന സംശയം ബാക്കി. ക്ലാസ്‌ഫോട്ടോ കാലംകൊണ്ട് മങ്ങിയെങ്കിലും ഓര്‍മകള്‍ക്ക് പണ്ടത്തേക്കാള്‍ മിഴിവേറിവരുന്ന പഴയ തലമുറ എത്ര സുകൃതികള്‍ …!!

പുത്തന്‍ ബാഗും കുടയും പുസ്തകങ്ങളുമായി അറിവിന്‍റെ തിരുമുറ്റത്തേക്ക് കാലെടുത്തു വെക്കുന്ന എല്ലാ സഹോദരി സഹോദരങ്ങളേയും   സര്‍വശക്തനായ ജഗദീശ്വരന്‍ അനുഗ്രഹിക്കുമാറാകട്ടെ ….

Inspired post from  മാതൃഭുമി വാരാന്ത്യം 2012….!!

കഥ തുടരുന്നു…

എല്ലാം പെറുക്കിക്കെട്ടി കേട്ടാ.
അങ്ങനെ ആ ശല്യം തീര്‍ന്നു..എന്നെന്നേക്കുമായി കെട്ടും കെട്ടി പോവും എന്നാരും വിചാരിക്കണ്ട. വരണം എന്ന് തോന്നിയാല്‍ തൂണ് പിളര്‍ന്നു ആയാലും ചിലപ്പോ വന്നെന്നും വരും.
ഈ റോള് നിറുത്ത്വാണ്…ലോകമുള്ളിടത്തോളം കാലം കഥ ഉണ്ടാവുമല്ലോ , അതോണ്ട് പുതിയ റോളുകളും ഉണ്ടാകും.ഇനി ഒരു അവതാരമെടുക്കുന്നതിനെക്കാളും വേറൊരു മുഖം മൂടിയാണ് ഉത്തമം എന്ന് തോന്നുന്നു. എന്താണ് പെട്ടന്നിങ്ങനെ തോന്നാന്‍ എന്നാണെങ്കില്‍ ഇത്രത്തൊളും വരുണോന്ന് വിചാരിച്ചതേയില്ല എന്നാണുത്തരം.അത്ര തന്നേ.!! പൂതിയൊക്കെ എന്നേ തീര്‍ന്നിരിക്കണൂ….

കഴിഞ്ഞ രണ്ടു ദിവസങ്ങളായി മനസ്സില്‍ എന്തെന്നില്ലാത്ത നിശബ്ദതയാണ്.പ്രണയം നിശബ്ദമാണ് എന്നാണല്ലോ പ്രശസ്ത എഴുത്ത്കാരന്‍ കണാരന്‍ അദ്ധേഹത്തിന്റെ കഴിഞ്ഞ ബ്ലോഗിലൂടെ പറഞ്ഞത്. ആ നിശബ്ദതയിലൂടെ ഒഴുകിവരുന്ന കാറ്റില്‍ നഷ്ട പ്രണയത്തിന്‍റെ തേങ്ങല്‍ കേള്‍ക്കാമായിരുന്നു..ഓള് ഇനി തിരിച്ചുവരില്ല എന്നു മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും, പിന്നീടുള്ള എല്ലാ ദിവസങ്ങളിലും അവള്‍ വന്നു കുറെനേരം അരികില്‍ ഇരുന്നിട്ട് നനഞ്ഞ കവിള്‍ത്തടങ്ങളുമായി തിരച്ചു പോകുമായിരുന്നു..കരഞ്ഞു കരഞ്ഞു മിഴിനീരു തോര്‍ന്നുവെങ്കിലും, പിന്നെയും നെഞ്ചില്‍ ഒരു കനലായി മാറുന്നതാണ് പ്രണയം..!! അത് പോയന്റ്.!! (y)

ഓരോ ജീവിതത്തിത്തിനും സ്വപങ്ങള്‍ ഉണ്ട്, ഒരു പാട് പ്രതീക്ഷകള്‍ ഉണ്ട്. ആ പ്രതീക്ഷകളാണ് നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. അവ സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടിയാണ് നാം അഹോരാത്രം പരിശ്രമിക്കുന്നതും പോരാടുന്നതും.പക്ഷെ ജിവിതത്തില്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി പലതും സംഭവിക്കാറുണ്ട്. ചില സംഭവങ്ങള്‍ എല്ലാ പ്രതീക്ഷകളെയും തട്ടിത്തെറിപ്പിക്കാറുണ്ട്. എന്നിട്ട് ജീവിതത്തില്‍ കൊടും നിരാശയിലേക്ക് നമ്മെ തള്ളിവിടും. അത്തരം സന്ദര്‍ഭങ്ങളില്‍ ചിലര്‍ ചിലപ്പോള്‍ ദൈവത്തെപ്പോലും ശപിക്കാറുണ്ട്.
♪ ♫ അലയൂ നീ ചിരന്തനനായ്..സാന്ധ്യ മേഘമേ..നീ വരും അപാരമീ മൂഖ വീഥിയില്‍ .. ♪ ♫
ഇതൊക്കെ പഞ്ച് കിട്ടാന്‍ വേണ്ടി എഴുതിയത്..തറ ആവില്ല എന്ന ആത്മവിശ്വാസത്തില്‍ ശെരിക്കും ഉള്ള കഥ ഇവിടെ തുടങ്ങുന്നു..cheerz…(y)

ഒരു ദിവസം കൃതമായി പറഞ്ഞാല്‍ ജനുവരി പതിനെട്ടാം തീയതി. ചായ കുടിക്കാന്‍ എന്ന വ്യാജേന മെസ്സില്‍ പോയി ചോരകുടിചോണ്ട് ഇരിക്കുന്ന സമയത്താണ് വിനുവേട്ടന്‍ നെറ്റ് കോള്‍ വിളിച്ച് വിവരം പറഞ്ഞത്.വിസ ശരിയായി. നിനക്ക് എപ്പോ വേണേലും വരാം. ടിക്കറ്റ്‌ എടുക്കാന്‍ ഏര്‍പ്പാട് ചെയ്തോളു. വരുമ്പോള്‍ വല്ല അച്ചപ്പമോ അവലോസ് പൊടിയോ ഒക്കെ പൊതിഞ്ഞ് എടുത്തോ.!! കിലോമീറ്റെര്‍സ് & കിലോമീറ്റെര്‍സ് അപ്പുറത്ത് നിന്നുള്ള ആ 4 അഞ്ചടി നാലിഞ്ച് ദേഹത്തിന്റെ ശബ്ദം കേട്ടതും എന്‍റെ ഉള്ളില്‍ തൃശൂര്‍ പൂരത്തിന് സൂക്ഷിച് വെച്ചിരുന്ന മൊത്തം അമിട്ടുകളും പൂക്കുറ്റികളും ഒറ്റയടിക്ക് പൊട്ടിവിരിഞ്ഞു. എന്‍റെ മുഖം തക്കാളി പോലെ ചുവന്നത് കണ്ടത് കൊണ്ടാണോ എന്നറിയില്ല, ഫോണ്‍ വെച്ച ഉടനെ സഹ ചായകുടിയനും സര്‍വോപരി സഹമുറിയനും ആയവന്‍ ചോദിച്ചു. എതവളാടാ വിളിച്ചേ..??
നിന്‍റെ പഴേ ലൈന്‍ ഇല്ലേ അശ്വതി..ഓള്‍ടെ കുഞ്ഞമ്മടെ മോള്‍ ഇല്ലേ രേവതി,ഓളെ ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്ണുണ്ട് പാര്‍വതി ഈ അടുത്ത് ബ്ലൂടൂത്തില്‍ വന്ന പെണ്ണ്.അവളുടെ അനിയത്തന്‍റെ ഫ്രണ്ട്..!! അല്ല പിന്നെ..എന്‍റെ നമ്പര്‍ ആണുങ്ങളുടെ കയ്യിലും ഉണ്ട്രാ..@$^&#

അതെ ഞാനും കടല് കടക്കുവാണ്.എന്‍റെ പവിഴമല്ലി നീലവാനത്തില്‍ പൂത്തുലയുകയാണ്.എന്‍റെ അറവാതിലും അറബി പൊന്ന് ഊതി ഉരുക്കി പണിയാണ് പോവുകയാണ്.അല്‍ അബുവാ തുഫ്താ …ഡോര്‍ opening. അല്‍ കുസൈസ്.., അബ്രാ..അസലാമു അലൈക്കും,ബുര്‍ജ് ഖലീഫ, ഗഫൂര്‍ കാ ദോസ്ത്..!! തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഇനി പുഞ്ചാവി പഞ്ചായത്തും കൊതിക്കും.നില്‍ക്കുന്നത് ഭൂമിയില്‍ തന്നെ ആണോ എന്ന് ഉറപ്പിക്കാന്‍ ഞാന്‍ കാല് ഒന്ന് അമര്‍ത്തി ചവിട്ടി. ഇടതു കയ്യില്‍ ഒന്ന് നുള്ളി നോക്കി..ഇല്ല സത്യം തന്നെ.ജീവന്‍ ഉണ്ട്. ;-)

വിസ കിട്ടിയ കാര്യം നാട്ടില്‍ ആദ്യം പറഞ്ഞത് രാജിവ് ഗോപാലനോട് ആണ്. “അല്ല കണാരാ അപ്പൊ പുഞ്ചാവി ആന്നോ തൈക്കടപ്പുറം ആണോ കുപ്പി ഉയര്‍ത്തല്‍? എന്ന് മാത്രേ ഇങ്ങോട്ട് ചോദിച്ചുള്ളൂ. ആരോടും ഇപ്പൊ ഒന്നും പറയണ്ട. എല്ലാം കണ്‍ഫോം ആക്കിട്ട് മതി ബാക്കി ലാത്തിചാര്‍ജ് എന്ന് പ്രത്യേകം പറഞ്ഞ് ഏല്‍പ്പിച്ചെങ്കിലും ആകാശവാണി ബി ഗ്രേഡ് ഇന്‍ മൃദംഗം രാജീവന്‍ ഹരിഹാമ്പോജി രാഗത്തില്‍ എല്ലാരോടും കൊട്ടി പാടി. അറിഞ്ഞവന്‍ അറിഞ്ഞവന്‍ ഭൂകമ്പം നടന്ന സ്ഥലത്തെ ഹെല്പ് ലൈന്‍ നമ്പറില്‍ വിവരം തിരക്കാന്‍ വേണ്ടി വിളിക്കണ പോലെ വിളിയും തൊടങ്ങി. കുപ്പി പൊട്ടിക്കണം കോഴി കറങ്ങണം, ഒന്നര അടി ആരത്തില്‍ വാള് വെക്കണം എന്നൊക്കെ മാത്രമേ എല്ലാരുടെയും വോയിസ്‌ മെസ്സേജില്‍ ഉണ്ടായിരുന്നുള്ളൂ. നമുക്ക് കല്യാണം കഴിക്കാതിരിക്കാം, കുട്ടികള്‍ വേണ്ടെന്നു വെക്കാം, ജോലിക്ക് പോകാതിരിക്കാം. പക്ഷേ പാര്‍ട്ടി കൊടുക്കാതിരിക്കാനാവില്ലല്ലോ. ഞാനില്ലാത്ത സമയത്ത് എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഉപകാരത്തിന് എത്തേണ്ടത് ഇവരാണെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. ഇവന്മാരെക്കൊണ്ട് കള്ളു കുടിക്കാനും പഞ്ചാരയടിക്കാനുമല്ലാതെ വേറൊരു സുനാപ്പിക്കും കൊള്ളില്ലെന്ന് കൂടെ നടക്കുന്ന നമുക്കല്ലേ അറിയൂ. എന്നിട്ടും ചങ്ങാതിമാരല്ലേ എന്നു കരുതി ഞാന്‍ സമ്മതിച്ചു. ഉറുപ്പ്യ ആയിരം സര്ക്കാരാപ്പീസില്‍ ക്യൂ നിന്ന് കൊണ്ടുപോയി കൊടുത്തു.

വിവരം രണ്ടാമത് പറഞ്ഞത് ആപ്പിള്‍ പോലത്തെ കവിള്‍ ഉള്ള അള്‍ട്ടിമേറ്റ് സുന്ദരിയായ എന്‍റെ കാമുകി പട്ടത്തിനോട്‌ ആണ്. (എന്‍റെ കഥകളില്‍ നിന്നെക്കുറിച്ച് വര്‍ണ്ണിക്കുന്നില്ല എന്ന പരാധി ഈ ഒരൊറ്റ സെന്റന്‍സ് ഓടെ തീരും എന്ന് വിചാരിക്കുന്നു.)

“മോനെ ദുബായി ആണ് , നീ ആട പോയിറ്റ് വല്ല സംവൃതാ സുനിലുമായി കണക്ഷന്‍ ആവുമോ എന്നെ എനിക്ക് പേടിയുള്ളൂ..അത് കൊണ്ട് ഒരു കാര്യം ചെയ്. എനിക്കും വിസ ആക്കിത്താ..ഞാനും കൂടെ വരാം.

-നീ ഒറ്റക്ക് വരണ്ട…അച്ഛനേം കൂട്ടിക്കോ…!!  വെക്കടി ഫോണ്‍….! ആ ഡയമണ്ട് നെക്ലെസാ ഇതിനൊക്കെ കാരണം ..കോപ്പിലെ ന്യൂ ജനറേഷന്‍ :-P

പിന്നെ വേറെ ഒരു കാര്യം,  ”പോയിട്ട് കണ്ട അവലോസ് ഉണ്ട കൂട്ട് കെട്ടില്‍ കൂടിയിട്ട് വലീം കുടീം ഒന്നും തൊടങ്ങാന്‍ നിക്കണ്ട” -അതിനു ഞാന്‍ സ്പോട്ടില്‍ മറുപടി കൊടുത്തു,

“ഇല്ല മോളെ ഞാന്‍ അതൊന്നും തുടങ്ങില്ല.”
അല്ല ഒരുകാര്യം തന്നെ രണ്ട് വട്ടം തുടങ്ങാന്‍ പറ്റുമോ ?? (silent)

മാര്‍ച്ച് പതിനാലിന് മംഗലാപുരത്തു നിന്നും ടിക്കെറ്റ്‌ ബുക്ക്‌ ചെയ്തു.വെളുപ്പിന് 4 മണിക്കുള്ള ട്രെയിനിന് മംഗലാപുരത്ത് പോയി അവിടുന്ന് ടാക്സിക്ക് എയെര്‍പോര്‍ട്ടില്‍ പോകാം. Everything Planed with the Help Of Naveenettan.ട്രെയിന്‍ കേറ്റാന്‍ രഞ്ജിയും സന്ദീപും ശരത്തും സബിയും അടക്കമുള്ള ലോക്കല്‍ കമ്മിറ്റികാര് വന്നു. വെളുപ്പിനെ ഉറക്കം മുടക്കിയതിന്‍റെയും നാല് മണിക്ക് മാതൃഭുമിയും മില്‍മ്മയും അല്ലാണ്ട് വേറെ ഒരു വനിതയും ഗൃഹലക്ഷ്മിയും അവിടെ കാണാൻ കിട്ടാത്ത ദേഷ്യം രഞ്ജി ഒഴികെയുള്ള മാറ്റെല്ലാ തെണ്ടികളുടെ മുഖത്തും വാർതിങ്കൾ ഉദിച്ച വാസന്ത രാത്രി പോലെ വ്യക്ത്മായിരുന്നു. വണ്ടി വരാൻ മണി അടിച്ചത് മുതൽ രഞ്ജിക്ക് എന്നുമില്ലാത്തൊരു പ്രത്യേകതരം സ്നേഹം !! അടുത്ത് വന്നു എന്നെ കെട്ടി പിടിച്ചു.

ഈ വണ്ടി എപ്പോ എയർ പോർട്ടിൽ എത്തും?? ലാലേട്ടൻ ജൂഹിജൗള ചേച്ചിയോട് ചോദിക്കണ പോലെ ചോദിച്ചു.
ഇത് എയർപോർട്ടിൽ പോണ ട്രെയിൻ അല്ല. മങ്ങലാരം സെന്‍ട്രലിലേക്ക് പോണത് ആണ്
“ദുബായിൽ ഒക്കെ ഇപ്പൊ മഴ ഉണ്ടാവുമോ”?? Question No. 2
അവിടെ ചെന്നിട്ട് ഉണ്ടെങ്കിൽ ഫേസ്ബുക്കിൽ മെസ്സേജ് അയക്കാം. ഇതാണോ ചോദിക്കാൻ ഉള്ളത് ??
രഞ്ജി : അല്ല !! ഒന്നുല്ല.ഞാന്‍ പിന്നെ എപ്പോളെങ്കിലും ചോദിക്കാം.

ചെമ്മണ്‍ പൊടി പറക്കുന്ന ഒരു ഏപ്രില്‍ മാസ വേനലില്‍ “ഞാന്‍ അമ്മയുടെ വീട്ടിലേക്ക് പോവ്വാടാ , സ്കൂള്‍ തുറക്കുംമ്പൊഴേക്കും വരും” എന്ന് യാത്ര പറഞ്ഞു പോവുമായിരുന്ന കളികൂട്ടുകാരനോട് ഇന്ന് ഞാനും യാത്ര ചോദിച്ചു. ആദ്യത്തെ ഗള്‍ഫ്‌ യാത്ര പലര്‍ക്കും നഷ്ടപ്പെടുത്തിയത് ഇത് വരെ കാണിച്ചു കൂട്ടിയ എല്ലാ ചെറ്റത്തരങ്ങള്‍ക്കും നിഴല് പോലെ കൂടെ നിന്ന കളികൂട്ടുകാരനെ ആയിരിക്കും.ജീവിതം നമ്മള്‍ കരുതുന്നത് പോലെ ചെറുതല്ലെന്നും കുറച്ചു കൂടി വലുതാവണമെന്നും കൂട്ടുകാരന്റെ യാത്ര അവരെ പഠിപ്പിച്ചിട്ടുണ്ടാകും. സുഹൃദ് ബന്ധങ്ങളില്‍ നിന്നും എകാന്തതിലെക്കുള്ള പറിച്ച് നടലിലേക്ക് ആവുമോ ഈ യാത്ര. വാരിപുണര്‍ന്നു യാത്ര പറയുമ്പോള്‍ എന്റെ കണ്ണുകളോടൊപ്പം അവന്റെ കണ്ണുകളും നിറഞ്ഞു. ഏതു പട്ടുനൂല്‍ കൊണ്ടാണ് സ്നേഹിതാ നീ എന്റെ ഹൃദയത്തെ നിന്‍റെതിനോട് ചേര്‍ത്ത് തുന്നിയത് ?? പക്ഷെ , ആ കര അഞ്ഞൂറ് എന്ന് എഴുതിയിട്ടുള്ള പച്ച ഒറ്റനോട്ട് പറ്റിക്കാനുള്ള കൊച്ചക്കെണി ആയിരുന്നു എന്ന് എനിക്ക് പിന്നെയാണ് കത്തിയത്. എന്റെ പോക്കെട്ടിന്നു അവന്റെ പൊക്കെറ്റിലെക്ക് മണി ട്രാൻസ്ഫെർ ആയപ്പോ കരച്ചിലും പോയി. ഇല്ലാത്ത സെന്റി ഡയലോഗ് അടിച്ചത് വേസ്റ്റും ആയി.

5 മണിക്ക് മംഗലാപുരം എത്തി. എയർ പോർട്ടിലേക്ക് ഓട്ടോർഷ വിളിച്ചു .”sitting back side of ബജാജ് ഓട്ടോർഷ” എന്ന് ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഇട്ടാലോ എന്ന് തോന്നിയെങ്കിലും അതിലുള്ള തെണ്ടികള്‍ വല്ല ന്യൂ ജനറേഷന്‍ രീതിയില്‍ കമന്റ് അടിച്ചാലോ എന്ന് പേടിച്ച് വേണ്ടാന്നു വെച്ചു. ഓർക്കുന്നു ആദ്യമായി സ്കൂളിൽ പോയത് ഓട്ടോറിക്ഷയിൽ ആണ്. ആദ്യായി റെയിൽവേ സ്റ്റെഷനിൽ പോയതും ഓട്ടോറിക്ഷയിൽ ആയിരുന്നു. ആദ്യമായി ബാറില്‍ , പോയതും ആദ്യമായി സിനിമ (ബോത്ത്‌ ഗ്രീന്‍ & ബ്ലു ) കാണാന്‍ പോയതും ഓട്ടോറിക്ഷയില്‍ ആണ്, ദേ ഇപ്പൊ ഫ്ലൈറ്റ് കേറാനും അതെ ഒട്ടോര്‍ഷ തന്നെ.അവിടെ ഇറങ്ങിയാലും ഓട്ടോറിക്ഷ വിളിക്കാന്‍ വരുമോ എന്തോ ??

കൂടാരം കൊട്ടാരം വീടെല്ലാം സഞ്ചാരി ശിങ്കാരി നീയല്ലോ ,
ലക്ഷം വരുമ്പോളും നഷ്ടം വരുമ്പോളും ,
കഷ്ടം വരുമ്പോളും എനിക്കിഷ്ടം പെരുത്തിഷ്ടം.
എന്നെന്നും എന്നോമല്‍ കുഞ്ഞാടെ നീയല്ലോ.
ദൂരത്തിലേക്കോ ഏതോ തീരത്തിലേക്കോ
ഓരോ മേളങ്ങള്‍ തേടി പായും പാളങ്ങള്‍ നമ്മള്‍ …..കണ്ണില്‍ റെഡ് സിഗ്നല്‍ …..വീണു വണ്ടി ബ്രേക്ക് ഇട്ടു നിര്‍ത്തി.!!
എഷ്ടി മണാ ??……… (ആകെ കൂടെ അറിയാവുന്ന കന്നഡ വേര്‍ഡ്സുകളില്‍ ഒന്ന്)
മുന്നൂറ ഐവത്തു …………
വാട്ട് ………….??
ത്രീ ഫിഫ്റ്റി ……. ” ആഹ്ഗ് ….ആ …കിളി പോയി “

ത്രീ ടയര്‍ AC കോച്ചില്‍ അല്ലല്ലോ ഏട്ടാ നമ്മള് ഇങ്ങോട്ട് പൊന്നെ എന്ന് അറിയാവുന്ന തമിഴില്‍ ഞാന്‍ ആ കന്നഡ മീഡിയത്തിനോട് പറഞ്ഞു. നോ രക്ഷ..!! പോയി..പൈസയും ഓട്ടോറിക്ഷയും ഒരുമിച്ച് പോയി. ഫ്ലൈറ്റ് വന്നു. !! പൈലറ്റ്‌ വന്നു..അതിലെ പണിക്കാരും വന്നു..!! ബാഗും തൂക്കി എല്ലാരും അവരുടെ പിറകെ പോയി.

ആദ്യമായിട്ട് കണ്ട ലോകത്തില്‍ എല്ലാ സാധാരണക്കാരനെയും പോലെ ഞാനും വാ പൊളിച്ച് അമല്‍ നീരദിന്റെ നായകനെ പോലെ സ്ലോ മോഷനില്‍ നടന്നു .സീറ്റ് കണ്ട ഉടനെ വേഗം അതിലേക്ക് ചാടിവീണു. ചാടി വീഴേണ്ട തിരക്കൊന്നും ഇല്ല. പക്ഷേ എല്ലാറ്റിനോടും ഒരു ആക്രാന്തം നമ്മളുടെ കൂടപ്പിറപ്പായിപ്പോയില്ലേ. സൈഡില്‍ ഒരു കിളി ഇരിക്കുന്നു. സങ്കല്പത്തില്‍ മനസ്സിന്റെ പുതപ്പിനുള്ളില്‍ പല തവണ കയറിക്കിടന്ന ഫിഗര്. സ്ട്രൈറ്റ്‌ ചെയ്ത മുടി. വിടര്‍ന്ന കണ്ണുകള്‍.  ഇരുനിറം, തിളക്കമാര്‍ന്ന സ്കിന്‍ അനൂപ്‌ മേനോന്റെ ഹണി റോസിനെ പോലെ ആര്‍ക്കും ലൈനാക്കാന്‍ തോന്നുന്ന നോട്ടം, “യോ” ലുക്ക്. ഇടംകണ്ണിട്ട് ആ പാണീസ് കുപ്പിയെ നോക്കി. എന്തൊരത്ഭുതം. അവള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു.ശെടാ .ഇങ്ങനെ ഒരു അബദ്ധം ഇന്നേ വരെ പെണ്ണായ് പിറന്നവള്‍ക്കൊന്നും തോന്നിയിട്ടില്ലല്ലോ. ഇതെന്ത് മറിമായം ?? എന്നോടായിരിക്കില്ല. ഞാന്‍ അരികിലിരിക്കുന്ന വല്യപ്പനെ നോക്കി. അയാള് വെറ്റിലക്ക് ചുണ്ണാമ്പ് തേക്കുന്നു.അല്ല ശേ.!! ടാബ്ലെടില്‍ ടച്ച്‌ ആക്കുന്നു.(കാലിതോഴുത്തിനു അപ്പെക്സ് അല്‍ടിമാ പെയിന്റോ). തിരിഞ്ഞും മറിഞ്ഞും അപ്പുറവും ഇപ്പുറവും സീറ്റില്‍ ഇരിക്കുന്ന സഹയാത്രികരെ നോക്കി. അവരില്‍ ആരോടെങ്കിലുമാണോ ചിരിച്ചത്‌? ‌പക്ഷേ അവരൊക്കേ എയര്‍ ഇന്ത്യ പൊങ്ങുമോ ഇല്ലയോ എന്ന് കൂലങ്ങുഷമായ ആലോചനയില്‍ ആണ്. അപ്പോള്‍ ചിരിച്ചത് എന്നോട് തന്നെയാണ്‌. so, എന്റെ ശ്വാസഗതി കൂടി, നെഞ്ചത്ത് ചെണ്ടമേളം തുടങ്ങി. തിരിച്ച്‌ ചിരിക്കാത്തത്‌ മോശമായിപ്പോയി. എന്നെപറ്റി ആ കുട്ടി എന്തു കരുതിയിരിക്കും.ഞാന്‍‍ മസില്‍ അഴിച് വിട്ട് അവളെ നോക്കി ചിരിച്ചു. പക്ഷേ അത്‌ ഒരു മാതിരി ബിഗ്‌ ബി യിലെ മമ്മൂട്ടി കോമഡി പറഞ്ഞത് പോലെ ആയി. ഞാനവളെ ഒന്നൂടെ നോക്കി. അവളപ്പോഴും ചിരിക്കുന്നുണ്ട്. ആശ്വാസമായി പിണക്കമൊന്നും ഇല്ലല്ലൊ.!!

ഞാന്‍ അവളുടെ മുഖം ‌സേര്‍ച്ച്‌‌ ചെയ്തു നോക്കി. സ്ക്കൂളില്‍ വെച്ചോ, കോളേജില്‍ വെച്ചോ, ഗൂഗിളില്‍ വെച്ചോ , അല്ല വല്ല മാളിലോ, എത് കോത്താഴത്ത് വെച്ചായിരുന്നു പരിചയം? ആ എവിടെയെങ്കിലും ആവട്ട്. എന്തായാലും ഈ വണ്ടിക്ക് ടിക്കറ്റ്‌ ബുക്ക് ചെയ്തത് നന്നായി. വിസ എടുത്ത് തന്ന വിനു ഏട്ടനും , ടിക്കറ്റ്‌ ഈ വണ്ടിക്ക് എടുക്കാന്‍ പറഞ്ഞ നവീന്‍ ഏട്ടനും,ടിക്കെറ്റ്‌ എടുത്ത് തന്ന UAE എക്സ്ചേഞ്ചിലെ ജീവനക്കാര്‍ക്കും കണാരന്‍ & ചങ്ങായിപ്പുള്ളോറുടെ പേരിലും , എന്റെ വ്യക്തിപരമായ പേരിലും ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. തല പെന്റുലം കണക്കെ അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ട് ഞാന്‍ അവളെ തന്നെ നോക്കി. അവളും ഇടക്കിടക്ക് എന്നെ നോക്കുന്നുണ്ടായിരുന്നു.ഹോ. നീ ഇങ്ങനെ നോക്കി എന്നെ കൊല്ലല്ലേ മുത്തെ. ഞാന്‍ അപ്പൂപ്പന്‍ താടിപോലെ മേലോട്ട് പൊങ്ങിപോയി. സ്വപ്നം മാത്രം കണ്ടത് കൊണ്ട് കാര്യമില്ലല്ലോ. 3 മണിക്കൂര്‍ കഴിഞ്ഞാല്‍ അവള് ഇറങ്ങി പോകും അതിനു മുമ്പ് ഒരു സോഷ്യല്‍ മീഡിയ ബന്ധം എങ്കിലും ഉണ്ടാക്കി വെക്കണം.(ഫെസ്ബുക്കോ , ട്വിറ്ററോ, ഗൂഗിള്‍ പ്ലസ്സോ , എതിസലാതോ ഏതായാലും മതി.) ബീ പ്രാക്ടിക്കല്‍.. ക്വിക്ക്. പോക്കറ്റില്‍ വല്ല കടലാസ്സുമുണ്ടോ എന്ന്‌ നോക്കി. ഒന്നുമില്ല. ആകെയുള്ളത് പാസ്പോര്‍ട്ടും ടിക്കെറ്റും ആണ്. എന്ത് രസമാ അവള് ചിരിക്കുന്നത് കാണാന്‍ .കോര്‍ണര്‍ ലേശം പൊട്ടിയ നിലയില്‍ ഉള്ള പല്ല്. അവളറിയാതെ ഞാന്‍ ഒര് ആയിരം തവണ അവള്‍ടെ ചിരിനോക്കി. ഇതൊക്കെ ഇപ്പൊ ഒര് നിമിത്തം ആയി കരുതുവാ.എവിടെയോ ജനിച്ചു വളര്‍ന്ന നമ്മള്‍ ഇന്നിപ്പോ ഈ വീമാനത്തില്‍ കേറാനും , സെയിം സീറ്റില്‍ ഇരിക്കാനും …ശോ..!! ഒര് പെണ്ണിനോട് കമ്പം തോന്നാന്‍ സിഗരറ്റ് കത്തിക്കണ സമയം കൂടെ വേണ്ടല്ലോ, സൊ. പണ്ട് മാവേലി എക്സ്പ്രെസ്സില്‍ സംഭവിച്ചപോലെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.!! ഇത് വരെ കണ്ട് മുട്ടിയതും ഫോണ്‍ നമ്പര്‍ മേടിച്ചതും സത്യന്‍ അന്തിക്കാടിന്‍റെ സിനിമയിലെ പോലത്തെ പച്ചകളറടിച്ച നായികമാരോടൊക്കെ ആയിരുന്നല്ലോ, ആദ്യം ആയിട്ടാണ് ഇങ്ങനത്തെ ഒര് “യോ യോ” കുട്ടിനെ മുട്ടുന്നത്. അതുകൊണ്ട് അവളെ വളക്കേണ്ട ടിപ്സ് അറിയാന്‍ വേണ്ടി വണ്ടി പരിപാടികളില്‍ phd ഉള്ള കാനൂല്‍ എഫ്. എം നെ വിളിച്ചു. BA മ്യൂസിക് കഴിഞ്ഞ് , കമ്പി സാധനം വായിലിട്ട് (മുഖര്‍ ശംഖ് / മൌത്ത് ഓര്‍ഗന്‍ ) പൈസ ഉണ്ടാക്കുക്കയും ബാക്കി സമയങ്ങളില്‍ നാട്ടിലെ ലോക്കല്‍ ഡാറ്റകല്‍ ആവശ്യത്തില്‍ കൂടുതല്‍ പുലിയാട്ട് ചേര്‍ത്ത് ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും ചെയ്യുന്ന എന്റെ ഏക ചങ്ങായി കാനൂലന്‍ .

അളിയാ പൊങ്ങിയോ… ?
എപ്പോഴും പൊങ്ങിനിക്കുവാണല്ലോ ?
എന്ത്യ…?
നീ എന്ത്യ ചോയിച്ചേ ….?
എട..മൈ*** .. ഫ്‌ളൈറ്റ് പോങ്ങിയോന്ന് ?
അത് പൊങ്ങുമ്പോ പൊങ്ങട്ട്…. കാനൂലാ ….ഒരു “ഗ്ലാമര്‍ ഗേള്‍ “…!!
മലയാളമോ , ഇംഗ്ലീഷോ.. ?? എത്ര മിനിറ്റ് ഉണ്ട് ??
പു **** ^*** അളിയാ…ഇത് ബ്ലൂടൂത്ത് വീഡിയോന്‍റെ പേരല്ല..എന്റെ അടുത്ത് ഒര് ചോമല കിളി ഇരിക്കുന്നു..സുന്ദരി. റെസ്പോണ്ട് ഉണ്ട് ..B-)

മിണ്ടാതെ പ്രാര്തിചിട്ട് ഇരിക്കാന്‍ നോക്കെടാ.!! ഒര് നല്ല കാര്യത്തിനു പോവാന്‍ നിക്കുംബോഴാ ഓന്റെ ഒര് കമ്പി.ഇത്രേം കാലം ഇതൊക്കെ തന്നെ അല്ലെ പണി ഉണ്ടായിരുന്നെ. ?? ബെല്‍റ്റ്‌ ഇട്ട് അര്‍ച്ചനയും ചൊല്ലിക്കോണ്ട് മിണ്ടാണ്ട് ഇരുന്നോ..അല്ലേല്‍ ഞാന്‍ ഇപ്പൊ മറ്റവളെ വിളിച്ച് പറയും..നക്കി എന്നിട്ടല്ലേ പുട്ട് ചുടല് !!

” അല്ല കാനൂലാ ഒര് കാര്യം ചോദിച്ചോട്ടെ.. ?? ഇന്നലെ ഞാന്‍ നീലേശ്വരം നളന്ദേന്ന് വാങ്ങി നിങ്ങടെ അണ്ണാക്കില്‍ ക്ക് കമുത്തി തന്നത് കാടിവെള്ളം അല്ലാലോ, കിംഗ്‌ഫിഷര്‍ അല്ലെ ?”.
– കട്ട്‌ –

തുടര്‍ന്ന് ഞാനവളെ ഇന്റര്‍വ്യൂ ചെയ്തു. ചോദ്യങ്ങള്‍ കേട്ട അവള്‍ തിരിച്ച ഇങ്ങോട്ടും ഇന്റര്‍വ്യൂ ചെയ്തു. ഇടക്ക് ചായ കുടിച്ചു. പലഹാരം അധികം ഒന്നും കഴിച്ചില്ല. ഇടക്ക് ഒരു കേക്ക് മാത്രം ഒരു പൊടി പോലും നിലത്ത് വീഴാണ്ട് സ്പൂണ്‍ വെച്ച് കഷ്ടപ്പെട്ട് തിന്നു. ദോശയും ചോക്ലേറ്റും ലഡുവുമൊന്നും നമ്മള്‍ കാണാണ്ട് കിടക്കുന്നവരല്ലല്ലോ!! കുറെ സംസാരിച്ചു അതിനടയില്‍ പൊങ്ങിയതും പറന്നതും ഒന്നും അറിഞ്ഞില്ല.അവള്‍ക്ക് ഒരുപാട് വിശേഷങ്ങള്‍ പറയാന്‍ ഉള്ളത് പോലെ തോന്നി. വിഷയം ഇല്ലാതെ വന്നപ്പോള്‍ ഞാന്‍ എന്ത് പറയണമെന്നറിയാതെ നിന്ന് ഉരുകുകയായിരുന്നു. പെണ്‍കുട്ടികളോട് സംസാരിക്കുമ്പോ മുട്ടുകാലില്‍ ഒരു വിറയലും തൊണ്ടയില്‍ ശബ്ദത്തിനു ഒര് കിച് കിച്ചും ഒക്കെ കേറി വരും. ഓര്‍ക്കാന്‍ കൊതിക്കുന്ന ഒരുപാട് നല്ല നിമിഷങ്ങള്‍ ..!! മൂന്ന് മണിക്കൂര്‍ മൂന്ന് മിനുട്ടുകള്‍ ആയി തീര്‍ന്നു..വിമാനം നിലത്ത് ഇറങ്ങണ്ടാന്നു ആലോചിച്ചു പോയി.

എമിഗ്രേഷന്‍ കഴിഞ്ഞ് അവള്‍ ഇറങ്ങുന്നത് വരെ ഞാന്‍ അവളെ പുറത്ത് നോക്കി നിന്നു! പത്തു മിനിറ്റ് കഴിഞ്ഞപ്പോ എല്ലാം കഴിഞ്ഞു അവള് ഇറങ്ങി. അവള്‍ നേരെ പുറത്ത് അവളേം കാത്തിരുന്ന അപ്പന്‍റെ അടുത്തേക്ക് ഓടി. എനിക്ക് അങ്ങോട്ടേക്ക് പോവാന്‍ തോന്നിയില്ല. എന്റെ കത്തികളെ കുറിച്ചാണോ എന്നറിയില്ല എന്തൊക്കെയോ ഡിസ്കസ് ചെയ്തുകൊണ്ട് അവര്‍ ട്രോളിയും തള്ളിക്കോണ്ട് പുറത്തേക്ക് നടന്നു. അവള്‍ എന്നെ അന്വേഷിക്കുന്നതായിട്ടു പോലും എനിക്ക് തോന്നിയില്ല.. ചിലപ്പോ അപ്പന്‍ കൂടെയുള്ളത് കൊണ്ടാകും. ടാക്സി സ്റ്റാന്റ് ലക്‌ഷ്യം ആക്കിയാണ് അവര്‍ നടക്കുന്നത് . ഞാനും അവരുടെ പുറകെ നടന്നു. ഓടി പോയി അവളോട്‌ യാത്ര പറഞ്ഞാലോ എന്ന് ഇടയ്ക്ക് തോന്നി.. ചെയ്തില്ല..!!

മനസ്സില്‍നിന്നു ഞാന്‍ ഒരുപാട് അകലെ ആയതു പോലെ. അവര്‍ കാറില്‍ കയറി.ഞാന്‍ അവിടെത്തന്നെ നിന്നു! എന്നെ തിരയുന്ന അവളുടെ മുഖം ഞാന്‍ ആ കാറിന്റെ ഏതെങ്കിലും ജനാലയില്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്നു..കാര്‍ വിട്ടു ഞാന്‍ തിരിഞ്ഞു നടന്നു.ആ കിളിയും പോയി. ഇനിയെന്ന് കാണുമെന്നു അറിയില്ല.. ഞാന്‍ ചോദിക്കാന്‍ വിട്ടുപോയിരിക്കുന്നു.. എനിക്ക് ഒന്നുടെ തിരിഞ്ഞു നോക്കാന്‍ തോന്നി. ഞാന്‍ കണ്ടു..അവള്‍ തല പുറത്തിട്ട് എന്നെ നോക്കി ഇരിക്കുന്നു.. അവളുടെ അതെ ചിരി.. ഞാന്‍ അവളെ കണ്ടു കൈവീശിക്കാണിച്ചു..അവള്‍ ചിരിച്ചുകൊണ്ട് തന്നെ നിന്നു.എനിക്ക് ആ ചിരി കാണാമായിരുന്നു.. അവള്‍ എന്റെ കണ്ണില്‍ നിന്നു മറയുന്നത് വരെ..

“ഡാ…എന്താലോചിച്ചു നിക്കുവാ…?” ആരോ എന്റെ കയ്യില്‍ തട്ടി..
“എയ്യ്..ഒന്നുല്ല.. നവീന്ട്ടാ..ഒര് പെണ്‍കുട്ടി.എന്നെ നോക്കി …ഞാന്‍ ചിരിച്ചു..ഓളും ചിരിച്ചു..!! ഞാന്‍ മാത്രോല്ല അവരെല്ലാരും ഉണ്ട്. ;-)
കാലു കുതീട്ട്ല….അപ്പോളേക്കും തൊടങ്ങിയ…!! നിന്റെ കണ്ണ് ഞാന്‍ കുത്തി പൊട്ടിക്കും.:-)
അല്ലെങ്കിലും ഇയാളോടുന്നും പറഞ്ഞിട്ട് ഒര് കാര്യോം ഇല്ല..:-P

റൂം തപ്പല് തൊടങ്ങി…ആദ്യത്തെ റൂം കണ്ടിറങ്ങിയപ്പോ നവീന്ട്ടന്‍ എന്നെ നോക്കി..!!
ഞാന്‍ ഉള്ള കാര്യം അങ്ങട് പറഞ്ഞു “എനിക്ക് പറ്റില്ല…ഒരേ ഒര് കണ്ടീഷനെ ഉള്ളൂ , റൂം ചെറുതായാലും കക്കൂസ് വലുതായിരിക്കണം.”
അതെന്താ ?? നീ അവിടെയാണോ പാര്‍ക്കിംഗ് നടത്താന്‍ ഉദ്ദേശ്ശിക്കണേ .. ??
അല്ല.!! ഞാന്‍ ബ്ലോഗ്‌ ഒക്കെ എഴുതുന്ന ആളാ ..എനിക്ക് പല ഉപമകളും വന്നിട്ടുള്ളത് കക്കൂസില്‍ നിന്നും ആണ്.
നിനക്ക് കക്കൂസില്‍ പോയാല്‍ ഉപമയാണോ വരാറ് ??
:-( :-( (ഇന്നാ .. നെഞ്ചത്ത് കേറി ഇരുന്നു പൊങ്കാല ഇട് ..അല്ല പിന്നെ)
അല്ല അണ്ണാ..പല കഥകളുടെയും മര്‍മ ഭാഗങ്ങള്‍ അവിടെ വെച്ചാണ് കിട്ടിയത്.എന്നാണ് ഉദ്ദേശിച്ചത്.
“പക്ഷെ കണാരാ ” എനിക്ക് കക്കൂസില്‍ നിന്നും കിട്ടിയത് , കൊറേ morden തെറികളും , കൊറേ ഫ്ലൂട്ട് മൊബൈല്‍ നമ്പറുകളും ആണ്…മിണ്ടാണ്ട് നടക്കെടാ..!!
തല്‍കാലം നവീനേട്ടന്റെ കൂടെ Accommodation..!!

അന്ന് രാത്രി മുഴുവൻ അവളെ സ്വപ്നം കണ്ട് ഒട്ടും ഉറങ്ങാൻ പറ്റിയില്ല. അവളെ ഒരിക്കൽ കൂടി കാണാൻ പല വഴിയും ആലോചിച്ചു നോക്കി. എവിടെ കാണാന്‍ ?? ഈ യന്ത്രവല്‍കൃത ബര്‍ഗര്‍ ലോകത്തില്‍ തിരക്കുകളുടെയും ഉത്തരവാദിത്വങ്ങളുടെയും ഇടയിലകപ്പെട്ടു പരക്കംപായുമ്പോള്‍ എല്ലാം മറന്ന് പോവുമായിരിക്കും എന്ന് സ്വയം മനസ്സിനെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പെട്ടെന്നൊരു ദിവസം രണ്ടാം നിലയില്‍ ഉള്ള ഞങ്ങള്‍ടെ ഫ്ലാറ്റിന്റെ ബെഡ് റൂമിന്റെ ജനവാതിലിൽ നീക്കിയപ്പോ അപ്പുറത്തെ ബാല്‍ക്കണിയില്‍ മഴനീര്‍ തുള്ളികളിലെ തനുനീര്‍ മുത്ത്‌ പോലത്തെ ഒര് ക്ടാവ് കുളികഴിഞ്ഞ്  തലയില്‍ ഒരു വെള്ള തുണിയും ചുറ്റി അലക്കിയ തുണികള്‍ വിരിചിടുന്നു.പരിചിത മുഖം. ഇവള് തന്നെ അല്ലെ രണ്ടു മൂന്ന് ദിവസമായിട്ട് എന്റെ എസി റൂമിലെ ഉറക്കത്തിനു ഒര് വിലയും ഇല്ലാണ്ട് ആക്കുന്നേ ?? എനിക്ക് മുഖം വ്യക്തമായി അത്രയ്ക്ക് ഉറപ്പിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.. എങ്കിലും എനിക്ക് അവളെ തിരിച്ചറിയാന്‍ കഴിഞ്ഞു..മിസ്സ് കാള്‍ കൊടുക്കാന്‍ വിചാരിച്ചയാള്‍ ഇങ്ങോട്ട് വിളിക്കുന്നത് പോലെ അവള് എന്നെയും കണ്ടു. നീല ജീൻസും വെളുത്ത ടോപ്പുമായിരുന്നു വേഷം. ചെറിപ്പഴങ്ങൾ പോലത്തെ ചുണ്ടുകളും, റോസാപ്പൂ കവിളുകളുമായി നാച്വറല്‍ ബ്യൂട്ടിഫുള്‍ ആയി നില്‍ക്കുന്നു.റൂം മാറാനുള്ള ഫയൽ is on Pending…;-)


–അലസമായ് തുറന്നിട്ട വാതിലിലൂടെ പ്രണയം കടന്നു വരുന്നു…സോ , കടല് കടന്നും കഥ തുടരുന്നു….

വാക്കുകള്‍ക്കു ഒടുവില്‍

നിശബ്ദമായ ഒരോര്‍മ്മയാണ് എനിക്കവള്‍ , രണ്ട് വര്‍ഷത്തോളം ഉണ്ടായ എന്റെ പ്രണയത്തെക്കുറിച്ച്‌, അതിന്‍റെ വേദനകളെക്കുറിച്ച്‌…….

ആദ്യത്തെ ഏഴ് മാസങ്ങള്‍ നീണ്ട മൌനാനുരാഗത്തിന്‌ ശേഷം,ഒരു ഫെബ്രുവരി പതിനെട്ടാം തീയതി ഞാന്‍ അവളോട്‌ എന്‍റെ പ്രണയം വെളിപെടുത്തി.ഒരു വര്‍ഷം വീണ്ടും കഴിഞ്ഞു പ്രണയം പുതുക്കാന്‍ പോയ അന്ന്,എന്നോട് പറഞ്ഞ ആ ഒരൊറ്റ വാക്കിന്‌ ഇത്രയേറെ ദുഃഖം നല്‍കാനാവുമെന്ന്‌ ഞാനറിഞ്ഞു.

അതിനുശേഷം അവളില്ലാതെ ,അവളെകാണാതെ, കടന്നുപോയ കുറച്ച് കാലങ്ങള്‍ക്ക് ശേഷം, പ്രണയം നാന്ദികുറിച്ച , വെളിപെടുത്തിയ ,അവസാനിച്ച അതേ സ്ഥലത്താണ്‌ ഞാന്‍ തിരികെവന്ന്‌ നില്‍ക്കുന്നത്‌. എന്‍റെ പ്രണയം നിലച്ച അതെ കെട്ടിടത്തിന്റെ ചോട്ടില്‍ കൊഴിഞ്ഞുപോയ പ്രണയകാലത്തെ എന്‍റെ നായികയെ തിരഞ്ഞു ഞാന്‍ നിന്നു. അവളെ ഒന്ന്‌ കണ്ടാല്‍ മതിയെന്ന ഒരേ ഒരു പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവള്‍ എന്നെ കണ്ടിരിക്കുന്നു. കാണണം എന്ന്‌ മാത്രമേ ഞാനും കൊതിച്ചിരുന്നുള്ളൂ,സത്യം.!! പക്ഷെ, അവള്‍ എന്‍റെ അരികിലേക്ക്‌ വരുമെന്ന്‌ ഞാന്‍ കരുതിയില്ല.എന്നെ കൊതിപ്പിച്ച അവളുടെ കണ്ണുകളിലെ തിളക്കം അസ്തമിച്ചിട്ടില്ല,ചുണ്ടുകളിലെ വശ്യത കൂടിയിട്ടേയുള്ളൂ, എന്നെ ഭ്രമിപ്പിച്ച ആ ചിരി അവള്‍ കരുതിവെച്ചിട്ടുണ്ടായിരുന്നു.ഒരു ചിരി ഞാന്‍ അവള്‍ക്ക്‌ നല്‍കാന്‍ കരുതിവെച്ചിട്ടുണ്ടായിരുന്നു,സമ്മാനിക്കാതിരിക്കാന്‍ തോന്നിയില്ല.

ഒരുപാട് നാളത്തെ നിശബ്ദത ഞാന്‍ തന്നെയാണ് ഭേദിച്ചത്.ഈയൊരൊറ്റ നിമിഷത്തിന് വേണ്ടി മാത്രം ആയിരുന്നു ഞാന്‍ ഏറെ നാളായി കൊതിച്ചിരുന്നത്‌.പക്ഷെ കാലങ്ങള്‍ക്ക് ശേഷമുള്ള ഈ കൂടികാഴ്ച്ച !! എങ്ങനെ എവിടെ എന്ത് പറഞ്ഞ് തുടങ്ങണം എന്ന് എനിക്ക് അപ്പോഴും ഇപ്പോഴും എപ്പോഴും ഒരു നിശ്ചയവും ഉണ്ടാവാറില്ല. ചിന്തയുടെ മേഘക്കീറുകള്‍ എവിടെ നിന്നെല്ലാമോ പറന്നു വന്നു. ഞാന്‍ മനസിനെ ചരടിട്ടു നിര്‍ത്താന്‍ ആഗ്രഹിച്ചു.

അവള്‍ പണ്ട് ഒരറ്റവാക്കിലായിരുന്നു എനിക്ക് മറുപടി തന്നത്, പക്ഷെ ഇന്ന് അവളോട്‌ വെളിപ്പെടുത്താന്‍ എനിക്കൊരുപാട് വാക്കുകള്‍ വേണ്ടിവന്നു. മൃദു മന്ദസ്മിതയായ ആ പെണ്‍കുട്ടി എന്റെ സ്വപ്നങ്ങളില്‍ വരുമായിരുന്നു.സ്വപ്നങ്ങളെ ഞാന്‍ ഇന്നും പ്രണയിക്കുന്നു. കൂടുതല്‍ സമയവും അവളെ എനിക്ക് തന്നത് സ്വപ്നങ്ങള്‍ ആണ്. “നിന്നെ പ്രണയിക്കാന്‍ വേണ്ടി മാത്രം ഞാന്‍ തുടങ്ങിയ എന്‍റെ ദിനങ്ങള്‍ ,നിന്നെ ഹൃദയത്തോട്‌ ചേര്‍ത്തുവെച്ച്‌ ഉറങ്ങാതെ വെളുപ്പിച്ച രാത്രികള്‍ ,നിന്നെക്കുറിച്ചെഴുതിയ വരികള്‍ ,വരച്ചുവെച്ച സ്വപ്നങ്ങള്‍ , ഒന്നും ഞാന്‍ എന്‍റെ ഓര്‍മ്മകളില്‍ നിന്ന്‌ മായ്ച്ചിട്ടില്ല, ഒരിക്കലെങ്കിലും അവളോടു പറയാൻ ഞാൻ സൂക്ഷിച്ച കുറെ ഓർമകൾ.!! .ഓർമകൾ.എന്റെ ആത്മാവിന്റെ തേങ്ങലുകളായിരുന്നു..

പിരിയുന്ന ഈ ശോകമൂകമായ വേളയില്‍ എനിക്ക് പറയാന്‍ ഉള്ളത് :- ….നല്ലതല്ലെങ്കിലും കുറച്ച് ഓര്‍മ്മകള്‍ ഉണ്ട് , ആ ഓർമകൾ ഞാൻ എടുക്കുകയാണ്‌..എനിക്ക്‌ അതു മാത്രം മതി.

“ദേഷ്യം തോന്നുണ്ടോ ?”ആ നെഞ്ചു വിങ്ങുന്നത് ഞാന്‍ അറിഞ്ഞു.
“നീ തിരിച്ചറിയാതെ പോയ എന്‍റെ പ്രണയം തന്നെയാണ് നിന്നോടുള്ള എന്‍റെ ഏറ്റവും വലിയ വികാരം”

ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍ ഇരു ഹൃദയങ്ങളും തേങ്ങുന്നത് എനിക്ക് നന്നായി കേള്‍ക്കാമായിരുന്നു…..:)

നനുത്ത മണലില്‍ ഒരു ഈര്‍ക്കില്‍ തുമ്പ് കൊണ്ട് അവ്യക്തായ ചിത്രങ്ങള്‍ വരയ്ക്കുകയും വരച്ചു തീരുന്നതിന് മുന്‍പ് അവ മായ്ച്ച് കളയുകയും ചെയ്തുകൊണ്ടിരിക്കുന്ന ആ പെണ്‍കുട്ടിയുടെ ഉള്ളിന്റെ ഉള്ളില്‍ ഇപ്പോഴെന്താവും ഉണ്ടാവുക ??
-പ്രണയം നിശബ്ദമാണ് ,പങ്കുവെക്കാന്‍ വാക്കുകളോ ,സ്വപ്നങ്ങളോ ,നിമിഷങ്ങളോ ഇല്ലാതെ തന്നെ വാചാലമാകുന്ന നിശബ്ദത. !!

Label :- അവസാനത്തെ പോസ്റ്റ്‌ ഫ്രം മൈ ആദ്യത്തെ ഓഫീസ് ..!


—ശുഭം–